അമിതവണ്ണവും കുടവയറുമൊക്കെ പെട്ടെന്ന് കുറയ്ക്കാം; ഇത് ശീലമാക്കാം
Mail This Article
അമിതവണ്ണവും കുടവയറുമൊക്കെ ഇന്ന് പതിവ് കാഴ്ചയാണ്. അതിനെ പ്രതിരോധിക്കാനായി പല തരത്തിലുള്ള പ്രതിവിധികൾ തേടുന്നവരാണ് ഭൂരിപക്ഷവും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഉറക്കകുറവുമൊക്കെയാണ് ശരീരഭാരം വർധിക്കുന്നതിലെ പ്രധാന കാരണങ്ങൾ. എന്നാൽ ശരിയായ വ്യായാമവും കൃത്യമായ ഡയറ്റും അമിതവണ്ണത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം. പക്ഷേ, തിരക്കിട്ട ജീവിതത്തിൽ പലർക്കും വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാനും കഴിഞ്ഞുവെന്ന് വരികയില്ല. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാൻ അടുക്കളയിൽ തന്നെയുണ്ട് പരിഹാര മാർഗം. ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള കറുവപ്പട്ടയാണ് ഇവിടെ താരം. അതുപയോഗിച്ച് ചായ തയാറാക്കി ദിവസവും കഴിക്കുന്നത് വഴി മേല്പറഞ്ഞ പ്രശ്നങ്ങളെ ചെറിയ രീതിയിൽ പ്രതിരോധിക്കാവുന്നതാണ്.
ഗന്ധം കൊണ്ട് ഏറെ ആകർഷകമാണ് കറുവപ്പട്ട. അടുക്കളയിലെ സ്ഥിരം സാന്നിധ്യം. ആരോഗ്യഗുണങ്ങൾ ഏറെയുള്ള കറുവപ്പട്ട ഉപയോഗിച്ച് ചായ തയാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ഈ ചായ ഏറെ ഗുണകരമാണ്. പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് കറുവപ്പട്ട. മെറ്റബോളിസം വർധിപ്പിക്കാനും കൊളസ്ട്രോൾ, രക്തത്തിൽ അമിതമായുള്ള പഞ്ചസാര എന്നിവ കുറയ്ക്കാനും സഹായിക്കും.
ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ദഹനത്തെ എളുപ്പമാക്കാനും അമിതമായ കാലറിയെ നിർവീര്യമാക്കാനുമിതു സഹായിക്കും. രാത്രി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് കറുവപ്പട്ട ചേർത്ത ചായ കുടിക്കുന്നത് ആ ദിവസത്തിൽ കഴിച്ച മുഴുവൻ ഭക്ഷണവും എളുപ്പത്തിൽ ദഹിക്കുന്നതിനു സഹായിക്കും.
കറുവപ്പട്ട ചേർത്ത് എങ്ങനെ ചായ തയാറാക്കാം?
200 മി.ലീ വെള്ളം തിളപ്പിക്കുക. വെള്ളം നല്ലതുപോലെ ചൂടായതിലേക്കു ഒരു കഷ്ണം കറുവപ്പട്ട ചേർത്തുകൊടുക്കാം. അല്പസമയം തിളപ്പിച്ച്, പട്ടയുടെ ഗന്ധവും ഗുണവും വെള്ളത്തിലേക്ക് ഇറങ്ങിയതിനു ശേഷം ഒരു ചെറുനാരങ്ങ പിഴിഞ്ഞ് നീരുചേർക്കുക. മധുരത്തിനായി ഒരു ടേബിൾ സ്പൂൺ തേൻ കൂടി ഒഴിക്കാം. ഒരു പാത്രം ഉപയോഗിച്ച് അടച്ചതിനു ശേഷം കുറച്ചുസമയം ചെറുതീയിൽ വെയ്ക്കണം. കറുവപ്പട്ട ചേർത്ത ചായ തയാറായി കഴിഞ്ഞു. ഇതിനൊപ്പം രുചിയും ഗുണവും വർധിക്കുന്നതിനായി വേണമെങ്കിൽ ഇഞ്ചി, ഏലയ്ക്ക, പുതിനയില എന്നിവ കൂടി ചേർക്കാവുന്നതാണ്.