സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും സംഭവം ഹിറ്റ്; വിനീതിന് നന്ദി പറഞ്ഞ് ഷെഫ് പിള്ള
Mail This Article
നിറഞ്ഞ സദസിൽ വർഷങ്ങൾക്കു ശേഷം തകർത്തോടുമ്പോൾ സിനിമയിൽ മുഖം കാണിക്കാൻ പറ്റിയില്ലെങ്കിലും തന്റെ മേൽനോട്ടത്തിൽ തയാറാക്കി നൽകിയ ഒരു വിഭവം സിനിമയിൽ സ്റ്റാർ ആയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയങ്കരനായ ഷെഫ് സുരേഷ് പിള്ള. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്റെ ആവശ്യപ്രകാരമാണ് സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വിൽറ്റഡ് സ്പിനാച്ച്, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും എന്ന ഇറ്റാലിയൻ വിഭവം തയാറാക്കി നൽകിയത്. ചിത്രത്തിൽ നിവിൻ പോളിയുടെ മുമ്പിലേക്കാണ് വളരെ മനോഹരമായി അലങ്കരിച്ച ഈ വിഭവം എത്തുന്നത്. ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്ന കുഞ്ഞിന്റെ കൗതുകത്തോടെയാണ് സ്വന്തം കയ്യൊപ്പ് പതിഞ്ഞ വിഭവം സ്‌ക്രീനിൽ എത്തിയപ്പോൾ കണ്ടുകൊണ്ടിരുന്നതെന്നു ഷെഫ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച കുറിപ്പിൽ പറയുന്നു. എന്തായാലും ഷെഫിന്റെ വിഭവം സ്‌ക്രീനിലേക്കെടുത്ത വിനീത് ശ്രീനിവാസന് അടുത്ത ചിത്രത്തിൽ വേണമെങ്കിൽ നായകനാകാമെന്ന ഒരു 'ഓഫർ' കൊടുക്കാനും ഷെഫ് പിള്ള മറക്കുന്നില്ല.
ഷെഫ് സുരേഷ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം
ഒരു സ്‌ലോ റോസ്റ്റഡ് ലാംബ് ഷാങ് കഥ!
ഡിസംബർ മാസം… പുതിയ പ്രോജക്ടിൻ്റെ ചർച്ചകൾക്കായി ഞാൻ ദോഹയിലാണ്… തിരക്കെല്ലാം കഴിഞ്ഞ സായാഹ്നം ഒരു കാൾ… വിനീത് ശ്രീനിവാസനാണ്…! മലർവാടി ആർട്ട്സ് ക്ലബിലൂടെയും തട്ടത്തിൻ മറയത്തിലൂടെയും മലയാളികളുടെ മനം കവർന്ന നമ്മുടെ വിനീത് ശ്രീനിവാസൻ.
ഹലോ ഷെഫ് നമസ്കാരം…
ഹാലോ ബ്രോ പതിവ് പോലെ എന്റെ മറുപടി…
ഷെഫ് ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം. സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വിൽറ്റഡ് സ്പിനാച്ച്, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും!! ഇറ്റാലിയൻ വിഭവമാണ്.
കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം..ഇത്രയുമാണ് അദ്ദേഹത്തി്നറെ ആവശ്യം.
നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്, കൊണ്ടിനെന്റൽ ഡിഷ് ആണ്, പെട്ടന്ന് ലാംബ് ഷാങ് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു. തനി നാടനിൽ ഒരുക്കുന്ന ഫ്യൂഷൻ ആണല്ലോ നമ്മുടെ മാസ്റ്റർ പീസുകൾ എന്നോർത്തെങ്കിലും നമുക്ക് സെറ്റാക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു.
ഉടൻ തന്നെ കൊച്ചി ആർസിപിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടേക്കൊയോ വിളിച്ചു ആട്ടിൻ കാൽ കക്ഷി സംഘടിപ്പിച്ചു. ഇറ്റാലിയൻ തനിമ ചോരാതെ പിറ്റേന്ന് ഉച്ചക്ക് ഡിഷ് പാകം ചെയ്തു. ഷൂട്ടിംഗ് പൂർത്തിയാക്കി...രാത്രിയിൽ വിനിതിന്റെ മെസേജ്.. Thank You Chef
പതിവുപോലെ ഒരു ഹൃദയം ഇട്ട് റിപ്ലൈ കൊടുത്തു...
പിന്നിടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി.
ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അത് അവസാന നിമിഷം കാൻസലായി... കൂടെയുള്ള അർജുൻ പറഞ്ഞു ഒരു സിനിമ കണ്ടാലോ?
കൊച്ചിയിൻ താമസിക്കുന്ന വീട്ടിനടുത്തുള്ള ന്യൂക്ലിയ്സ് മാളിൽ 10 മണിയുടെ ഷോ കണാനായി വർഷങ്ങൾക്ക് ശേഷം ടിക്കറ്റ് എടുത്തു...! ടൈറ്റിൽ കാർഡ് സമയത്ത് ഫോണിൽ ഒരത്യാവശ്യ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു ദേ... താങ്ക്സ് പേജിൽ ഷെഫ് പിള്ള...
ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു. ധ്യാന്റെയും പ്രണവിന്റെയും രസകരമായ രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു...നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്...ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്ന കുരുന്നു മനസ്സിൻ്റെ കൗതുകത്തോടെ..
ദേ വരുന്നു നമ്മുടെ നിവിൻ പോളി...മാസ്സ് എൻട്രി... പോഷ് കാണിക്കാനായി ഒരു ഫൈൻ ഡൈനിങ് റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു... ഓർഡർ കൊടുക്കുന്നു, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ... സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ! നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച് കഴിക്കുന്നു...
സ്ലോ റോസ്റ്റ് ലാംബ് ഷാങ്സ്, മാഷ്ഡ് പൊട്ടറ്റോസ്, വിൽറ്റഡ് സ്പിനാച്ച്, റെഡ് വൈൻ ജൂസ്, മൈക്രോ ഗ്രീൻ റോസ്മേരിയും എഡിബിൾ ഫ്ലവർസ്.
പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ രുചിയുടെ ഭാഗമായതിൽ നിറഞ്ഞ സന്തോഷം !! താങ്ക് യൂ വിനിത് ബ്രോ.. അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്..
ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമണങ്കിലും എനിക്ക് വിരോധമില്ലേട്ടോ....