ശരീരം മെലിയാൻ സൂപ്പറാണ്, ചിയാസീഡ് എങ്ങനെയാണ് കഴിക്കേണ്ടത്!
Mail This Article
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഭൂരിപക്ഷം പേരുടെയും ഡയറ്റിൽ ഉൾപ്പെടുന്ന ഒന്നാണ് ചിയ വിത്തുകൾ. സ്മൂത്തികൾ തയാറാക്കുമ്പോൾ, പുഡിങ്ങുകളിൽ, ബേക്ക് ചെയ്‌തെടുക്കുന്ന വിഭവങ്ങളിൽ എന്നുവേണ്ട വേനൽ ചൂടിനെ ശമിപ്പിക്കാനായി തയാറാക്കുന്ന ജൂസുകളിൽ വരെ ഈ വിത്തുകൾ കൂടി ചേർക്കാവുന്നതാണ്. ആരോഗ്യകരമായ വിഭവങ്ങൾ തയാറാക്കുമ്പോൾ അതിൽ എങ്ങനെ ചിയ വിത്തുകൾ കൂടി ഉൾപ്പെടുത്താമെന്നു നോക്കാം.
ചിയ വിത്തുകളുടെ പ്രധാന പ്രത്യേകത, അവ വെള്ളത്തിലിട്ടാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവയുടെ വലുപ്പം പത്തു മുതൽ പന്ത്രണ്ട് ഇരട്ടിവരെ വർധിക്കുമെന്നതാണ്. ഇവ കഴിക്കുന്നത് വഴി ജലാംശത്തെ കൂടുതൽ ആഗിരണം ചെയ്യുകയും ആമാശയത്തിൽ വച്ച് ഒരു ജെൽ പോലെ പോലുള്ള പദാർത്ഥമായി മാറുകയും ചെയ്യുന്നു. വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ മന്ദഗതിയിലാക്കാൻ ഈ ജെല്ലിനു കഴിയുന്നു. സ്വാഭാവികമായും ശരീരത്തിൽ ഏറെ സമയം ജലാംശം നിലനിൽക്കുന്നു. മാത്രമല്ല, ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ഫ്ലൂയിഡ് തുലനാവസ്ഥയിൽ നിർത്തുന്നതിനും സഹായിക്കുന്നു.
*ചിയ ഫ്രസ്ക
ചിയ വിത്ത് - ഒരു ടേബിൾ സ്പൂൺ
വെള്ളം - ഒരു കപ്പ്
ചെറുനാരങ്ങാ നീര് - ഒരു ടേബിൾ സ്പൂൺ
തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തിലേക്ക് ചിയ വിത്തുകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനൊപ്പം തന്നെ ചെറുനാരങ്ങാ നീരും തേനോ മേപ്പിൾ സിറപ്പോ കൂടി ചേർക്കാവുന്നതാണ്. ഇനി പത്തുമിനിട്ട് മാറ്റിവെക്കാം. ചിയ വിത്തുകൾ നന്നായി കുതിർന്നു വീർത്തതിന് ശേഷം മാത്രം കുടിക്കാം.
*ഫ്രൂട്ട് - ചിയ വാട്ടർ
ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ
വെള്ളം - ഒരു കപ്പ്
സ്ട്രോബെറി, ഓറഞ്ച്, കുക്കുമ്പർ എന്നിവ ഓരോന്നും - ഒരു കൈനിറയെ
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ മിക്സ് ചെയ്തതിനു ശേഷം ഇഷ്ടമുള്ള പഴങ്ങൾ അരിഞ്ഞു ചേർക്കാവുന്നതാണ്. കുറച്ച് മണിക്കൂർ ഫ്രിജിലോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനുമോ വെച്ചതിനു ശേഷം കഴിക്കാം.
* തേങ്ങ - ചിയ വാട്ടർ
ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ
തേങ്ങാവെള്ളം - ഒരു കപ്പ്
തയാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങാവെള്ളത്തിലേക്കു മേല്പറഞ്ഞ അളവിലുള്ള ചിയ വിത്തുകൾ ചേർത്തിളക്കാം. ഇനി പത്തു മിനിട്ടുനേരം ഈ വെളളം മാറ്റി വയ്ക്കാവുന്നതാണ്. ശേഷം കുടിക്കാം.
* ഐസ്ഡ് ഗ്രീൻ ടീ ചിയ
ഗ്രീൻ ടീ - ഒരു കപ്പ്
ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ
തേൻ - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
കപ്പ് ചായ തയാറാക്കി, അരിച്ചു മാറ്റി, തണുപ്പിച്ചതിനു ശേഷം അതിലേക്കു ഒരു ടേബിൾ സ്പൂൺ ചിയാവിത്തുകളും തേനും ചേർത്ത് കൊടുക്കാം. തണുപ്പിനായി ഐസ് ക്യൂബുകൾ കൂടി ചേർത്തതിനു ശേഷം ഉപയോഗിക്കാം.
* ചിയ സീഡ് സ്മൂത്തി
ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ
യോഗർട്ട് - ഒരു കപ്പ്
പലതരത്തിലുള്ള പഴങ്ങൾ - ഒരു കപ്പ്
പാൽ - ഒരു കപ്പ്
തയാറാക്കുന്ന വിധം
ചിയ വിത്തുകളും പഴങ്ങളും നന്നായി ബ്ലെൻഡ് ചെയ്തതിലേക്കു യോഗർട്ടും പാലും കൂടി ചേർത്ത് കൊടുത്തു ഒരിക്കൽ കൂടി അടിച്ചതിനു ശേഷം കഴിക്കാം.
കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും ഗുണത്തിൽ ഏറെ മുൻപൻ
* ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ.
* ഒരു ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഈ വിത്തുകളിലുണ്ട്.
* ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാൻ സഹായിക്കും.
* അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും വിശപ്പിനെ ശമിപ്പിക്കാനുമുള്ള ശേഷി ചിയ വിത്തുകൾക്കുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കിതു ശീലമാക്കാവുന്നതാണ്.