ADVERTISEMENT

വൈപ്പിൻ ( കൊച്ചി )∙ വള്ളക്കാരെ ചതിച്ചിട്ടാണെങ്കിലും സ്വന്തം ഗമ കൂട്ടി മത്തി. ഈ പോക്ക് പോയാൽ വില കിലോഗ്രാമിന് 400 രൂപ കടക്കാൻ താമസമില്ലെന്ന് കച്ചവടക്കാർ പറയുന്നു. കേരള തീരത്ത് സാധാരണക്കാർക്ക് ഏറ്റവും പ്രിയമുള്ള മത്തിയുടെ വില കുതിച്ച് കുതിച്ച് ഇപ്പോൾ എത്തിനിൽക്കുന്നത് കിലോഗ്രാമിന് 360 രൂപയിൽ. ലഭ്യത കുത്തനെകുറഞ്ഞതാണു കാരണം. ബോട്ടുകൾ കടലൊഴിയുന്ന ട്രോളിങ് നിരോധന കാലത്തിന്റെ തുടക്കത്തിൽ വള്ളം നിറയെ ലഭിക്കേണ്ട മത്തി ഇപ്പോൾ കണികാണാനില്ലാത്ത അവസ്ഥയാണ്. വലിയ മാർക്കറ്റുകളിൽ പോലും ആകെയെത്തുന്നത് നാലോ അഞ്ചോ കിലോഗ്രാം മാത്രം.

 ഇതു വിറ്റു തീരാൻ വേണ്ടി വരുന്നത് മിനിറ്റുകൾ. കിട്ടുന്ന മത്തി രുചിയുടെ കാര്യത്തിലും മുന്നിലാണ്. ദിവസങ്ങൾക്കുള്ളിലാണ് വില ഇരട്ടിയോളം ഉയർന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് താരതമ്യേന ലഭ്യത കൂടുതലായതിനാൽ കിലോഗ്രാമിന് 295 രൂപയായിരുന്നു ഇന്നലത്തെ വില. മത്തി ദൗർലഭ്യമുണ്ടായിരുന്ന 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഏതാനും വർഷങ്ങൾക്കു മുൻപാണ് മത്തിക്കൂട്ടങ്ങൾ വീണ്ടും കേരള തീരത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 

കടലിന്റെ അടിത്തട്ട് തന്നെ ഇളക്കിമറിച്ച കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് ശേഷമായിരുന്നു അത്. പിന്നീട് കുറഞ്ഞുവന്ന ലഭ്യത ഏറ്റവും ശോഷിച്ചിരിക്കുന്നത് ഇപ്പോഴാണ്. ഫിഷിങ് ബോട്ടുകൾക്ക് കിട്ടാറുണ്ടെങ്കിലും പൊതുവേ വള്ളക്കാരുടെ മീനായിട്ടാണ് മത്തി അറിയപ്പെടുന്നത്. ട്രോളിങ് നിരോധന തുടക്കത്തിൽ കടലിൽ ഇറങ്ങുന്ന വള്ളങ്ങളുടെ പ്രധാന പ്രതീക്ഷയും മത്തിയാണ്. എന്നാൽ, ഇക്കുറി മത്തിയെന്നല്ല, ഒരു മീനും ലഭിക്കാതെയാണ് വള്ളങ്ങളുടെ മടക്കം.

English Summary:

Kerala Sardine Shortage and Price Increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com