കുടവയറും തടിയും പെട്ടെന്ന് കുറയ്ക്കണോ? എങ്കിൽ ഈ പാനീയങ്ങൾ ശീലമാക്കൂ
Mail This Article
ശരീര ഭാരം കുറയ്ക്കണം എന്നാൽ വ്യായാമം ചെയ്യാനാണെങ്കിൽ സമയക്കുറവും. അങ്ങനെയുള്ളവർക്കു കുടവയറും ശരീരഭാരവും കുറയ്ക്കാനാനായി നമ്മുടെ ദിവസേനയുള്ള ഡയറ്റിൽ ഇനി പറയുന്നവ കൂടി ഉൾപ്പെടുത്തിയാൽ മതിയാകും. ദിവസവും കാലത്ത് വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിച്ചാൽ വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ദഹനം സുഗമമാക്കാനും കഴിയും. കാലങ്ങളായി നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്ന ഈ പാനീയങ്ങൾ ഇനിയും ശീലമാക്കൂ..ഒരു പരിധിവരെ കുടവയറിൽ നിന്നും പരിഹാരമേകാൻ ഇവ സഹായിക്കും.
ജീരകവെള്ളം
ജീരക വെള്ളം കാലങ്ങളായി നാം ഉപയോഗിച്ച് വരുന്ന ഒന്നാണ്. ദഹന പ്രക്രിയ എളുപ്പത്തിലാക്കാൻ ജീരകത്തിനു കഴിയും. വയറു കമ്പനം കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ജീരകം ചേർത്ത വെള്ളം കുടിയ്ക്കുക വഴി സാവധാനത്തിൽ ശരീര ഭാരം കുറയും.
ജീരക വെള്ളം തയാറാക്കാനായി രണ്ടു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകമിട്ടു അഞ്ചു മിനിട്ടു നേരം തിളപ്പിക്കുക. അല്പം ചെറുനാരങ്ങ നീര് കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അരിച്ചെടുത്തു ചെറു ചൂടോടെ കുടിക്കാവുന്നതാണ്.
അയമോദക വെള്ളം
വെറുവയറ്റിൽ അയമോദകം ചേർത്ത വെള്ളം കുടിക്കുന്നത് വഴി ദഹന പ്രക്രിയ എളുപ്പത്തിലാകും. പുളിച്ചു തികട്ടൽ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാമെന്നു മാത്രമല്ല, സാവധാനത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യാം. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകം ചേർത്ത് തിളപ്പിക്കാം. തണുത്തതിനു ശേഷം ഈ വെള്ളം കുടിക്കാവുന്നതാണ്. മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീര ഭാരം കുറയ്ക്കാനും ഈ പാനീയത്തിനു കഴിയും.
നെല്ലിക്ക ജൂസ്
വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിട്ടുണ്ട് നെല്ലിക്കയിൽ. മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കയ്ക്കും കഴിയുവുണ്ട്. വളരെ എളുപ്പത്തിൽ ഈ പാനീയം തയാറാക്കാം. ഒന്നോ രണ്ടോ നെല്ലിക്ക, ഒരു കപ്പ് വെള്ളത്തിൽ ബ്ലെൻഡ് ചെയ്തെടുക്കാം. ഇനി അരിച്ചു മാറ്റിയതിനു ശേഷം പാകത്തിന് ഉപ്പും കുറച്ചു കുരുമുളക് പൊടിയും ചേർക്കാവുന്നതാണ്. ആവശ്യമെങ്കിൽ മധുരത്തിനായി അല്പം തേൻ കൂടി ഒഴിക്കാം. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നിർവീര്യമാക്കാനുമിതു സഹായിക്കും.
മഞ്ഞൾ ചേർത്ത പാൽ
ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് മഞ്ഞൾ. കൊഴുപ്പ് കുറഞ്ഞ പാലാണ് ഇതിനു വേണ്ടി എടുക്കേണ്ടത്. ഒരു കപ്പ് പാൽ നന്നായി ചൂടാക്കിയതിനു ശേഷം അതിലേക്കു അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം.
ഒരു നുള്ള് കുരുമുളക് പൊടിച്ചതും മധുരത്തിനായി തേനും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. മെറ്റബോളിസം വർധിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ പാനീയത്തിനു കഴിയും.
പുതിന, മല്ലിയില ജൂസ്
പുതിനയ്ക്കും മല്ലിയിലയ്ക്കും ദഹനം ത്വരിതഗതിയിലാക്കാനുള്ള കഴിവുണ്ട്. വയറിന്റെ കമ്പനം പോലുള്ള പ്രശ്നങ്ങൾക്കും ഇതൊരു പ്രതിവിധിയാണ്. ഒരു കൈ നിറയെ പുതിനയിലയും മല്ലിയിലയുമെടുത്ത് വെള്ളത്തിനൊപ്പം ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കാം. അരിച്ചെടുത്തതിന് ശേഷം ചെറുനാരങ്ങയുടെ നീരും തേനും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ദഹനം എളുപ്പത്തിലാക്കാനും ഈ പാനീയത്തിനു ശേഷിയുണ്ട്. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
ഉലുവ വെള്ളം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാതിരിക്കാൻ ഉലുവ ഏറെ സഹായകരമാണ്. ശരീര ഭാരം നിയന്ത്രിക്കാനും ഉലുവ ചേർത്ത വെള്ളം കുടിച്ചാൽ മതിയാകും. ഒരു ടീസ്പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാനായി ഇട്ടുവെയ്ക്കാം. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കാവുന്നതാണ്. വിശപ്പിനെ കുറയ്ക്കാനും അമിതമായി ആഹാരം കഴിക്കുന്ന പ്രവണത ഇല്ലാതെയാക്കാനും ഈ ഉലുവ വെള്ളം സഹായിക്കും.
ത്രിഫല ചായ
ആയുർവേദ പ്രകാരം ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ത്രിഫല. ചായ തയാറാക്കുന്നതിനായി ഒരു ടീസ്പൂൺ ത്രിഫല പൊടിച്ചത് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് അഞ്ചു മിനിട്ടു തിളപ്പിക്കാം. ഇനി അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. മേല്പറഞ്ഞ പാനീയങ്ങൾ പോലെതന്നെ ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാൻ ഈ ചായയ്ക്ക് കഴിയും. മാത്രമല്ല, ശരീരത്തിലേക്കു പോഷകങ്ങൾ ആഗിരണവും ചെയ്യാനും ആരോഗ്യകരമായ മെറ്റാബോളിസത്തിനും ഇതേറെ ഗുണകരമാണ്.