60 ലക്ഷത്തോളം ഓര്‍ഡര്‍! ഇക്കുറി ഇഫ്താറിന് സൂപ്പർഹിറ്റായി ഈ വിഭവം
Mail This Article
രുചികളുടെ ഉത്സവമാണ് ഈദ്. റമസാന്‍ മാസം പകല്‍ മുഴുവന്‍ ഉപവാസമിരുന്ന ശേഷം, വൈകുന്നേരങ്ങളില്‍ നോമ്പ് തുറക്കുമ്പോള്‍ വിഭവസമൃദ്ധമായ ഭക്ഷണം മുന്നില്‍ നിരക്കും. ജോലിക്ക് പോകുന്നവർ പലരും ഭക്ഷണം പുറത്തുനിന്നു വാങ്ങും. ഇക്കുറി ഇഫ്താറിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?
കഴിഞ്ഞ റമസാൻ മാസത്തിൽ ഏറ്റവും ജനപ്രിയമായ ചില ഇഫ്താർ വിഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സ്വിഗ്ഗി പുറത്തുവിട്ടു. മാർച്ച് 12 മുതൽ ഏപ്രിൽ 8 വരെ സ്വിഗ്ഗിയിൽ ലഭിച്ച ഓർഡറുകളുടെ അടിസ്ഥാനത്തിലാണ് ഇത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 60 ലക്ഷം ബിരിയാണിയാണ് സ്വിഗി വഴി ഓർഡർ ചെയ്തത്. സാധാരണ മാസങ്ങളെ അപേക്ഷിച്ച് 15% വർധനയുണ്ട്. ഏറ്റവും കൂടുതല്‍ തുക മുടക്കിയത് ഹൈദരാബാദാണ്. 10 ലക്ഷത്തിലധികം ബിരിയാണിയും 5.3 ലക്ഷം പ്ലേറ്റ് ഹലീമുമാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.
ഓര്‍ഡര്‍ ചെയ്യുന്ന സമയത്തിലുമുണ്ട് പ്രത്യേകത. വൈകിട്ട് 5:30 നും 7 നും ഇടയിൽ ഓർഡറുകളിൽ 34% വർധന കണ്ടു. രാജ്യവ്യാപകമായി, ഈ സമയത്ത് ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണി, മട്ടൺ ഹലീം, സമൂസ, ഫലൂദ, ഖീർ എന്നിവയായിരുന്നു.
ഇവ കൂടാതെ, പരമ്പരാഗത പലഹാരങ്ങളുടെ ഓര്‍ഡറുകള്‍ക്കും ഗണ്യമായ വര്‍ധനവുണ്ടായി. ഹലീമിന് 1455 ശതമാനവും ഫിർനിക്ക് 81 ശതമാനവും മാൽപുവയ്ക്ക് 79 ശതമാനവും ഓര്‍ഡറുകള്‍ വർധിച്ചു. മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, ഭോപ്പാൽ, മീററ്റ് എന്നിവിടങ്ങളിൽ ഇഫ്താർ മധുരപലഹാരങ്ങളുടെ ഓർഡറുകളിൽ ശ്രദ്ധേയമായ വർധനയുണ്ടായതായി റിപ്പോർട്ട് പറയുന്നു.