ADVERTISEMENT

വെജിറ്റേറിയന്‍സിന്‍റെ സൂപ്പര്‍ഫുഡ് ആണ് പനീര്‍. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 12 എന്നീ പോഷകഘടകങ്ങള്‍ ഇതി ധാരാളമുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ്, ദന്ത പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും നാഡികളുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനുമെല്ലാം പനീര്‍ സഹായിക്കുന്നു. 

പ്രോട്ടീന്‍ കൂടുതല്‍ ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും മസില്‍ ബില്‍ഡിങ്ങിനും പനീര്‍ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, കുറഞ്ഞ ഗ്ലൈസീമിക്‌ സൂചികയുള്ളതിനാല്‍ പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

paneer
Image Credit: AnastasiaNurullina/Istock

പോഷകഗുണങ്ങള്‍ക്ക് പുറമേ, വളരെ രുചികരമായ ഒരു വിഭവം കൂടിയാണ് പനീര്‍. പാലക് പനീര്‍, പനീർ ടിക്ക, പനീർ ബട്ടർ മസാല, കടായി പനീർ, പനീർ ബുർജി, പനീർ പരാത്ത, മട്ടര്‍ പനീര്‍ എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങള്‍ പനീര്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. കടയില്‍ നിന്നും പനീര്‍ വാങ്ങുമ്പോള്‍ പലപ്പോഴും അബദ്ധം പറ്റാറുണ്ട്. മായം ചേര്‍ത്തതും പഴകിയതും കൃത്രിമമായി ഉണ്ടാക്കിയതുമെല്ലാമായ പനീര്‍ വിപണിയില്‍ സുലഭമാണ്. ഇത് നോക്കി വാങ്ങുക മാത്രമേ വഴിയുള്ളൂ. പണി കിട്ടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

- ശുദ്ധമായ പനീറിന് മിനുസമാർന്ന ഉപരിതലവും വെള്ളയോ അല്ലെങ്കില്‍ ഓഫ് വൈറ്റ് നിറമോ ഉണ്ടാകും. നിറവ്യത്യാസമോ പരുപരുപ്പോ ഉണ്ടെങ്കില്‍ അത് മായം ചേര്‍ത്തതാകാം.

- കൈകള്‍ കൊണ്ട് ഞെക്കി നോക്കുക എന്നതാണ് അടുത്ത വഴി ഇങ്ങനെ ചെയ്യുമ്പോള്‍ പനീര്‍ വല്ലാതെ മൃദുവായോ വല്ലാതെ കട്ടിയുള്ളതായോ അനുഭവപ്പെടാന്‍ പാടില്ല. ശുദ്ധമായ പനീറിന് ഉറച്ചതും എന്നാൽ മൃദുവായതുമായ ഘടനയാണ് ഉള്ളത്.

paneer-roast
Image Credit: ajaykampani/Istock

- ശുദ്ധമായ പനീറിന് നേരിയ, പാൽ പോലെയുള്ള സൌരഭ്യവും പ്രത്യേക സ്വാദും ഉണ്ട്. പുളിച്ച മണമോ രൂക്ഷമായ ദുർഗന്ധമോ ഉണ്ടായാൽ അത് കഴിക്കാന്‍ പാടില്ല.

- ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ചെറിയ കഷണം പനീർ ഇടുക. ശുദ്ധമായ പനീർ വെള്ളത്തില്‍ മുങ്ങുകയും അതേപോലെ തന്നെ ഇരിക്കുകയും ചെയ്യും, അതേസമയം മായം കലർന്ന പനീർ വെള്ളത്തില്‍ അലിയുകയോ പിളരുകയോ ചെയ്യാം.

Image Credit: StockImageFactory.com/Shutterstock
Image Credit: StockImageFactory.com/Shutterstock

- ഒരു പാനിൽ എണ്ണയോ വെള്ളമോ ചേർക്കാതെ ഒരു ചെറിയ കഷണം പനീർ ചൂടാക്കുക. ശുദ്ധമായ പനീർ ഈർപ്പം പുറത്ത് വിടുകയും അതിൻ്റെ ആകൃതി നിലനിർത്തുകയും ചെയ്യും, അതേസമയം മായം കലർന്ന പനീർ അമിതമായി ഉരുകുകയോ അധിക വെള്ളം ഉത്പാദിപ്പിക്കുകയോ ചെയ്യാം.

- ഒരു ചെറിയ കഷണം പനീർ വെള്ളത്തിലിട്ട് തിളപ്പിക്കുക, തുടർന്ന് കുറച്ച് തുള്ളി അയോഡിൻ ചേർക്കുക. ഇത് നീലയായി മാറുകയാണെങ്കിൽ, അന്നജം അല്ലെങ്കിൽ ബൈൻഡറുകൾ ഉണ്ടാകാം.

