ഫ്രിജ് പെട്ടെന്ന് കേടാകില്ല! ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Mail This Article
ഇക്കാലത്ത് നല്ല ഒരു റഫ്രിജറേറ്റര്‍ വാങ്ങണമെങ്കില്‍ പതിനായിരങ്ങള്‍ കൊടുക്കണം. അതിനാല്‍ വീട്ടില്‍ നിലവില്‍ ഉള്ള റഫ്രിജറേറ്റര്‍ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. റഫ്രിജറേറ്ററിന്‍റെ ആയുസ്സ് കൂട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...
1. കണ്ടൻസർ കോയിലുകൾ വൃത്തിയാക്കുക
റഫ്രിജറേറ്ററിന്റെ പിൻഭാഗത്തോ താഴെയോ ആയിട്ടാണ് കണ്ടൻസർ കോയിലുകൾ ഉണ്ടാവുക. ഇവ റഫ്രിജറൻ്റിനെ തണുപ്പിക്കാൻ സഹായിക്കുന്നു. ഈ കോയിലുകളില്‍ പൊടിയും അഴുക്കും എളുപ്പത്തിൽ അടിഞ്ഞുകൂടും. ഫ്രിഡ്ജിൻ്റെ ആയുസ്സ് കൂട്ടാന്‍ വർഷത്തിൽ രണ്ടുതവണ ഈ കോയിലുകൾ വൃത്തിയാക്കണം. ഇതിനായി വാക്വം ക്ലീനർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിക്കാം.
2. ഫ്രിജ് ഡോർ ഗാസ്കറ്റ് വൃത്തിയാക്കുക
റഫ്രിജറേറ്ററിന്റെ വാതിലില്‍ കാണുന്ന റബ്ബർ സീൽ സ്ട്രിപ്പാണ് ഡോർ ഗാസ്കറ്റ്. ഇത് ഇൻസുലേഷൻ നൽകുകയും, തണുത്ത വായു അകത്തേക്കും ചൂടുള്ള വായു പുറത്തേക്കും വിടുകയും ചെയ്യുന്നു. കാലക്രമേണ, ഈ സ്ട്രിപ്പുകൾക്ക് തേയ്മാനം സംഭവിക്കുകയും ഇവ പൊട്ടുകയും ചെയ്യുന്നു. ഇത് ഫ്രിജിന്റെ കാര്യക്ഷമത കുറയ്ക്കും. അതിനാല്‍ നനഞ്ഞ തുണിയും സോപ്പും ഉപയോഗിച്ച് ഗാസ്കറ്റ് ഇടയ്ക്കിടെ വൃത്തിയാക്കുക .
3. റഫ്രിജറേറ്റർ വെൻ്റുകൾ തടയരുത്
റഫ്രിജറേറ്ററിന്‍റെ മറ്റൊരു പ്രധാന ഭാഗം അവയുടെ വെൻ്റുകളാണ്, ഇത് ഫ്രിജിനുള്ളിൽ തണുത്ത വായു സഞ്ചരിക്കാന്‍ സഹായിക്കുന്നു. വെൻ്റുകൾ സാധാരണയായി ഫ്രിഡ്ജിൻ്റെ ഉള്ളിലെ ഭിത്തിയിലും ഫ്രീസറിന്റെ മുകൾഭാഗത്തും സ്ഥിതി ചെയ്യുന്നു. ഭക്ഷണമോ ബോക്സുകളോ കാരണം വെൻ്റുകളിൽ നിന്നുള്ള വായുപ്രവാഹം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ഇവ കാലക്രമേണ മലിനമാകുകയും തണുപ്പ് എല്ലായിടത്തും ഒരുപോലെ എത്താത്ത അവസ്ഥ വരികയും ചെയ്യും, അതിനാല്‍ വെൻ്റുകൾ പതിവായി വൃത്തിയാക്കുക.
4. സാധനങ്ങള്‍ വാരിവലിച്ച് നിറയ്ക്കരുത്
ഫ്രിജ് വളരെക്കാലം നന്നായി പ്രവർത്തിക്കാന്‍, അവയില്‍ ഒരുപാട് സാധനങ്ങള്‍ കുത്തി നിറയ്ക്കുകയോ ശൂന്യമാക്കി ഇടുകയോ ചെയ്യരുത്. ഫ്രിജ് മുക്കാൽ ഭാഗം നിറയ്ക്കാൻ ശ്രമിക്കുക, അമിതമായി നിറയ്ക്കുന്നത് ഉള്ളിലെ വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഊർജ കാര്യക്ഷമതയും തണുപ്പും കുറയ്ക്കുകയും ചെയ്യും.
5. പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കുക
ചിലപ്പോൾ ഫ്രിജിന്റെ പ്രവർത്തനത്തിൽ ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് ഫ്രിജിന്റെ കാര്യക്ഷമതയെയും ആയുസ്സിനെയും ബാധിക്കും. അതിനാല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടനടി പരിഹരിക്കാന്‍ ശ്രമിക്കുക.
ഭക്ഷണം പാകം ചെയ്തത് കേടാകാതെ സൂക്ഷിക്കാൻ ഫ്രിജ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
∙പാകം ചെയ്ത വിഭവങ്ങൾ പാത്രങ്ങളിലാക്കി വായു കടക്കാതെ അടച്ച് ഫ്രിജിൽ സൂക്ഷിച്ചാൽ കുറച്ചു ദിവസം കേടാകാതിരിക്കും
∙ ചൂടുള്ള ഭക്ഷ്യവിഭവങ്ങൾ നല്ലവണ്ണം തണുത്തശേഷമേ ഫ്രിജിൽ വയ്ക്കാവൂ.
∙ചക്കപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ ഫ്രിജിൽ വച്ചാൽ അവയുടെ മണം ഫ്രിജിൽ വച്ചിരിക്കുന്ന മറ്റ് ഭക്ഷ്യവിഭവങ്ങളിലേക്ക് വ്യാപിക്കും.
∙മീനും, ഇറച്ചിയും കൂടുതൽ വാങ്ങി, ഏറെ ദിവസങ്ങൾ ഫ്രിജിൽ വച്ചാൽ അവയുടെ സ്വാദ് കുറയും.
∙ ഫ്രിജിൽ വയ്ക്കുന്ന വിഭവങ്ങൾ കൂടെക്കൂടെ പുറത്തെടുക്കുകയും തിരികെ വയ്ക്കുകയും ചെയ്താൽ അവയുടെ രുചി നഷ്ടപ്പെടും. ആവശ്യത്തിനുള്ളവ മാത്രം പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കുക. ഒരിക്കൽ ചൂടാക്കിയ വിഭവങ്ങൾ ഫ്രിജിൽ വച്ചിട്ട് വീണ്ടുമെടുത്ത് ചൂടാക്കി ഉപയോഗിക്കരുത്.
∙ ഫ്രിജ് വൃത്തിയാക്കാൻ വേണ്ടി അതിലുള്ള സാധനങ്ങൾ പുറത്തെടുത്ത ശേഷം കുറച്ചു സമയം ഓഫാക്കിയിട്ടിട്ട്, വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക.