ഇത് അടിപൊളി ട്രിക്ക്! ഇനി എളുപ്പത്തിൽ കത്തികൊണ്ട് ശർക്കര ചീകിയെടുക്കാം
Mail This Article
ഉണ്ണിയപ്പം മുതല്‍ പായസം വരെ, പലഹാരങ്ങള്‍ക്ക് മധുരം കൂട്ടാന്‍ ശര്‍ക്കര കൂടിയേ തീരൂ. മഞ്ഞയും കറുപ്പും നിറങ്ങളില്‍, വിപണിയില്‍ ലഭ്യമാകുന്ന ശര്‍ക്കര, ആരോഗ്യഗുണങ്ങള്‍ക്കും ഒട്ടും പിന്നിലല്ല. ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടി വിളര്‍ച്ച കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ശര്‍ക്കര നല്ലതാണ്. ശർക്കരയിൽ ആന്‍റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയവും സിങ്കും എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്‍റെ മൊത്തത്തിലുള്ള രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യം, സോഡിയം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ശർക്കര.
പതിറ്റാണ്ടുകളായി ശര്‍ക്കര നമ്മള്‍ ഉപയോഗിച്ചു വരുന്നു. എന്നാല്‍ അന്നു മുതല്‍ ഇന്ന് വരേയ്ക്കും നമ്മള്‍ നേരിടുന്ന ഒരു പ്രശ്നമുണ്ട്, ശര്‍ക്കര പൊട്ടിച്ചെടുക്കല്‍ തന്നെ!
ചതുരാകൃതിയില്‍ വരുന്ന ശര്‍ക്കര കത്തി വച്ച് മുറിച്ചെടുക്കാന്‍ പാടാണ്. ഒന്നുകില്‍ അമ്മിക്കല്ലില്‍ വച്ച് ഇടിച്ചു പൊടിക്കുകയോ അല്ലെങ്കില്‍ വെള്ളത്തില്‍ അലിയിച്ചെടുക്കുകയോ വേണം. ഇതൊന്നുമില്ലാതെ, ഒരല്‍പം പോലും അനാവശ്യ ബലം പ്രയോഗിക്കാതെ, ശര്‍ക്കര നല്ല നൈസായി അരിഞ്ഞെടുക്കാന്‍ കഴിഞ്ഞാലോ? അതിനൊരു ട്രിക്ക് ഉണ്ട്. ഇന്‍സ്റ്റഗ്രാം കോണ്ടന്‍റ് ക്രിയേറ്റര്‍ ആയ സീമ അജയ് ആണ് ഈ വിദ്യ പങ്കുവച്ചിരിക്കുന്നത്.
ഇതിനായി ആദ്യം തന്നെ ശര്‍ക്കര എടുത്ത് ഒരു ട്രേയില്‍ വയ്ക്കുക. ഇത് മൈക്രോവേവില്‍ വച്ച് ഒരു മിനിറ്റ് ചൂടാക്കുക. എന്നിട്ട് സാധാരണ കത്തി കൊണ്ട് മെല്ലെ അരിഞ്ഞെടുക്കുക, ശര്‍ക്കര പുഷ്പം പോലെ പൊടിഞ്ഞു പോരും! വളരെ ഉപകാരപ്രദമായ ഈ ഹാക്ക് പങ്കുവച്ചതിന് ഒട്ടേറെപ്പേര്‍ സീമയ്ക്ക് നന്ദി പറഞ്ഞു. ഈയടുത്ത കാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിദ്യയാണ് ഇതെന്ന് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.