Image Credit: Mahi Ryan/istock
Image Credit: Mahi Ryan/istock

പനീര്‍ വീട്ടില്‍ ഉണ്ടാക്കാം

പാല്‍ ഉപയോഗിച്ച് ശുദ്ധമായ പനീര്‍ വീട്ടില്‍ ഉണ്ടാക്കി എടുക്കാം.

- അടി കട്ടിയുള്ള ഒരു ചെമ്പില്‍ ഒരു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. ഇടത്തരം തീയിൽ പാൽ ചൂടാക്കാൻ തുടങ്ങുക. പാട കെട്ടാതിരിക്കാനും അടിയില്‍ പിടിക്കാതിരിക്കാനുമായി നന്നായി ഇളക്കികൊടുക്കണം.

- മറ്റൊരു വലിയ പാത്രം എടുത്ത് അതിനു മുകളില്‍ ഒരു അരിപ്പ വയ്ക്കുക. എന്നിട്ട് വൃത്തിയുള്ള മസ്ലിൻ അല്ലെങ്കിൽ ചീസ്ക്ലോത്ത് അല്ലെങ്കിൽ ഒരു കോട്ടൺ നാപ്കിൻ അരിപ്പയ്ക്ക് മുകളില്‍ വയ്ക്കുക. 

അടുപ്പത്ത് വെച്ച പാല്‍ തിളച്ചു വരുമ്പോള്‍, താഴെപറയുന്നവയില്‍ ഏതെങ്കിലും ഫുഡ് ആസിഡ് ചേര്‍ക്കുക.

Image Credit: irina2511/shutterstock
Image Credit: irina2511/shutterstock

നാരങ്ങ നീര് - 2 മുതൽ 4 ടീസ്പൂൺ വരെ
വിനാഗിരി - 2 മുതൽ 3 ടീസ്പൂൺ വരെ
ബട്ടർ മിൽക്ക് - 4 മുതൽ 5 ടേബിൾസ്പൂൺ വരെ
തൈര് -  3-4 ടേബിൾസ്പൂൺ
പാലിന്‍റെ കൊഴുപ്പ് കൂടുന്തോറും ഇവ കൂടുതല്‍ ചേര്‍ക്കേണ്ടി വരും.

ഇവ ചേര്‍ത്ത് ഇളക്കുമ്പോള്‍ പാൽ ഉടൻ കട്ടപിടിക്കാൻ തുടങ്ങും. പാത്രത്തിൽ പറ്റിപ്പിടിക്കാതിരിക്കാൻ പാൽ ഇളക്കുന്നത് തുടരുക.

പാൽ പൂർണമായി കട്ടയായതിനു ശേഷം, തീ ഓഫ് ചെയ്യുക. എന്നിട്ട് ഉടൻ തന്നെ ഈ മിശ്രിതം നിരത്തിവെച്ചിരിക്കുന്ന അരിപ്പയിലേക്ക് ഒഴിക്കുക.

തുണിയുടെ അറ്റങ്ങള്‍ പിടിച്ച് മെല്ലെ ഉയര്‍ത്തുക. കട്ട പിടിച്ച പാലിന് നല്ല ചൂടായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക.

ഈ തുണി ഒഴുകുന്ന ശുദ്ധജലത്തിന് കീഴില്‍ പിടിച്ചാല്‍, പനീറില്‍ ചേര്‍ത്തിട്ടുള്ള ഫുഡ് ആസിഡുകളുടെ രുചി പോയിക്കിട്ടും. എന്നിട്ട് ഇത് നന്നായി പിഴിഞ്ഞെടുക്കുക.

അരിപ്പയ്ക്ക് മുകളില്‍ ഈ കിഴി വച്ച്, അതിനു മുകളില്‍ എന്തെങ്കിലും ഭാരമുള്ള വസ്തു വച്ച് അമര്‍ത്തിയാല്‍ പനീര്‍ കൂടുതൽ ദൃഢമാകും.

ഇങ്ങനെ ഉണ്ടാക്കിയ പനീര്‍ മുറിച്ചെടുത്ത് കറികളിലും മറ്റും ഉപയോഗിക്കാം. ഒരു ലിറ്റര്‍ പാലില്‍ നിന്നും ഏകദേശം 200 ഗ്രാം പനീര്‍ ഇങ്ങനെ ഉണ്ടാക്കാന്‍ പറ്റും.

English Summary:

Simple Ways To Check The Purity Of Paneer At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com