ADVERTISEMENT

നല്ല വെയിലത്ത്‌ നിന്നു കയറി വന്ന്, ഒരു ഗ്ലാസ് ഉപ്പിട്ട കഞ്ഞിവെള്ളം ചൂടോടെ കുടിച്ചിട്ടുണ്ടോ? പെട്ടെന്നൊരു കുളിര്‍മ്മ വന്ന് ശരീരത്തെ പൊതിയും, ക്ഷീണം പമ്പ കടക്കുന്നത് ഓരോ അണുവിലും അനുഭവിച്ചറിയാം! അത്രയേറെ മാന്ത്രിക ഗുണങ്ങളുള്ള ഒരു പാനീയമാണ് കഞ്ഞിവെള്ളം. 

എന്താണ് ശരിക്കും കഞ്ഞിവെള്ളം? 

ചോറുണ്ടാക്കി കഴിഞ്ഞ് ബാക്കി വരുന്ന അന്നജം അടങ്ങിയ പാനീയമാണ് കഞ്ഞിവെള്ളം. അന്നജം മാത്രമല്ല, ശരീരത്തിന് അത്യുത്തമമായ മറ്റ് പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഇതിലുണ്ട്, അതിനാല്‍, ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ഇതിനു കഴിയും. ചര്‍മം തിളക്കമുള്ളതും മൃദുവാമാകാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ കഞ്ഞിവെള്ളം എങ്ങനെ കുടിക്കാം?

പോഷകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും കാലറി വളരെ കുറവാണ് കഞ്ഞിവെള്ളത്തില്‍. 100 മില്ലി കഞ്ഞിവെള്ളത്തില്‍ ഏകദേശം 40-50 കാലറിയാണ് അടങ്ങിയിട്ടുള്ളത്. കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ഗുണവുമുണ്ട്. 

കഞ്ഞിവെള്ളത്തിലെ അന്നജം ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. കൊഴുപ്പിന്‍റെ രാസവിനിമയം പ്രോത്സാഹിപ്പിച്ച്, അത് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും അന്നജം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുമ്പോള്‍, ശരീരത്തിന് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

rice-water-drink
Image Credit:New Africa/Shutterstock

രാവിലെ പഴങ്കഞ്ഞി കുടിക്കുന്നത്, ദിവസം മുഴുവന്‍ വിശപ്പ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ, ഭക്ഷണത്തിന്‌ അര മണിക്കൂര്‍ മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത്, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് പതിനഞ്ചു ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഇതും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകൾ കഞ്ഞിവെള്ളത്തിലുണ്ട്. ഇത് ജലാംശം നിലനിര്‍ത്താനും, അതുവഴി ദഹനം കൂട്ടി  ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

കഞ്ഞിവെള്ളം കൊണ്ട് രസം ഉണ്ടാക്കാം

കഞ്ഞിവെള്ളം ഉപയോഗിച്ച് അടിപൊളി രസം ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ കഴിക്കാവുന്ന ഈ കിടിലന്‍ രസം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

 * ചോറൂറ്റിയ ശേഷം ബാക്കിവരുന്ന കഞ്ഞിവെള്ളം എടുത്തു വയ്ക്കുക.
 * ഒരു പാന്‍ ചൂടാക്കിയ ശേഷം അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കടുക്, ഒരു ടീസ്പൂണ്‍ ജീരകം, ഒരു ചുവന്ന മുളക് എന്നിവ ചേര്‍ത്ത് താളിക്കുക.
* ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേര്‍ത്ത് രണ്ടു മിനിറ്റ് വഴറ്റുക

* ഒരു വലിയ തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. ഒപ്പം ഒരുപിടി കറിവേപ്പില കൂടി ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക

* ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തില്‍ വാളന്‍പുളി പിഴിഞ്ഞെടുത്ത് അത് അടുപ്പത്തേക്ക്  ഒഴിക്കുക.

* ഇതിലേക്ക് ആവശ്യത്തിന്‌ കായം പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ രസം പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. 

* ഇതിലേക്ക് ഒരു കപ്പ്‌ കഞ്ഞിവെള്ളം ഒഴിച്ച് രണ്ടു മിനിറ്റ് തിളപ്പിക്കുക

 നന്നായി തിളച്ചു വന്ന ശേഷം, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് മല്ലിയില എന്നിവ കൂടി ചേര്‍ത്ത് വാങ്ങിവെക്കാം. കഞ്ഞിവെള്ളം കൊണ്ടുള്ള രസം റെഡി!

English Summary:

Drink Porridge for Weight loss Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com