ജൂസ് എപ്പോൾ കുടിക്കണം? പഴങ്ങൾ മാത്രമല്ല, സെലറിയും സൂപ്പറാണ്
Mail This Article
വേനൽക്കാലമാണ്. ശരീരം തണുപ്പിക്കാൻ ജൂസുകളെ കൂടുതലായി ആശ്രയിക്കുന്ന കാലം. ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ജാഗരൂകരായവർക്കു ജൂസുകൾ വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. അത്തരത്തിൽ ശരീരത്തെ തണുപ്പിക്കാൻ പരീക്ഷിക്കാവുന്ന ഒന്നാണ് സെലറി ജ്യൂസ്. ധാരാളം പോഷകങ്ങൾ സെലറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകളായ ഫ്ലാവോനോയ്ഡ്സ്, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത്തിനും ദഹനം സുഗമമാക്കുന്നതിനും ശരീരത്തിനാകമാനം പുത്തനുണർവ് നൽകുന്നതിനും ഈ ജൂസ് ശീലമാക്കാം.
ജൂസ് തയാറാക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ..
* ജൂസിന് വേണ്ടി തിരഞ്ഞെടുക്കുന്ന സെലറി എപ്പോഴും ഫ്രഷ് ആയിരിക്കാൻ ശ്രദ്ധിക്കണം. കീടനാശികളോ രാസവളങ്ങളോ ചേരാത്ത ഓർഗാനിക് സെലറി ലഭിക്കുമെങ്കിൽ അതാണുത്തമം.
* അഴുക്കുകൾ നീക്കം ചെയ്യാനായി വൃത്തിയായി കഴുകാവുന്നതാണ്. ഒരു ബ്രഷ് ഉപയോഗിച്ച് കാണ്ഡത്തിലുള്ള അഴുക്കുകൾ നീക്കം ചെയ്യാവുന്നതാണ്.
* ഇലകളുള്ള മുകൾ ഭാഗവും താഴ്ഭാഗവും മുറിച്ച് മാറ്റാം. കേടുപാടുകൾ ഉണ്ടെങ്കിൽ അവയും എടുക്കരുത്.
* സെലറിയുടെ തണ്ടാണ് ജൂസ് തയാറാക്കാനായി ഉപയോഗിക്കുന്നത്. ഇവ ചെറിയ കഷ്ണങ്ങളായി മുറിച്ചു വെയ്ക്കുന്നത് ജൂസ് ഉണ്ടാക്കുന്ന പ്രക്രിയയെ എളുപ്പമാക്കും.
* ജൂസ് തയാറാക്കിയ ഉടൻ തന്നെ കഴിക്കണം. കുറച്ച് സമയം ഫ്രിജിൽ വച്ച് തണുപ്പിക്കണമെന്നുള്ളവർക്കു അങ്ങനെ ചെയ്യാവുന്നതാണ്. എങ്കിലും ഒരു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം.
ജൂസുകൾ എങ്ങനെ തയാറാക്കാം?
* ഗ്രീൻ സിട്രസ് റിഫ്രഷർ
സെലറി തണ്ടുകൾ - നാലെണ്ണം
കുക്കുമ്പർ - ഒന്ന്
ഗ്രീൻ ആപ്പിൾ - ഒന്ന്
ചെറുനാരങ്ങ - അര മുറി ( തൊലി കളഞ്ഞത് )
തയാറാക്കുന്ന വിധം
മേല്പറഞ്ഞ ചേരുവകൾ എല്ലാം നന്നായി കഴുകിയതിനു ശേഷം ഒരു ജൂസറിലേക്കു ഇട്ടു കൊടുത്ത് നന്നായി അടിച്ചെടുക്കാം. ഇനി ഒരു ഗ്ലാസ്സിലേക്കു മാറ്റി വേണമെങ്കിൽ മാത്രം ഐസ് ക്യൂബുകൾ കൂടി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം കുടിക്കാവുന്നതാണ്.
* ജിഞ്ചർ സിൻഗ്
സെലറി തണ്ടുകൾ - അഞ്ചെണ്ണം
ഇഞ്ചി - ഒരു ഇഞ്ച് നീളത്തിൽ തൊലി കളഞ്ഞു മുറിച്ചെടുക്കുക
ഗ്രീൻ ആപ്പിൾ - ഒരെണ്ണം
കുക്കുമ്പർ - ഒരെണ്ണത്തിന്റെ പകുതി
തയാറാക്കുന്ന വിധം
മേല്പറഞ്ഞ ചേരുവകളെല്ലാം ഒരു ജൂസറിലോ മിക്സിയുടെ ജാറിലോയിട്ട് അടിച്ചെടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഗ്ലാസ്സിലേക്കു പകർന്നു വട്ടത്തിൽ കനം കുറച്ച് മുറിച്ചെടുത്ത കുക്കുമ്പറും പുതിനയിലയും വെച്ച് അലങ്കരിച്ചതിനു ശേഷം കുടിക്കാം.
* ട്രോപിക്കൽ ബ്ലിസ്
സെലറി തണ്ടുകൾ - നാലെണ്ണം
പൈനാപ്പിൾ - ചെറിയ കഷ്ണങ്ങളായി മുറിച്ചത് - ഒരു കപ്പ്
ചെറുനാരങ്ങ - അര മുറി ( തൊലി കളഞ്ഞത് )
പുതിനയില - ഒരു കൈപിടി നിറയെ
തയാറാക്കുന്ന വിധം
സെലറി തണ്ടുകൾ, പൈനാപ്പിൾ, ചെറുനാരങ്ങ, പുതിനയില എന്നിവ നന്നായി കഴുകിയതിനു ശേഷം ഒരു ജ്യൂസറിലേക്ക് മാറ്റി അടിച്ചെടുക്കാം. ഇനി ഗ്ലാസ്സിലേക്കു മാറ്റി ഒരു പുതിനയില കൂടി വെച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.
ജൂസ് എപ്പോൾ കുടിക്കണം?
* ദിവസവും രാവിലെ വെറും വയറ്റിൽ ജൂസ് കുടിക്കാവുന്നതാണ്. ജ്യൂസിലെ പോഷകങ്ങളെ ശരീരത്തിന് വളരെ പെട്ടെന്ന് ആഗിരണം ചെയ്യാനിതു വഴി കഴിയും.
* ആദ്യത്തെ തവണ ജൂസ് തയാറാക്കി കഴിക്കുമ്പോൾ കുറഞ്ഞ അളവ് മാത്രം കുടിക്കുക. ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നറിഞ്ഞതിനു ശേഷം മാത്രം ശീലമാക്കാവുന്നതാണ്.
* പ്രധാന ഭക്ഷണം കഴിക്കുന്നതിനു 15 മുതൽ 30 മിനിട്ട് മുൻപ് ജൂസ് കഴിക്കുന്നതാണ് ഉത്തമം.