ADVERTISEMENT

ചിക്കന്‍ ബിരിയാണി കഴിച്ച ശേഷം, പൈനാപ്പിളും തണ്ണിമത്തനുമൊക്കെ കഴിക്കുന്ന പതിവുണ്ട്. ചില പ്രദേശങ്ങളില്‍ ചിക്കന്‍ ബിരിയാണിയില്‍ പൈനാപ്പിള്‍ ഇടുന്ന പതിവുമുണ്ട്. എന്നാല്‍ തണ്ണിമത്തന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയെക്കുറിച്ച് എന്നെങ്കിലും കേട്ടിട്ടുണ്ടോ? അത്തരമൊരു ബിരിയാണി ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വില്ലേജ് ഫുഡ് ചാനല്‍ എന്ന പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ആദ്യം തന്നെ ഇവര്‍ തണ്ണിമത്തന്‍ കഴുകി മുറിക്കുന്നത് കാണാം. ശേഷം, ഉള്ളില്‍ നിന്നും കാമ്പ് എടുക്കുന്നു. ഇത് നന്നായി ഇടിച്ചു ചതച്ച് അരിച്ച ശേഷം നീര് എടുക്കുന്നു.

അടുപ്പില്‍ ഒരു വലിയ വട്ടച്ചെമ്പ് വച്ച് അതിലേക്ക് നെയ്യൊഴിക്കുന്നു. കറുവപ്പട്ട, ബേ ലീഫ്, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചമുളകും ഇതിലേക്ക് ഇടുന്നു. ശേഷം അരിഞ്ഞു വെച്ച ഉള്ളി, തക്കാളി എന്നിവയും ഓരോന്നായി ഇടുന്നു. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പുതിനയില, മല്ലിയില എന്നിവയും ചേര്‍ക്കുന്നത് കാണാം. 

നന്നായി കഴുകിയെടുത്ത ചിക്കന്‍ ഇതിലേക്ക് ചേര്‍ക്കുന്നു. ശേഷം മുളകുപൊടി വിതറുന്നു. മല്ലിപ്പൊടി, തൈര് എന്നിവയും ആവശ്യത്തിന് ചേര്‍ക്കുന്നു. 

ഇനിയാണ് ട്വിസ്റ്റ്‌. ഈ ചിക്കനിലേക്ക് നേരത്തെ തയ്യാറാക്കിയ തണ്ണിമത്തന്‍ ജ്യൂസ് ഒഴിക്കുന്നു. ഇതിലേക്ക് നാരങ്ങനീര് ചേര്‍ത്ത ശേഷം കഴുകി വാര്‍ത്തുവെച്ച അരി ഇടുന്നു. നന്നായി ഇളക്കിയ ശേഷം മൂടിവച്ച് വേവിക്കുന്നു.

മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച്, നെയ്യും കശുവണ്ടിപ്പരിപ്പും വറുത്തെടുക്കുന്നു. ഇത് ബിരിയാണിക്ക് മുകളിലേക്ക് ഒഴിച്ച് ഇളക്കുന്നു. ഇതിനു മുകളിലേക്ക് അരിഞ്ഞുവെച്ച മല്ലിയില ഇട്ടു വീണ്ടും മൂടി വയ്ക്കുന്നു. മുകളില്‍ ദം ഇട്ടു വേവിക്കുന്നു. 

അടുപ്പില്‍ നിന്നെടുത്ത ബിരിയാണി കുറച്ചു നേരത്തിനു ശേഷം, എല്ലാവരും ചേര്‍ന്ന് രുചിയോടെ കഴിക്കുന്നതും കാണാം. ഈ വിഡിയോയ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. "സാധാരണ ബിരിയാണി ഉണ്ടാക്കി അതിന്‍റെ കൂടെ ആ തണ്ണിമത്തൻ ജൂസ്‌ ഉണ്ടാക്കി കുടിച്ചാൽ പോരെ..." എന്ന കമന്റിന് രണ്ടായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചു. 'മൊഹബത്തേന്‍ ചിക്കന്‍ ബിരിയാണി' എന്ന് മറ്റൊരാള്‍ ഇതിനു പേരിട്ടു. എന്തൊക്കെയായാലും അവര്‍ വൃത്തിയായി ഉണ്ടാക്കിയല്ലോ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

English Summary:

Viral Video Of Watermelon Chicken Biryani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com