വെറും നാല് ചേരുവകൾ മതി, സിംപിളായി ചോക്ലേറ്റുകൾ ഉണ്ടാക്കാം
Mail This Article
വളരെ എളുപ്പത്തിൽ, കുറഞ്ഞ ചേരുവകൾ കൊണ്ട് തയാറാക്കാൻ കഴിയുന്ന ഒന്നാണ് ഹോം മെയ്ഡ് ചോക്ലേറ്റുകൾ. വെറും നാല് ചേരുവകൾ മതി രുചികരമായ ചോക്ലേറ്റുകൾ തയാറാക്കാൻ. ബട്ടർ, പാൽപ്പൊടി, പൊടിച്ച പഞ്ചസാര, കോക്കോ പൗഡർ. ഇവ ഉപയോഗിച്ച് ആരിലും കൊതിയുണർത്തുന്ന ചോക്ലേറ്റുകൾ വെറും പത്തു മിനിറ്റിൽ തയാറാക്കിയെടുക്കാം.
* ബട്ടർ : ചോക്ലേറ്റ് തയാറാക്കാൻ എപ്പോഴും ഗുണനിലവാരമുള്ള ബട്ടർ തന്നെ വേണം. വീട്ടിൽ തയാറാക്കിയ ബട്ടർ ആണെങ്കിൽ അത്രയും നല്ലത്.
* പാൽപ്പൊടി : നല്ലതുപോലെ പൊടിഞ്ഞ പാൽ പൊടി വേണം ചോക്ലേറ്റിന്. തരികൾ ഉണ്ടെങ്കിൽ നന്നായി പൊടിച്ചെടുക്കാൻ ശ്രദ്ധിക്കണം.
* പൊടിച്ച പഞ്ചസാര : സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പഞ്ചസാര നന്നായി പൊടിച്ചെടുത്താൽ മതിയാകും.
* കൊക്കോ പൗഡർ : ഗുണനിലവാരമുള്ള കൊക്കോ പൗഡർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ആവശ്യമായ ചേരുവകൾ
പഞ്ചസാര പൊടിച്ചത് - മൂന്ന് ടേബിൾ സ്പൂൺ
കൊക്കോ പൗഡർ - രണ്ട് ടേബിൾ സ്പൂൺ
പാൽ പൊടി - ഒരു ടേബിൾ സ്പൂൺ
ബട്ടർ - കാൽ കപ്പ്
വാനില എസ്സൻസ് - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
പഞ്ചസാര പൊടിച്ചത്, കൊക്കോ പൗഡർ, പാൽപ്പൊടി എന്നിവ ഒരു അരിപ്പയിലേക്കിട്ടു നന്നായി അരച്ചെടുക്കണം. ഈ മൂന്നു ചേരുവകളും മിക്സ് ചെയ്തതിനു ശേഷം മാറ്റിവയ്ക്കാം. ഇനി ഒരു സോസ്‌പാനിൽ കുറച്ച് വെള്ളമെടുത്തു തിളപ്പിക്കണം. ഒട്ടും തന്നെയും ജലാംശമില്ലാത്ത ഒരു ബൗൾ ഈ സോസ്പാനിനു മുകളിൽ വച്ചതിനു ശേഷം ബട്ടർ ഉരുക്കിയെടുക്കാം. ബട്ടർ ഉരുകിയതിലേക്കു നേരത്തെ അരിച്ചു മാറ്റി വച്ചിരിക്കുന്നവ രണ്ടു ബാച്ചുകളായി ചേർത്ത് കൊടുക്കാം.
ആദ്യത്തെ തവണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മാത്രം രണ്ടാമത് ചേർക്കാൻ ശ്രദ്ധിക്കണം. തരികളോ കട്ടകളോ ഇല്ലാതെ യോജിപ്പിച്ച ഈ കൂട്ടിലേക്കു അര ടീസ്പൂൺ വാനില എസ്സൻസ് ചേർക്കാം. ഒരിക്കൽക്കൂടി ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം. പെട്ടെന്ന് തന്നെ ഈ മിശ്രിതം ചോക്ലേറ്റ് മൗൾഡിലേക്ക് മാറ്റാവുന്നതാണ്. ഇനി ഒരു മണിക്കൂർ നേരം ഫ്രിജിൽ വയ്ക്കാം. ഫ്രിജിൽ നിന്നും പുറത്തെടുത്ത് സാവധാനത്തിൽ മൗൾഡിൽ നിന്നും മാറ്റാം. ചോക്ലേറ്റ് റെഡിയായി കഴിഞ്ഞു.