ബിരിയാണിയോട് എന്തിനീ ക്രൂരത; രൂക്ഷ വിമർശനവുമായി ഭക്ഷണപ്രേമികൾ
Mail This Article
ബിരിയാണി ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികൾ കുറവായിരിക്കും. ചിക്കനും മട്ടനും ബീഫും മീനുമൊക്കെ രുചി പകരുന്ന ബിരിയാണിയുടെ ഗന്ധം മൂക്കിലേക്ക് അടിക്കുമ്പോഴേ ചിലർക്കു നാവിൽ വെള്ളമൂറും. എല്ലാക്കാലത്തും ആ വിഭവത്തിന്റെ പരമ്പരാഗത രുചിയോടാണ് ഭൂരിപക്ഷത്തിനും പ്രിയം. അതിലെ പരീക്ഷണങ്ങൾ ഭക്ഷണപ്രേമിക്കൾക്കു സഹിക്കാവുന്നതിനുമപ്പുറമാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ബിരിയാണിയിലെ അത്തരമൊരു പരീക്ഷണം രുചിപ്രേമികളുടെ രൂക്ഷമായ പ്രതികരണമാണ് ഇപ്പോൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഇവിടെ മാങ്ങ കൊണ്ടാണ് ബിരിയാണി തയാറാക്കുന്നത്. മാമ്പഴമാണോ പച്ചമാങ്ങയാണോ എന്ന് വിഡിയോയിൽ വ്യക്തമല്ല.
മുംബൈയിൽ നിന്നുമുള്ള ഹീന കൗസർ റാഡ് എന്ന യുവതിയാണ് മാങ്ങ കൊണ്ട് ബിരിയാണി തയാറാക്കി സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. നേരത്തെ പിങ്ക് നിറത്തിലുള്ള ബാർബി ബിരിയാണിയും സ്‌പൈഡർമാൻ ബിരിയാണിയുമൊക്കെ തയാറാക്കി വലിയ വിമർശനങ്ങൾ ഏറ്റവാങ്ങിയ യുവതിയുടെ ഏറ്റവും പുതിയ പരീക്ഷണമാണ് മാങ്ങ ബിരിയാണി. നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ഏതു ബിരിയാണി ആണെന്ന് ചോദിച്ചു കൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ന് താൻ കഴിക്കാൻ പോകുന്നത് മാങ്ങ ബിരിയാണി ആണെന്നും ഏറെ രുചികരമാണിതെന്നും പറഞ്ഞു കൊണ്ടാണ് തയാറാക്കിയ വിഭവം കഴിക്കുന്നത്.
സോഷ്യൽ ലോകത്ത് നിന്നും നിശിതമായ വിമർശനങ്ങളാണ് യുവതി ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. യുവതിയുടെ ഭക്ഷണ പരീക്ഷണത്തെ ഉൾക്കൊള്ളാൻ ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടില്ല എന്നാണ് കമന്റ് ബോക്സ് നൽകുന്ന സൂചന. ബിരിയാണിയോട് എന്തിനീ ക്രൂരത എന്നും ഈ യുവതിയ്ക്ക് ഇതെന്തു പറ്റി? ദയവ് ചെയ്ത് ഇതൊന്നു അവസാനിപ്പിക്കാമോ എന്നൊക്കെയാണ് ചോദ്യങ്ങളുയരുന്നത്. വൈറലായ വിഡിയോ ഇതുവരെ 2.6 മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്.