മാമ്പഴത്തിന്റെ തൊലി കളയണ്ട, സൂപ്പർ ചായ ഉണ്ടാക്കാം
Mail This Article
മാമ്പഴക്കാലമാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. രുചികരമായ മാമ്പഴ പുളിശ്ശേരിയും ചക്കക്കുരു മാങ്ങാക്കറിയുമെന്നു വേണ്ട മിക്ക വിഭവങ്ങളിലും മാങ്ങയുടെയോ മാമ്പഴത്തിന്റെയോ സ്വാദ് നിറച്ചാണ് ഇപ്പോൾ നമ്മുടെ അടുക്കളയിലെ പാചകം. കൂട്ടത്തിൽ ചക്കയുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും ചിലർക്കു മാമ്പഴത്തോട് ഒരല്പം പ്രിയം കൂടും. മാമ്പഴം കഴിക്കുമ്പോൾ പലരും ഒഴിവാക്കുന്ന ഒന്നാണ് അതിന്റെ മുകൾഭാഗത്തുള്ള തൊലി. എന്നാൽ ഏറെ വ്യത്യസ്തമായ ഒരു രുചിയിൽ, മാമ്പഴത്തിന്റെ ഗന്ധവും സ്വാദും നൽകുന്ന ഒരു ചായ തയാറാക്കിയാലോ?
വളരെ എളുപ്പത്തിലൊരു ചായ
മാമ്പഴത്തിന്റെ തൊലി വെള്ളത്തിലിട്ടു അൽപനേരം തിളപ്പിച്ചതിനു ശേഷം മധുരത്തിനായി തേനും ചേർക്കാം. മാമ്പഴ തൊലി കൊണ്ടുള്ള ചായ തയാറായി കഴിഞ്ഞു. ഒരല്പം കയ്പ് രസമുണ്ടാകുമെങ്കിലും മാങ്ങയുടെ ഗന്ധം ചായയുടെ പ്രധാനാകർഷണമാണ്. എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം.
വെറുതെ കളയുന്ന മാങ്ങയുടെ തൊലിയിൽ പോഷകങ്ങൾ ധാരാളമുണ്ടെന്നു കേട്ടാലോ? അതെ...സത്യമാണ് ആന്റി ഓക്സിഡന്റുകളായ പോളിഫെനോൾസ്, ഫ്ളാവാനോയിഡുകൾ, വിറ്റാമിൻ സി എന്നിവയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നുവെന്നു മാത്രമല്ല, ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. മറ്റുള്ള മധുരം ചേർത്ത പാനീയങ്ങൾ പോലെയല്ലാതെ ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവാണ് ഈ ചായയിൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹ രോഗികൾക്കും ഈ ചായ കുടിക്കാവുന്നതാണ്. മാങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുള്ള മാങ്കിഫെറിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
മാങ്ങാത്തൊലി പൊടിച്ചും സൂക്ഷിക്കാം
മാങ്ങയുടെ തൊലികഴുകി ഉണക്കിയെടുക്കാം. നന്നായി ഉണങ്ങിയതിനു ശേഷം പൊടിച്ചെടുക്കാവുന്നതാണ്. വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ കുപ്പിയിലോ ആക്കി സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം ഈ പൊടി ഉപയോഗിച്ച് ചായ തയാറാക്കിയെടുക്കാം. ഏറെ നാളുകൾ കേടുകൂടാതെയിരിക്കും.