ചിക്കൻ പഴകിയതാണോ? പെട്ടെന്ന് തിരിച്ചറിയാൻ എളുപ്പ വഴികളുണ്ട്!
Mail This Article
മാംസാഹാര പ്രിയരിൽ ഏറെ പേർക്കും ഇഷ്ടമുള്ള ഒന്നാണ് ചിക്കൻ. വറുത്തും കറിവച്ചും റോസ്റ്റ് ചെയ്തുമൊക്കെ പല തരത്തിലുള്ള വിഭവങ്ങൾ ചിക്കൻ ഉപയോഗിച്ച് തയാറാക്കാറുണ്ട്. ഇറച്ചി നല്ല ഫ്രഷാണെങ്കില്‍ കറികൾക്കും രുചിയേറും. കടയിൽ നിന്നും വാങ്ങുന്ന കോഴിയിറച്ചി പഴകിയതാണോ ഫ്രഷ് ആണോ എന്ന് തിരിച്ചറിയുന്നതിനായി ചില എളുപ്പ വഴികളുണ്ട്. എന്താണെന്നു നോക്കാം.
ചിക്കൻ ഫ്രഷ് ആണെങ്കിൽ പിങ്ക് നിറത്തിലായിരിക്കും കാണപ്പെടുക. മാത്രമല്ല, മാംസത്തിനു നല്ല ഉറപ്പുമുണ്ടായിരിക്കും. ചാര നിറത്തിൽ, വഴുവഴുപ്പോടെയാണ് മാംസമാണെങ്കിൽ ഉപയോഗിക്കാതെ ഒഴിവാക്കുക തന്നെ വേണം. മാത്രമല്ല, അസുഖകരമായ ഗന്ധവും മാംസം ചീത്തയായതിന്റെ ലക്ഷണമാണ്.
മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ ചിക്കൻ വാങ്ങുമ്പോൾ മാംസത്തിന്റെ ഗന്ധത്തിനു വ്യത്യാസം വല്ലതുമുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. രൂക്ഷ ഗന്ധമാണ് പുറത്തേക്കു വരുന്നതെങ്കിൽ ആ മാംസം പാകം ചെയ്യാതെ ഉപേക്ഷിക്കുക തന്നെ വേണം.
ചിക്കൻ നന്നായി ഉയർന്ന ചൂടിൽ പാകം ചെയ്തു കഴിക്കണം. എങ്കിൽ മാത്രമേ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ നശിച്ചു പോകുകയുള്ളൂ. ഒരു മീറ്റ് തെർമോമീറ്റർ ഉപയോഗിച്ച് ചൂടിന്റെ അളവ് പരിശോധിച്ച് നോക്കാവുന്നതാണ്. കുറഞ്ഞത് 74 ഡിഗ്രി സെൽഷ്യസ് എങ്കിലും ചൂട് ആവശ്യമുണ്ട്. പൂർണമായും വേവാത്ത മാംസം കഴിക്കാതിരിക്കുക.