ADVERTISEMENT

നന്നായി ചിന്തിക്കണമെങ്കിൽ, നന്നായി ഉറങ്ങണമെങ്കിൽ, എന്തിനധികം പറയുന്നു നന്നായി സ്നേഹിക്കണമെങ്കിൽ പോലും നന്നായി ഭക്ഷണം കഴിച്ചിരിക്കണം എന്നാണ് പറയുന്നത്. എഴുത്തുകാരിയായിരുന്ന വിർജീനിയ വൂൾഫ് ആണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, കഴിഞ്ഞദിവസം വന്ദേ ഭാരതിൽ യാത്ര നടത്തിയ നിർഭാഗ്യർക്ക് കിട്ടിയ ഭക്ഷണം സകല മൂഡും കളയുന്നത് ആയിരുന്നു. വിശന്നിരുന്നപ്പോൾ മുന്നിലേക്ക് എത്തിയ ഭക്ഷണം ആകാംക്ഷയോടെ തുറന്നപ്പോൾ വരവേറ്റത് ഒരു പാറ്റ. പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് യാത്ര ചെയ്ത ദമ്പതികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

550 കിലോമീറ്റർ വരുന്ന യാത്രയ്ക്ക് ഏകദേശം ഏഴു മണിക്കൂർ സമയമെടുക്കും. ഈ യാത്രയ്ക്കിടയിൽ കൃത്യസമയത്ത് ഭക്ഷണം എത്തി. എന്നാൽ ഭക്ഷണപ്പൊതി തുറന്നപ്പോൾ കണ്ടത് ഒരു ചത്ത പാറ്റയെ ആയിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് വിദിത് വർഷിണി എന്ന വ്യക്തിയാണ് തന്റെ ആന്റിക്കും അങ്കിളിനും ഉണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. പാറ്റ ഉൾപ്പെടെ ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത കുറിപ്പ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് വിഭാഗത്തിന്റെ ശുചിത്വമില്ലായ്മയെക്കുറിച്ച് കുറിപ്പിൽ വിദിത് വർഷിണി പരാതിപ്പെടുകയും ചെയ്തു.

ഭക്ഷണ കച്ചവടക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട വിദിത് ഇത്തരത്തിലുള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും റെയിൽവേയോട് ആവശ്യപ്പെട്ടു. 

യാത്രക്കാരന്റെ പരാതിയും ആവശ്യങ്ങളും റെയിൽവേ തുറന്ന മനസ്സോടെ സ്വീകരിച്ചു. യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം അറിയിച്ച ഇന്ത്യൻ റെയിൽവേ ഇതൊരു ഗുരുതരമായ പിഴവായി കണക്കാക്കുമെന്നും ഉചിതമായ ശിക്ഷ ബന്ധപ്പെട്ടവർക്ക് നൽകുമെന്നും ഉറപ്പു നൽകി. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലങ്ങളിലെ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും റെയിൽവേ മറുപടി ട്വീറ്റിൽ അറിയിച്ചു. 

English Summary:

Indian Railways Food Safety Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com