തായ്ലൻഡിൽ കിട്ടി ലക്ഷ്മി നക്ഷത്രയുടെ ആ ഇഷ്ട വിഭവം; ആരാധകരേറെയുള്ള ബബിള്‍ ടീ
Mail This Article
മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതമായ ഒരു മുഖമാണ് ലക്ഷ്മി നക്ഷത്രയുടേത്. സംഗീതം, നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായാണ് ലക്ഷ്മി നക്ഷത്ര ആളുകളുടെ മനസ്സില്‍ ഇടം നേടിയത്.
ഇപ്പോഴിതാ തായ്‌ലാന്‍ഡ് യാത്രയിലാണ് ലക്ഷ്മി. യാത്രക്കിടെ തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായ ബബിള്‍ ടീ കുടിക്കുന്ന ചിത്രവും ലക്ഷ്മി നക്ഷത്ര പങ്കുവച്ചിട്ടുണ്ട്.
ഒരു മരച്ചുവട്ടിലെ ബെഞ്ചില്‍ പാതി കുടിച്ച ബബിള്‍ ടീക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. പേൾ മിൽക്ക് ടീ , ബബിൾ മിൽക്ക് ടീ , ടപ്പിയോക്ക മിൽക്ക് ടീ , ബോബ ടീ എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ അറിയപ്പെടുന്ന ഒരു പാനീയമാണ് ബബിള്‍ ടീ. തായ്‌വാനിലാണ് ഇതിന്‍റെ ഉത്ഭവം. 1990 കളിൽ തായ്‌വാനീസ് കുടിയേറ്റക്കാർ അമേരിക്കയിലേക്ക് കൊണ്ടുവന്ന ഈ പാനീയം, കലിഫോർണിയയിൽ ലൊസാഞ്ചലസ് കൗണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ, ഏഷ്യൻ പ്രവാസികൾ കൂടുതലുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട് ബബിള്‍ ടീയ്ക്ക്.
ബബിൾ ടീയിൽ സാധാരണയായി മരച്ചീനിയുടെ ചെറിയ ബോളുകള്‍ ഉണ്ടാകും. ഇതിനെ 'ബോബ' എന്നാണു പറയുന്നത്.പാലില്ലാതെയും പാലൊഴിച്ചും ബബിള്‍ ടീ ഉണ്ടാക്കാം. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഊലോംഗ് ടീ എന്നിവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പാല്‍ ചായ ആണെങ്കില്‍ കണ്ടന്‍സ്ഡ് മില്‍ക്ക്, ബദാം പാൽ, സോയ പാൽ, തേങ്ങാപ്പാൽ എന്നിവ ഉപയോഗിക്കാം. സാധാരണയായി ഇത് തണുപ്പിച്ചാണ് കുടിക്കുന്നത്.
ചില കഫേകൾ ഒരു ഗ്ലാസിൽ ബബിൾ ടീ വിളമ്പുന്നുണ്ടെങ്കിലും, മിക്ക തായ്‌വാനീസ് ബബിൾ ടീ ഷോപ്പുകളും പ്ലാസ്റ്റിക് കപ്പിലാണ് ഇത് നല്‍കുന്നത്. കപ്പിൻ്റെ മുകൾഭാഗം ചൂടാക്കിയ പ്ലാസ്റ്റിക് സെലോഫെയ്ൻ ഉപയോഗിച്ച് സീൽ ചെയ്യുന്നു. ഇതിനു മുകളില്‍ തുളയിട്ട് ബോബ സ്ട്രോ എന്ന് വിളിക്കപ്പെടുന്ന പ്രത്യേകതരം സ്ട്രോകളും അകത്തേക്ക് കയറ്റുന്നു. ടോപ്പിംഗുകൾ കടന്നുപോകാൻ അനുവദിക്കുന്ന ഈ സ്ട്രോ, സാധാരണ സ്ട്രോയെക്കാൾ വലുതാണ്. ജനപ്രിയമായതു കാരണം, ബബിള്‍ ടീയുടെ രുചിയില്‍ ഐസ്ക്രീം ക്യാന്‍ഡി എന്നിവയും വിപണിയില്‍ ലഭ്യമാണ്
ബബിള്‍ മില്‍ക്ക് ടീ വീട്ടില്‍ ഉണ്ടാക്കാം
കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ബോളുകള്‍ ആണ് ബബിള്‍ ടീയുടെ ഹൈലൈറ്റ്. ഇത് വീട്ടില്‍ ഉണ്ടാക്കാം.
അതിനായി 60 ഗ്രാം കപ്പപ്പൊടി ഒരു പാത്രത്തില്‍ എടുക്കുക. അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക.
പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍, അഞ്ച് ഗ്രാം കപ്പപ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് അടുപ്പില്‍ വച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക.
ഈ മിശ്രിതത്തിലേക്ക് ആദ്യം എടുത്തുവച്ചിരിക്കുന്ന കപ്പപ്പൊടിയും കൊക്കോ പൗഡറും ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് ഒരു പ്ലേറ്റില്‍ ഇട്ട് നന്നായി കുഴച്ച് ഉരുട്ടിയെടുക്കണം.
ഇതു നാലായി ഭാഗിച്ച് ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടിഎടുക്കുക. ഇതില്‍നിന്ന് ചെറിയ ബബിളുകള്‍ മുറിച്ചുമാറ്റി ഉരുട്ടി എടുക്കണം.
ഒരു പാനില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ബബിള്‍സ് ഇട്ടു കൊടുകക്ക. 20 മിനിറ്റ് തിളപ്പിച്ച ശേഷം അരമണിക്കൂര്‍ അടച്ചു വയ്ക്കണം. പിന്നീട് ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക. ഈ ബബിള്‍സ് ഒരു പാനില്‍ ഇട്ട് കാല്‍ കപ്പ് വെള്ളവും 20 ഗ്രാം ബ്രൗണ്‍ഷുഗറും ചേര്‍ത്ത് അടുപ്പില്‍ വച്ച് നന്നായി തിളപ്പിച്ചെടുക്കണം. ഈ ബബിള്‍സ് എത്ര നാള്‍ വേണമെങ്കിലും കേട്കൂടാതെ സൂക്ഷിക്കാം.
ഇനി ബബിള്‍ ടീ ഉണ്ടാക്കാന്‍ ഒരു ഗ്ലാസില്‍ അരഭാഗത്തോളം കട്ടന്‍ചായ എടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗറും പാൽപ്പൊടിയും ചേര്‍ത്ത് ചായ ഉണ്ടാക്കുക. മറ്റൊരു ഗ്ലാസിലേക്ക് ബബിള്‍സ് ഇട്ട് അതില്‍ ഐസ് ക്യൂബ്സ് ഇടുക. അതിനു മുകളിലേക്ക് ഉണ്ടാക്കിവച്ചിരിക്കുന്ന ചായ ഒഴിച്ചു കൊടുക്കുക. രുചികരമായ ബബിള്‍ മില്‍ക്ക് ടീ റെഡി!