ആ ചീത്തപ്പേര് ഇനി വേണ്ട, സ്വര്‍ണവും വെള്ളിയും പൊതിഞ്ഞ ലക്ഷ്വറി പാനിപൂരി; ഇത് ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതോ?
Mail This Article
എല്ലാ കാലത്തും റോഡരികുകളില്‍ സുലഭമായി കിട്ടുന്ന ഭക്ഷണമാണ് പാനി പൂരി. പത്തോ ഇരുപതോ രൂപ കൊടുത്താല്‍ ഒരു പ്ലേറ്റ് കിട്ടുന്ന 'എളിമയുള്ള' ഈ വിഭവത്തിന് ആരാധകര്‍ ലോകമെങ്ങുമുണ്ട്. വായിലിടുമ്പോള്‍ പൊടിയുന്ന പപ്പടത്തിന്‍റെ കറുമുറുവും ഒപ്പം പരക്കുന്ന എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന രസകരമായ സ്വാദുമെല്ലാം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്.
രുചിയൊക്കെ കൊള്ളാമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ പാനിപൂരി എന്നും സംശയത്തിന്‍റെ നിഴലില്‍ തന്നെയായിരുന്നു, ടോയ്‌ലറ്റിലെ വെള്ളം വരെ എടുത്ത് പാനിപൂരി ഉണ്ടാക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഈ ചീത്തപ്പേര് മാറ്റാന്‍, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പാനിപൂരി എന്ന പേരില്‍ ഇത് വിളമ്പുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഷറീറ്റ് എന്ന പാനിപൂരി ഔട്ട്‌ലറ്റ്. മാത്രമല്ല, ഇത് സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഫോയിലുകള്‍ കൊണ്ട് പൊതിഞ്ഞിട്ടുമുണ്ട്.
ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേർത്താണ് പുതിയ പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടർന്ന് ധാരാളം തേനും ചേർക്കുന്നു. പിന്നീട് ആറ് ചെറിയ ഗ്ലാസുകളിൽ തണ്ടായി വിളമ്പുന്നു, ഓരോ പൂരിയും ശ്രദ്ധാപൂർവ്വം സ്വർണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. ശുദ്ധമായതും, അപ്പപ്പോള്‍ വറുത്ത പാനി പൂരി വിളമ്പുന്നതുമായ ഒരേയൊരു കച്ചവടക്കാര്‍ തങ്ങള്‍ ആണെന്ന് ഷറീറ്റ് അവകാശപ്പെടുന്നു.
എന്തൊക്കെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചാലും, പരമ്പരാഗതമായി ഉണ്ടാക്കുന്ന പാനിപൂരിയോളം വരില്ല ഒന്നും എന്ന് ഒട്ടേറെ ആളുകള്‍ ഈ വിഡിയോക്കടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനെ 'ബാപ്പി ലാഹിരി പാനിപൂരി' എന്ന് വിളിക്കണം എന്ന രീതിയില്‍ തമാശരൂപേണയുള്ള കമന്‍റുമുണ്ട്.
അഹമ്മദാബാദിലെ ഇസ്‌കോൺ മെഗാ മാളിലുള്ള റിലയന്‍സ് മാര്‍ട്ടിലെ ഔട്ട്‌ലറ്റില്‍ നിന്നാണ് ഈ വിഡിയോ എടുത്തത്. കൂടാതെ ബെംഗലൂരുവിലെ തിരുമേനഹള്ളിയിലും ഇവര്‍ക്ക് ഔട്ട്‌ലറ്റ് ഉണ്ട്.