സൂഫിയുടെ സുജാതയ്ക്ക് എന്നും പ്രിയപ്പെട്ടത്; അദിതിറാവുവിന് ഇത് സ്പെഷലാണ്!
Mail This Article
സൂഫിയുടെ സുജാതയായി മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലായി മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദിതിക്ക് ഇന്ത്യയൊന്നാകെ ആരാധകരുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ, സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ' എന്ന സീരീസിലും അദിതിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി.
മുപ്പത്തേഴു വയസ്സിലും ഇരുപതുകളുടെ തിളക്കം കാത്തുസൂക്ഷിക്കുന്ന അദിതിയുടെ ഭക്ഷണരീതികളും ചര്‍മസംരക്ഷണവും ഭക്ഷണരീതികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഈയിടെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവത്തെക്കുറിച്ച് അദിതി ഒരു വിഡിയോയില്‍ പറഞ്ഞിരുന്നു. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എന്നാല്‍ രുചികരവും പോഷക സമൃദ്ധവുമായ ഒരു വിഭവമാണ് ഇത്. ഇത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.
- ഒരു പാനില്‍ ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച്, അതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ഉള്ളി അരിഞ്ഞത്, 2 പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് 3 മിനിറ്റ് കുക്ക് ചെയ്യുക
- മൂന്നു മുട്ട പൊട്ടിച്ച് ഈ മിശ്രിതത്തിനു മുകളിലേക്ക് ഒഴിച്ച് വയ്ക്കുക
- മൂന്നു മിനിറ്റ് വേവിക്കുക
- ഒരു മിക്സിയില്‍ 6-7 അല്ലി വെളുത്തുള്ളി, 1 ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ ജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക, അരഞ്ഞു പോകരുത്.
- ഈ പേസ്റ്റ്, പാനിലെ മുട്ടയുടെ മുകളില്‍ വിതറി തീ ഓഫ് ചെയ്യുക
- ഇത് ചപ്പാത്തിക്കൊപ്പം കഴിക്കാവുന്നതാണ്.
ഇത് യഥാര്‍ത്ഥത്തില്‍ അറേബ്യന്‍ വിഭവമായ ശക്ഷൗകയാണ്. വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഉടനീളം പ്രശസ്തമായ ഒരു വിഭവമാണ് ഇത്. ഇതിന്‍റെ പാചകരീതിയില്‍ പലയിടത്തും വ്യത്യാസങ്ങള്‍ കണ്ടുവരാറുണ്ട്. തക്കാളി, ആട്ടിറച്ചി, മീന്‍ എന്നിവയെല്ലാം ചേര്‍ത്ത വ്യതിയാനങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. മുട്ടയ്ക്ക് പകരം ടോഫു ചേര്‍ത്ത് വീഗന്‍ രീതിയിലും ഇത് ഉണ്ടാക്കാറുണ്ട്.