ഇത് ചൂടുകാലത്ത് മാത്രം കഴിക്കാനുള്ള ബിരിയാണിയോ? ഇന്റര്‍നെറ്റിലെ പുതിയ വൈറല്‍ വിഭവം!
Mail This Article
ഏറ്റവും കൂടുതല്‍ ആളുകള്‍ പരീക്ഷണം നടത്തിയ ഒരു വിഭവമാണ് ബിരിയാണി. ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും മുതല്‍ ചക്ക ബിരിയാണി വരെ നമ്മള്‍ കണ്ടു കഴിഞ്ഞു. ഇടയ്ക്ക് ചോക്ലേറ്റ് ബിരിയാണി, സ്ട്രോബെറി ബിരിയാണി എന്നിവയും ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് ഐസ് ആപ്പിൾ ബിരിയാണി! ഹൈദരാബാദിലാണ് ഈ സ്പെഷല്‍ വിഭവം ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഹൈദരാബാദിലെ ഹൈടെക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററൻ്റ് ആണ് സമ്മര്‍ സ്പെഷല്‍ വിഭവമായി അവരുടെ മെനുവിൽ ഐസ് ആപ്പിൾ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിൾ കറിയും പുലാവുമുണ്ട്.
ഇന്‍സ്റ്റഗ്രാമിലെ 'hyderabadbucketlist' എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്‍റുകള്‍ സൂചിപ്പിക്കുന്നത്.
ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.
പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി വലിയ ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനനൊങ്ക്. മധുരമുള്ളതും സ്വാദിഷ്ടവും മാംസളമായതും സുതാര്യവുമായ കാമ്പുള്ള പനനൊങ്ക്, കേരളത്തിലെയും തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ചില പ്രദേശങ്ങളിലും കിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. മനോഹരമായ സുതാര്യമായ മഞ്ഞകലർന്ന പഴം ചതുരാകൃതിയാണ്.