ADVERTISEMENT

ജീവിതകാലം മുഴുവന്‍ ഒരേ ഭക്ഷണം കഴിച്ച് ജീവിക്കാനാകുമോ? ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത്തരമൊരു സംഭവമാണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ താമസിക്കുന്ന ആനി ഓസ്‌ബോൺ എന്ന സ്ത്രീ ഏകദേശം അഞ്ച് ആഴ്ച ഓറഞ്ച് ജൂസ് മാത്രം കഴിച്ചു ജീവിച്ചതിന്‍റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. 

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂടുതലും പഴങ്ങള്‍ മാത്രം കഴിക്കുന്ന ജീവിതശൈലിയെക്കുറിച്ചാണ് ആനി വിഡിയോ ചെയ്യുന്നത്. നാല്‍പ്പതു ദിവസമായി താന്‍ ഓറഞ്ച് ജൂസ് മാത്രം കഴിച്ചാണ് ജീവിച്ചതെന്നും, ഇത്രയും ആരോഗ്യവതിയായി മുന്‍പൊരിക്കലും തനിക്ക് സ്വയം തോന്നിയിട്ടില്ലെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. തന്‍റെ കൂടെ എപ്പോഴും ഒരു ജൂസര്‍ കൊണ്ടുപോകാറുണ്ട് എന്ന് ആനി പറയുന്നു. ഒരു ദിവസം 1-1.5 ലിറ്റർ ഓറഞ്ച് ജൂസ് കുടിക്കും.

ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ഓറഞ്ച് ആരോഗ്യഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച് ജൂസ്. വിറ്റാമിൻ സിക്ക് പുറമേ, ഓറഞ്ച് ജൂസിൽ മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു.

ഇത്രയേറെ ഗുണങ്ങളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് ഓറഞ്ച് ജൂസ് മാത്രം കഴിച്ചുകൊണ്ടുള്ള ഭക്ഷണക്രമം ആരോഗ്യത്തിന് നല്ലതല്ല. ദീർഘകാലത്തേക്ക് പഴങ്ങൾ മാത്രമുള്ള ഭക്ഷണക്രമം അവശ്യപോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഴങ്ങള്‍ പ്രകൃതിദത്തമായ പഞ്ചസാര, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്, എന്നാല്‍, ഇതുമാത്രം കഴിക്കുന്നത്  പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയ്ക്കും കാരണമാകും.

ഓറഞ്ച് അല്ലികൾ മാത്രം എടുത്തൊരു കളർ ഫുൾ ഡ്രിങ്ക് തയാറാക്കിയാലോ?

ചേരുവകൾ

1. ഓറഞ്ച് തോൽ കളഞ്ഞ് കുരുഇല്ലാതെ അല്ലികൾ മാത്രം എടുത്തത്- 200 ഗ്രാം.

2. കസ് കസ് കുതിർത്തത്- ഒരു സ്പൂൺ

3. ഐസ് ക്രിം-2 സ്ക്കൂപ്പ്

4.നാരങ്ങാനീര് - 10 മില്ലി

5. പഞ്ചസാര-75 ഗ്രാം.

6. ഐസ് ക്യൂബ്- 4 എണ്ണം.

ഒന്നാമത്തെ ചേരുവയും പഞ്ചസാരയും ചേർത്ത് മിക്സിയിൽ ജൂസ് എടുക്കുക. ഒരു ഗ്ലാസിൽ ഐസ് ക്യൂബ് ഇട്ട്, മിക്സിയിലുള്ള ജൂസും,2,3 ,4ചേരുവകളും ചേർത്ത് ഉപയോഗിക്കുക.

English Summary:

Can You Survive On Just Orange Juice? One Woman's 40-Day Experiment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com