പാത്രം തുറന്നുവച്ചാണോ ഭക്ഷണം പാകം ചെയ്യുന്നത്? ഇനി ഈ രീതി വേണ്ട, കാരണമുണ്ട്!
Mail This Article
പാത്രങ്ങളുടെ മൂടി തുറന്നുവച്ച് പാചകം ചെയ്യുന്ന "ഓപ്പൺ ലിഡ് കുക്കിങ്" രീതിക്കെതിരെ മുന്നറിയിപ്പ് നൽകി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുറത്തിറക്കിയ ഇന്ത്യക്കാർക്കുള്ള സമീപകാല ഭക്ഷണ മാർഗനിർദ്ദേശങ്ങളിലാണ് ഐസിഎംആർ ഇക്കാര്യം പറയുന്നത്. ഈ പാചകരീതി, അവശ്യ പോഷകങ്ങളുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകും.
മൂടി തുറന്ന്, പാചകം ചെയ്യുമ്പോൾ, ഭക്ഷണം പാകമാകാൻ കൂടുതൽ സമയമെടുക്കും, വായുവുമായി സമ്പർക്കം പുലർത്തുന്നത് പോഷകങ്ങളുടെ നഷ്ടത്തിന് ആക്കം കൂട്ടുന്നു. മൂടി അടച്ച് പാചകം ചെയ്യുമ്പോൾ, ഭക്ഷണം വേഗത്തിൽ പാകം ചെയ്യപ്പെടുകയും കുറഞ്ഞ പാചക സമയം കാരണം പോഷകങ്ങൾ നന്നായി നിലനിർത്തുകയും ചെയ്യും. മൂടിവെച്ച് പാചകം ചെയ്യുമ്പോൾ പച്ചക്കറികളും പച്ച ഇലക്കറികളും നിറം മാറുന്നു, പക്ഷേ പോഷക നഷ്ടം കുറയ്ക്കുന്നു. ഐസിഎംആർ പറഞ്ഞു.
തുറന്നു പാചകം ചെയ്യുമ്പോള്‍, വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിൻ സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ നീരാവിയിലൂടെ നഷ്ടപ്പെടും. കൂടാതെ , വായുവിലെ ഓക്സിജനുമായി ചേര്‍ന്നു, ഭക്ഷണത്തിലെ ചില പോഷകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ഇതും പോഷകനഷ്ടമുണ്ടാക്കുന്നു.
പോഷകനഷ്ടം കുറയ്ക്കാന്‍ അടച്ചു വേവിക്കുന്നതിനു പുറമേ വേറെയും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾ വേവിക്കുമ്പോൾ, ആവശ്യമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. സ്റ്റീമിംഗ് അല്ലെങ്കിൽ പ്രഷർ കുക്കര്‍ വഴി പാചകം ചെയ്യുമ്പോള്‍ ഓക്സിഡേഷനും ലീച്ചിംഗും കുറയ്ക്കുന്നു. വേഗത്തിൽ പാകം ചെയ്യാനും പോഷകങ്ങളുടെ നഷ്ടം കുറയ്ക്കാനും പച്ചക്കറികൾ ചെറിയ കഷണങ്ങളായി മുറിക്കുക. അതോടൊപ്പം തന്നെ കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുമ്പോള്‍ പരമാവധി ഫ്രെഷായവ തിരഞ്ഞെടുക്കുക.