ADVERTISEMENT

നല്ല പഴുത്ത മാങ്ങയും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന  മാംഗോ സ്റ്റിക്കി റൈസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. തായ്‌ലൻഡിലാണ് ഇതിന്‍റെ ഉത്ഭവം. അതുകൊണ്ടുതന്നെ, തായ്‌ലൻഡ് സന്ദര്‍ശിക്കുമ്പോള്‍ ഈ വിഭവം തീര്‍ച്ചയായും കഴിക്കണം. ഇറ്റലിയില്‍ ചെന്ന് പീത്‍‍‍സയും ഫ്രാന്‍സില്‍ ചെന്ന് ക്രൊസാന്‍സും ഒക്കെ കഴിക്കുന്നതു പോലെ മനംനിറയ്ക്കുന്ന ഒരു അനുഭവമായിരിക്കും അത്. അതേ പോലൊരു അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് കരൺ മർവ എന്ന ഫുഡ് വ്ലോഗർ.

"ലോകത്തിലെ ഏറ്റവും വർണാഭമായ" മാംഗോ സ്റ്റിക്കി റൈസ് കഴിച്ച അനുഭവമാണ്, തന്‍റെ ഫുഡല്‍ഹി എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെ കരൺ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സൂക്സിയാം ഇൻഡോർ എയർ കണ്ടീഷൻഡ് സ്ട്രീറ്റ് ഫുഡ് മാർക്കറ്റില്‍ നിന്നുള്ള സുന്ദരമായ ദൃശ്യങ്ങളും ഇദ്ദേഹം പങ്കിട്ടു.

ഇൻസ്റ്റഗ്രാമില്‍ കരൺ പങ്കിട്ട വിഡിയോയില്‍ ഒരു ബൗളില്‍ ഏഴ് വ്യത്യസ്ത നിറമുള്ള സ്റ്റിക്കി റൈസ് ബോളുകൾ കാണാം. ഇവയോരോന്നും പ്രകൃതിദത്തമായ നിറങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കിയത്. ഉരുളകൾക്ക് അരികിലായി പഴുത്ത മാങ്ങ വയ്ക്കുന്നു. ഇതിലേക്ക് നിലക്കടല, ചെറുപയര്‍പരിപ്പ്, തേങ്ങാ ക്രീം എന്നിവ ചേർത്ത് വിളമ്പുന്നു. ഒരു ബൗള്‍ മാംഗോ സ്റ്റിക്കി റൈസിന് 150 തായ് ബാഹ്ത് അഥവാ 339 ഇന്ത്യന്‍ രൂപയാണ് വില.

mango-sticky
Image Credit:Sarawut Butharakanha/Istock

ഈ വിഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

തായ്‌ലൻഡില്‍ നിന്നും വന്ന് ലോകമെമ്പാടും പ്രിയങ്കരമായി മാറിയ വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ഗ്ലൂട്ടണസ് റൈസ് – 1/2 കപ്പ്
തേങ്ങാപ്പാൽ – 1/2 കപ്പ് (കട്ടി കുറഞ്ഞത്)
തേങ്ങാപ്പാൽ – 1/2 കപ്പ് (ഒന്നാം പാൽ)
കോക്കനട്ട് ക്രീം – 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
മാമ്പഴം – 1
വെളുത്ത എള്ള് (വറുത്തത്) – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ അരി അരമണിക്കൂർ 2 കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിലേക്കു തേങ്ങാപ്പാൽ (കട്ടി കുറഞ്ഞത്) ചേർത്തു ചെറിയ തീയിൽ അരി നല്ല മയത്തിൽ വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.

തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. അരിഞ്ഞു വച്ച മാമ്പഴ കഷ്ണങ്ങൾക്കൊപ്പം ഈ റൈസ് വിളമ്പുക. ആവശ്യമെങ്കിൽ കോക്കനട്ട് ക്രീം ചേർക്കാം.

English Summary:

Thailand Mango Sticky Rice Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com