പാത്രത്തിന്റെയും കുപ്പിയുടെയും അടപ്പ് മുറുകിപ്പോയോ? പെട്ടെന്ന് തുറക്കാൻ ഈ വിദ്യകള്‍ പരീക്ഷിക്കൂ!
Mail This Article
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നേരം, തിരക്കിട്ട് കറിപ്പാത്രത്തിന്‍റെ മൂടി തുറക്കാന്‍ നോക്കുമ്പോഴായിരിക്കും പണി കിട്ടിയെന്നു മനസ്സിലാകുന്നത്! സംഭവം എത്ര ശ്രമിച്ചാലും ഇങ്ങ് ഊരിപ്പോരില്ല. എത്ര പ്രാവശ്യം ഇങ്ങനെ കുടുങ്ങിപ്പോയിട്ടുണ്ട്?കുപ്പികളുടെയും പാത്രങ്ങളുടെയും മൂടി മുറുകിപ്പോയാല്‍ എളുപ്പത്തില്‍ തടിയൂരാന്‍ ചില സൂത്രവിദ്യകളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
തുണി ചിലപ്പോള്‍ രക്ഷയാകാം
സ്റ്റീല്‍, ഗ്ലാസ് ജാറുകള്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോകാം. ഇത് ജാറുകളുടെ ഉപരിതലത്തില്‍ മെഴുക്ക് ഉള്ളത് കൊണ്ടുമാകാം. അതിനാല്‍ മൂടി തുറക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ആദ്യം ട്രൈ ചെയ്യേണ്ടത് ഒരു തുണി എടുത്ത് കൂട്ടിപ്പിടിച്ച് തുറക്കുക എന്നതാണ്. തുണി നീങ്ങിപ്പോകുകയാണെങ്കില്‍. ആദ്യം വെള്ളത്തിൽ നനച്ച ശേഷം ചുറ്റും പൊതിയുക. റബ്ബർ ഡിഷ് കയ്യുറകള്‍ ധരിക്കുന്നത് കൂടുതല്‍ ഗുണംചെയ്യും.
ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കാം
ലോഹമൂടികളുള്ള ഗ്ലാസ് ജാറുകള്‍ തുറക്കാന്‍ ഇത് ഉപയോഗിക്കാം. അതിനായി, ഗ്ലാസ് ജാറുകളുടെ പകുതിയോളം ചൂടുവെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ വയ്ക്കുക. ചൂടു കാരണം ലോഹം വികസിക്കുകയും എളുപ്പത്തില്‍ അഴിഞ്ഞു പോരുകയും ചെയ്യും.
അടപ്പ് തട്ടിക്കൊടുക്കുക
ഒരിക്കല്‍ തുറന്നശേഷം അടച്ചു വയ്ക്കുമ്പോള്‍, വശങ്ങളില്‍ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഇങ്ങനെയുള്ള സമയത്ത് ചെറിയ ഒരു മരക്കഷണം ഉപയോഗിച്ച്, അടപ്പിന്‍റെ മുകളിലും വശങ്ങളിലും തട്ടിക്കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കുടുങ്ങിക്കിടക്കുന്ന വസ്തു മാറുകയും പാത്രം തുറക്കാന്‍ പറ്റുകയും ചെയ്യും.
അവസാനത്തെ വഴി
ചോറ്റുപാത്രം പോലുള്ള സ്റ്റീല്‍ പാത്രങ്ങള്‍ തുറക്കാന്‍ പറ്റുന്നില്ലെങ്കില്‍ പണ്ട് സ്കൂളില്‍ പയറ്റിയ അതേ വിദ്യ പരീക്ഷിക്കാം. പാത്രത്തിന്‍റെ അടപ്പിന്‍റെ അഗ്രഭാഗം മൃദുവായി ചുവരിലോ ജനാലയിലോ തട്ടുക. വശങ്ങള്‍ തിരിച്ചു തിരിച്ചു തട്ടിക്കൊടുക്കുക. കുറച്ചുനേരം കഴിയുമ്പോള്‍ പാത്രം തുറന്നുവരുന്നത് കാണാം.