ഗ്യാസ് ട്രബിളും വയറുകമ്പനവും എളുപ്പത്തിൽ ഒഴിവാക്കാം; അടുക്കളയിലുണ്ട് ഈ കേമൻ
Mail This Article
എണ്ണയും മസാലയും അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചിലരുടെയെങ്കിലും വയറിനെ ദോഷകരമായി ബാധിക്കാറുണ്ട്. അതുപോലെ തന്നെ ചിലപ്പോൾ റസ്റ്ററന്റിലെ ഭക്ഷണങ്ങളും വയറിനു പ്രശ്നമുണ്ടാക്കും. ഗ്യാസ് ട്രബിൾ, വയറുകമ്പനം പോലുള്ളവ വരുമ്പോൾ മറന്നു പോകുന്നതും എന്നാൽ ഏറെ ഉപകാരപ്രദവുമായ ഒന്ന് അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? ജീരകം. ദഹനത്തിന് സഹായിക്കുന്നു എന്ന് മാത്രമല്ല, വയറിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകാൻ ജീരകത്തിനു കഴിയും.
* തലേദിവസം രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ടുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങൾ മൂലം വയറിനുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും രക്ഷനേടാൻ ഈ വെള്ളം സഹായിക്കും. ദിവസവും ഇതാവർത്തിക്കുന്നത് വയറിനു ഏറെ സുഖം പകരും.
* ഒരു ദിവസം ആരംഭിക്കുന്നത് ജീരക ചായയിൽ നിന്നുമായാലോ? ഒരു കപ്പ് വെള്ളത്തിലേക്ക് അര ടീസ്പൂൺ ജീരകമിട്ടു തിളപ്പിച്ചതിനു ശേഷം അരിച്ചെടുത്തു ചെറുചൂടോടെ കുടിക്കാവുന്നതാണ്. വയറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമായ പരിഹാര മാർഗമാണിത്.
* ജീരകം വറുത്തതിനു ശേഷം നല്ലതുപോലെ പൊടിച്ച് വെയ്ക്കാം. അതിൽ നിന്നും അര ടീസ്പൂൺ ജീരകപ്പൊടി ചെറുചൂട് വെള്ളത്തിലിട്ടു നന്നായി മിക്സ് ചെയ്തതിനു ശേഷം കുടിക്കാവുന്നതാണ്. വയറിനെ ശുദ്ധമാക്കാൻ മാത്രമല്ല, ദഹനം സുഗമമാക്കുകയും ചെയ്യും. ഇത്തരത്തിൽ അല്ലാതെ മറ്റു വിഭവങ്ങൾ തയാറാക്കുമ്പോഴും ജീരകം പൊടിച്ചത് ചേർക്കാവുന്നതാണ്. കുടലിന്റെ ആരോഗ്യത്തിനു അത്യുത്തമാണിത്.
ജീരകത്തിന്റെ ഗുണങ്ങൾ
* ജീരകത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകാൻ അടുക്കളയിലെ ഈ രുചികൂട്ടിനു കഴിയും.
* ജീരകത്തിലടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കും.
* ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ജീരകം മികച്ചൊരുപാധിയാണ്. ഇതിൽ ധാരാളം ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
* വിഭവങ്ങൾക്ക് ഏറെ വ്യത്യസ്തമായ മണവും രുചിയും അതിനൊപ്പം തന്നെ ഗുണവും നൽകാൻ ജീരകത്തിനു കഴിയും.
ജീരകം പ്രധാന ചേരുവയായി ചേർത്ത് റൈസ് തയാറാക്കി നോക്കാം.
ചേരുവകൾ
ബട്ടർ - ഒരു ടേബിൾ സ്പൂൺ
ജീരകം - രണ്ടു ടീസ്പൂൺ
ബസ്മതി റൈസ് - ഒന്നര കപ്പ്
വെളുത്തുള്ളി - ഒന്നോ രണ്ടോ എണ്ണം
ഉപ്പ് - അര ടീസ്പൂൺ
വെള്ളം - മൂന്ന് കപ്പ്
തയാറാക്കുന്ന വിധം
അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ ബട്ടർ ചേർത്ത് ചൂടായി കഴിയുമ്പോൾ ജീരകം കൂടിയിട്ടു കൊടുക്കാം. ചെറുതീയിൽ ഒരു മിനിട്ടു മുതൽ രണ്ടു മിനിട്ടു വരെ വറുത്തെടുക്കാം. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന അരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിട്ട് നേരം നന്നായി ഇളക്കിയതിനു ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഉപ്പും വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്യാം. തീ കൂട്ടി വെച്ച് വെള്ളം തിളയ്ക്കുന്നതു വരെ പാത്രം അടച്ചു വെയ്ക്കണം. അരി തിളച്ചതിനു ശേഷം തീ കുറയ്ക്കാം. പതിനഞ്ചു മിനിട്ട് ചെറു തീയിൽ വെച്ച് അരി വേവിച്ചെടുക്കണം. തീ അണച്ച്, പത്ത് മിനിട്ട് കഴിഞ്ഞു മാത്രം പാത്രത്തിന്റെ അടപ്പ് തുറക്കാം. വെള്ളം പൂർണമായും വറ്റി, ചോറ് പാകമായതായി കാണാം. രുചികരമായ ജീരക റൈസ് തയാറായി കഴിഞ്ഞു.