തറ തുടയ്ക്കുന്ന മോപ്പ് കൊണ്ട് ബാർബിക്യൂ ചിക്കനോ? കണ്ണ് തള്ളി ഭക്ഷണപ്രേമികൾ
Mail This Article
വിചിത്ര രീതിയിലുള്ള ഭക്ഷണങ്ങളും പാചകവുമൊക്കെ സമൂഹമാധ്യമത്തിൽ വൈറലാകാറുണ്ട്. അങ്ങനെയൊന്നാണ് ഇപ്പോൾ ഭക്ഷണപ്രേമികൾ ഏറ്റെടുത്തിയിരിക്കുന്നത്. ബാർബിക്യുവിൽ സോസ് പുരട്ടാൻ ഉപയോഗിക്കുന്ന മോപ്പിന്റെ വൈറൽ വിഡിയോ കണ്ടത് 45 ദശലക്ഷത്തിലധികം പേരാണ്. കാഴ്ചക്കാരെക്കാൾ ആ വിഡിയോക്ക് ലഭിച്ച കമന്റുകളാണ് എവരേയും ആകർഷിക്കുന്നത്. കണ്ടാൽ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പ് പോലെ തന്നെയുള്ള ഒരു സ്റ്റിക്ക് കൊണ്ടാണ് വിഡിയോയിലെ സ്ത്രീ ബാർബിക്യൂ ചെയ്യുന്ന ചിക്കന്റെ മുകളിലേക്ക് സോസ് തേച്ചുപിടിപ്പിക്കുന്നത്. ഈ വിഡിയോ പങ്കുവച്ചയാൾ അതിന്റെ വിശദീകരണവും നൽകിയിട്ടുണ്ട്.
യുവതി സോസ് കണ്ടെയ്‌നറിൽ മോപ്പ് മുക്കിവയ്ക്കുന്നത് കാണാം. ശേഷം അവർ ഗ്രില്ലിനടുത്തേക്ക് പോകുകയും സോസിൽ മുക്കിവച്ചിരിക്കുന്ന മോപ്പ് ഉപയോഗിച്ച് ചിക്കനിൽ പുരട്ടുന്നു. വിഡിയോയുടെ അടിക്കുറിപ്പിന്റെ തുടക്കം ഇങ്ങനെയാണ്, "ഇതൊരു യഥാർഥ ബാർബിക്യൂ 'മോപ്പ് സോസ്' ആണെന്നാണ്. സത്യത്തിൽ ഇവിടെ ചിക്കനിൽ പുരട്ടുന്ന സോസ് അറിയപ്പെടുന്നത് ബാർബിക്യൂ മോപ്പ് സോസ് എന്നാണ്. അപ്പോൾ എന്താണ് മോപ്പ് സോസ് എന്നറിയണ്ടേ
മോപ്പ് സോസ് ബാർബിക്യൂ സോസിനേക്കാൾ കട്ടി കുറഞ്ഞ ഒന്നാണ്. ഇത് പലപ്പോഴും വിനാഗിരി ബേസിലാണ് ഉണ്ടാക്കുന്നത്. കുറഞ്ഞ ഊഷ്മാവിൽ ഗ്രില്ലിൽ അല്ലെങ്കിൽ സ്മോക്കറിൽ, ഓരോ 20 മിനിറ്റിലും അതിലധികവും മാംസം പാകം ചെയ്യാൻ മോപ്പ് സോസ് ഉപയോഗിക്കുന്നു. മാംസം പാകം ചെയ്യുന്നതിന്റെ അവസാന സമയത്താണ് ശരിക്കുമുള്ള ബാർബിക്യൂ സോസ് ഉപയോഗിക്കുക. ഈ സോസ് പുരട്ടാൻ വേണ്ടി പ്രത്യേകം നിർമിച്ചിരിക്കുന്ന സ്റ്റിക്കാണ് ഈ മോപ്പ്. സംഭവം ഉള്ളതാണെങ്കിലും ആ മോപ്പാണ് സത്യത്തിൽ ഇവിടെ വില്ലനായിരിക്കുന്നത് എന്ന് പറയേണ്ടിവരും. കാരണം കാഴ്ചയിൽ തറ തുടയ്ക്കുന്ന അതേ മോപ്പ് തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നതും.