ADVERTISEMENT

റോഡരികില്‍ നിന്നും പാനിപൂരി വാങ്ങി കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു പ്ലേറ്റിനു ഇരുപതു രൂപയാണ് ഇവയ്ക്ക് സാധാരണയായി ഈടാക്കുന്നത്. മുപ്പതു രൂപയായാലും കുഴപ്പമില്ല. എന്നാല്‍ മുന്നൂറു രൂപയായാലോ? ഇതുമായി ബന്ധപ്പെട്ട് കൗശിക് മുഖര്‍ജി എന്ന ഉപയോക്താവ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ വിൽക്കുന്ന പാനി പൂരിയുടെ ഫോട്ടോയാണ് കൗശിക് പങ്കുവച്ചിരിക്കുന്നത്. "സിഎസ്ഐഎ മുംബൈ എയർപോർട്ടിലെ ഫുഡ് സ്റ്റാളുകൾക്ക് നല്ല വാടകയുണ്ട് എന്നറിയാം - എന്നാൽ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു." എന്ന അടിക്കുറിപ്പോടെയാണ് കൗശിക് പോസ്റ്റ്‌ ഇട്ടത്. 

333 രൂപയ്ക്ക് വിൽക്കുന്ന പാനിപൂരിയുടെ ചിത്രവും ഒപ്പമുണ്ട്. പാനി പൂരി മാത്രമല്ല, മറ്റ് ചാട്ട് ഇനങ്ങളായ ദാഹി പൂരി, സേവ് പൂരി എന്നിവയും ഈ വിലയ്ക്ക് വിൽക്കുന്നു.

ഇതു കണ്ട് ഞെട്ടിയ ആളുകള്‍ ഒട്ടേറെ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. ഇനി ഭക്ഷണത്തിന്‌ നേരെ നോക്കിയാലും പണം ഈടാക്കാൻ തുടങ്ങും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇത്രയും അമൂല്യമായ കലാസൃഷ്ടി മ്യൂസിയത്തില്‍ വേണം സൂക്ഷിക്കാന്‍ എന്ന് മറ്റൊരാള്‍ പറഞ്ഞു. എല്‍കോയുടെ പാനി പൂരിയാണ് ഇവിടെ വില്‍ക്കുന്നത്. എൽകോയുടെ ബാന്ദ്രയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 160 രൂപയ്ക്ക് പാനി പൂരി ലഭിക്കും എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.

ഈ പോസ്റ്റ്‌ വിമാനത്താവളങ്ങളിലെ ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. വാട്ടർ ബോട്ടിൽ മുതൽ ബിരിയാണി വരെയുള്ള സകലതിനും അമിതവിലയാണ് എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്നത്. ഭക്ഷണത്തിന്‍റെ ഗുണനിലവാരമോ സേവനത്തിന്‍റെ മേന്മയോ അല്ല, എയര്‍പോര്‍ട്ടുകളിലെ സ്റ്റാളുകള്‍ക്കുള്ള വാടകയാണ് ഇതിനു കാരണം.

English Summary:

Panipuri For Rs 333? Man Shares Pic of Beloved Snack Selling at Mumbai Airport With Hefty Price Tag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com