ADVERTISEMENT

എല്ലാവരുടെയും വീടുകളില്‍ മിക്കവാറും എന്നും ഉണ്ടാക്കുന്ന ഒരു പ്രാതല്‍ വിഭവമാണ് ചപ്പാത്തി. കുറുമ, ചിക്കന്‍, ചെറുപയര്‍, കടല തുടങ്ങി വിവിധ കറികള്‍ക്കൊപ്പം കഴിക്കുന്ന ചപ്പാത്തിയുടെ മാവ്, വെള്ളം, ഉപ്പ്, ഗോതമ്പ് പൊടി എന്നിവ ഉപയോഗിച്ച് കുഴച്ചെടുക്കുന്നു. ഒരിക്കല്‍ ഉണ്ടാക്കിയെടുത്ത ചപ്പാത്തി, കുറച്ചു നേരം വെച്ചാല്‍ കട്ടിയായി പോകാറുണ്ട്. മാവിലെ ഈര്‍പ്പത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ചപ്പാത്തിയുടെ മൃദുത്വം വ്യത്യാസപ്പെടാം.

chapathi-roll-3

രാവിലെ ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വന്നാല്‍ അവയുടെ മൃദുത്വം ഒട്ടും പോകാതെ എങ്ങനെ സൂക്ഷിച്ചു വയ്ക്കാം എന്ന് നോക്കാം.

മാവിൽ എണ്ണ ചേർക്കുക

ഗോതമ്പ് മാവിൽ കുഴയ്ക്കുന്ന സമയത്ത് അൽപം എണ്ണ ചേർത്താല്‍, മൃദുവും രുചികരവുമായ ചപ്പാത്തി ഉണ്ടാക്കാം.  ചപ്പാത്തി അടുപ്പത്ത് പാനിൽ വെച്ചാൽ അമിതമായി ഈർപ്പം നഷ്ടപ്പെടാതെ വേഗത്തിൽ ചൂടാകാൻ ഇത് സഹായിക്കും.

വെള്ളം ആവശ്യത്തിന് ചേര്‍ക്കുക

തിടുക്കത്തിൽ മാവ് കുഴയ്ക്കുന്നതും ആവശ്യത്തിന് വെള്ളം ചേർക്കാത്തതുമാണ് പലപ്പോഴും ചപ്പാത്തിയുടെ കടുപ്പത്തിന് കാരണം. വെള്ളം അമിതമാകാതെയും കുറഞ്ഞു പോകാതെയും ശ്രദ്ധിക്കണം. മാവിൽ ഇളം ചൂടുവെള്ളമോ പാലോ ചേർത്ത് കുറഞ്ഞത് 15 മിനിറ്റെങ്കിലും കുഴയ്ക്കാം. 20-30 മിനുട്ട് ഇത് നനഞ്ഞ ഒരു തുണി കൊണ്ട് മൂടി വയ്ക്കണം.

ചപ്പാത്തി പരത്തുമ്പോള്‍

ചപ്പാത്തി മാവ് ചെറിയ ഉരുളകളാക്കി വേണം ഉരുട്ടി എടുക്കാന്‍. ഇവയില്‍ വിള്ളലുകള്‍ ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കണം. ഇത് പരത്തുന്നതിന് മുന്‍പ് ചപ്പാത്തി പലകയില്‍ നന്നായി ഗോതമ്പ്പൊടി വിതറുക. ഏകദേശം 5 മുതൽ 7 ഇഞ്ച് വരെ വ്യാസവും ഒന്നര മുതൽ രണ്ടര മില്ലിമീറ്റര്‍ വരെ കനവുമുള്ള ചപ്പാത്തികൾ ഉണ്ടാക്കാന്‍ ശ്രമിക്കുക.

ചപ്പാത്തി വേവിക്കുമ്പോള്‍

പാന്‍ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി അടുപ്പത്ത് വയ്ക്കുക, ഈ ചപ്പാത്തി നന്നായി വീര്‍ത്ത് പൊള്ളി വരണം, ഇല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട് എല്ലാ ഭാഗവും നന്നായി അമര്‍ത്തുക. ആദ്യത്തെ വശം 10 മുതൽ 15 സെക്കൻഡ് വരെ വേവിക്കുക, അത് ഫ്ലിപ്പുചെയ്ത് 30 മുതൽ 40 സെക്കൻഡ് വരെ വേവിക്കുക. ഒരു ചപ്പാത്തി ഒരു മിനിറ്റില്‍ കൂടുതല്‍ വേവിക്കരുത്. കൂടുതല്‍ വെന്താല്‍ ഇത് കട്ടിയായി പോകും. 

വേവിച്ച ചപ്പാത്തി കൂടുതല്‍ നേരം ഫ്രഷ്‌ ആയി വയ്ക്കാന്‍

ചപ്പാത്തി വെന്ത ശേഷം അവ ഒരു കാസറോളില്‍ ആക്കി സൂക്ഷിക്കുക. ഇതിന്‍റെ വശത്തായി ഒരു കഷ്ണം വൃത്തിയാക്കിയ ഇഞ്ചി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ചപ്പാത്തി കൂടുതല്‍ നേരം ഫ്രെഷും സോഫ്റ്റും ആയി വയ്ക്കാന്‍ സഹായിക്കും.

English Summary:

Tips to Keep Chapati Soft Longer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com