ഈ കറുത്ത നിറം വഴുതനങ്ങയിലെ വിഷം ആണോ? ഉഡുപ്പിയില്‍ മാത്രം വളരുന്നത്
Mail This Article
നല്ല തിളങ്ങുന്ന പച്ച നിറത്തില്‍, പന്തു പോലെ ഉരുണ്ട രസികനൊരു വഴുതന. ഉടുപ്പിയില്‍ മാത്രമേ ഈ തരം വഴുതനങ്ങ വളരൂ. വളരെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ വഴുതനങ്ങ ഉടുപ്പിക്കാരുടെ സ്വകാര്യ അഭിമാനം കൂടിയാണ്. ഇവനാണ് മട്ടു ഗുല്ല.
വഴുതനങ്ങയിലെ വിഷം
ഗുല്ല കുറച്ചുനേരം വെള്ളത്തിൽ മുക്കി വച്ചാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍, വെള്ളം കറുത്തതായി മാറുകയും ഗുല്ലയുടെ ചവര്‍പ്പ് മാറുകയും ചെയ്യും. ഈ കറുത്ത നിറം വിഷമായാണ് കണക്കാക്കുന്നത്. വഴുതനങ്ങാ കൃഷി ചെയ്ത്, വിളവെടുപ്പ് കഴിഞ്ഞാല്‍ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ഭഗവാന് ആദ്യവിള അർപ്പിക്കുന്ന ആചാരം ഇന്നും തുടരുന്നു.
ഗുല്ല കൊണ്ട് എന്താണ് ഉണ്ടാക്കുന്നത്?
ഈ വഴുതനങ്ങ കൊണ്ട് ഉണ്ടാക്കുന്ന ജനപ്രിയ വിഭവങ്ങളിൽ ഒന്നാണ് സാമ്പാർ. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ആരാധനയും നടത്തിപ്പും എട്ട് മഠങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നത്, ഓരോ രണ്ടു വര്‍ഷത്തിലും ഇതിന്‍റെ നടത്തിപ്പ് ഒരു മഠത്തില്‍ നിന്നും മറ്റൊന്നിലേക്ക് കൈമാറുന്ന 'പര്യായ' ഉത്സവം നടക്കുന്നു, ഈ സമയത്ത് ഗുല്ല കൊണ്ടുണ്ടാക്കുന്ന സാമ്പാര്‍ അതിവിശേഷമാണ്.
ഗുല്ല പുഡ്ഡി സാഗ്ലി എന്ന സ്റ്റഫ്ഡ് വഴുതനയും ഗുല്ല ബജിയുമാണ് മറ്റു രണ്ടെണ്ണം.
വഴുതനങ്ങയ്ക്കുമുണ്ട് പുരാണം!
മറ്റ് സ്ഥലങ്ങളിൽ വളരുന്ന പർപ്പിൾ വഴുതനങ്ങയിൽ നിന്ന് വ്യത്യസ്തമായി പച്ച നിറമാണ് മട്ടു ഗുല്ലയ്ക്ക്. "ഗുല്ല" എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ, അത് ഗോളാകൃതിയിലാണ്. മട്ടു ഗുല്ലയുമായി ബന്ധപ്പെട്ട് ഒരു കഥ ഈ പ്രദേശങ്ങളില്‍ നിലവിലുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ ഉഡുപ്പിയില്‍ ജീവിച്ചിരുന്ന ദ്വൈത തത്ത്വചിന്തകനും കവിയും സഞ്ചാരിയും ശാസ്ത്രജ്ഞനുമായിരുന്നു ശ്രീ വാദിരാജ തീർത്ഥ. കുതിരദേവനായ ഹയഗ്രീവന് അദ്ദേഹം എല്ലാ ദിവസവും, ബംഗാൾ പയർ, ശർക്കര, നെയ്യ്, വറുത്ത തേങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹയഗ്രീവ മദ്ദി എന്ന പ്രസാദം അർപ്പിച്ചിരുന്നത്രേ. ദേവന്‍ വാദിരാജയുടെ കയ്യില്‍ നിന്നും പ്രസാദം നേരിട്ട് കഴിക്കുമായിരുന്നു എന്നാണ് കഥ. ബാക്കി വരുന്ന മദ്ദി അദ്ദേഹം കഴിക്കും.
ഇതില്‍ അസൂയ തോന്നിയ മറ്റു ചില ഭക്തര്‍ ഒരു ദിവസം മദ്ദിയിൽ വിഷം കലർത്തി. അന്നത്തെ ദിവസം ഹയഗ്രീവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മദ്ദി മുഴുവൻ തിന്നു, വാദിരാജന് ഒന്നും ബാക്കി വച്ചില്ല. അന്നു രാത്രി, ദേവന്‍റെ ശരീരം മുഴുവന്‍ വിഷബാധയേറ്റ് നീല നിറമാകുന്നതായി വാദിരാജ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍, ഹയഗ്രീവൻ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും വിഷം നീക്കം ചെയ്യുന്നതിനുള്ള പ്രതിവിധി നിർദ്ദേശിക്കുകയും ചെയ്തു.
സ്വപ്നത്തില്‍ അദ്ദേഹം ഈ വഴുതനങ്ങയുടെ വിത്തുകള്‍ വാദിരാജന് നല്‍കി. 48 ദിവസത്തിനുള്ളിൽ ചെടി വളരുമെന്ന് പറഞ്ഞു. വാദിരാജന്‍ വഴുതനങ്ങകൾ പാകം ചെയ്ത് ഹയഗ്രീവന് 48 ദിവസം സമർപ്പിച്ചു, അതോടെ വിഷം മുഴുവന്‍ പോയെന്നാണ് കഥ.
ജി ഐ ടാഗ് കിട്ടിയ വഴുതന
ഉഡുപ്പിയിലെ മാട്ടു, കൈപുഞ്ചലു, കടപ്പാടി, കോട്ടെ, പംഗള, അലിഞ്ച, അമ്പാടി, ഉളിയറഗോളി എന്നിവിടങ്ങളിൽ ഗുല്ല വളർത്തുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മഴക്കാലത്തിനു ശേഷം കൃഷി ചെയ്യുന്ന ഒരു സീസണൽ പച്ചക്കറിയാണിത്. 2011ലാണ് ഇതിന് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് നൽകിയത്. കീടങ്ങളുടെ ആക്രമണം, ബിടി വഴുതനങ്ങയുടെ വരവ് തുടങ്ങി വിവിധ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മട്ടു ഗുല്ലയുടെ ഉത്പാദനം കുറഞ്ഞിട്ടുണ്ട്.