ADVERTISEMENT

ലണ്ടനിൽ നടന്ന 2024 ഇൻ്റർനാഷനൽ സ്പിരിറ്റ്സ് ചലഞ്ചിൽ "ലോകത്തിലെ ഏറ്റവും മികച്ച വിസ്കി" കിരീടം നേടി ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസ്. ഇവരുടെ ഫ്ലാഗ്ഷിപ്പ് സിംഗിള്‍ മാള്‍ട്ട് വിസ്കിയായ അമൃത് ഫ്യൂഷന്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഉല്‍പ്പന്നം. സ്കോട്ട്ലൻഡ്, അയർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകപ്രശസ്ത വിസ്കി ബ്രാൻഡുകളെ പരാജയപ്പെടുത്തിയാണ് അമൃത് ഡിസ്റ്റിലറീസ് ഈ കിരീടം നേടിയത്. ഗുണനിലവാരമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്കിയ്ക്ക് പേരുകേട്ട ബ്രാന്‍ഡ്‌ ആണ് അമൃത്.

ചലഞ്ചിന്റെ 29-ാം പതിപ്പിലെ "വേൾഡ് വിസ്കി" വിഭാഗത്തിൽ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വർണ മെഡലുകൾ നേടി. രാജ്യാന്തര മദ്യനിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സമാനതകളില്ലാത്ത ഗുണനിലവാരത്തെയും  അടിവരയിടുന്നതാണ് ഈ വിജയം. ഇതോടെ ആഡംബര സ്പിരിറ്റുകളുടെ മുൻനിര നിർമ്മാതാവ് എന്ന നിലയിൽ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തിൽ സ്ഥാനം ഉറപ്പിച്ചു. 

കര്‍ണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെ 1948-ൽ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. ബാംഗ്ലൂരിലെ രാജാജി നഗറിലാണ് ഇതിന്‍റെ ആസ്ഥാനം. സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു അവരുടെ ആദ്യ ഉല്‍പ്പന്നം. ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‍‍വാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസിന്‍റെ വിസ്കി വിൽക്കുന്നു. 

ലോകപ്രശ സ്ത എഴുത്തുകാരനും, വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിംഗ് നൽകിയതിന് ശേഷമാണ് ബ്രാൻഡ് പ്രശസ്തമായത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യന്‍ വിസ്കിയെന്നുള്ള പൊതു അഭിപ്രായം മാറ്റാന്‍ ബ്രാന്‍ഡിന് കഴിഞ്ഞെന്ന് അമേരിക്കൻ മാസികയായ വിസ്കി അഡ്വക്കേറ്റിന്റെ എഡിറ്ററായ ജോൺ ഹാൻസെൽ എഴുതി. 

ഇതാദ്യമായല്ല, രാജ്യാന്തരഅംഗീകാരങ്ങള്‍ ബ്രാന്‍ഡിനെ തേടി എത്തുന്നത്. 2019 ൽ, അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി "വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും", അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ "വേള്‍ഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും നേടി.

സിംഗിള്‍ മാള്‍ട്ട് വിസ്കി മാത്രമല്ല,  ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.

English Summary:

Amrit Fusion Named Worlds Best Whisky 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com