ADVERTISEMENT

ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. ചിലര്‍ക്ക് കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ പാല്‍ കൂടുതല്‍ ഒഴിച്ച ചായ വേണം. ഇനി ചിലര്‍ക്ക് കട്ടന്‍ചായയും പരിപ്പുവടയും കൂട്ടി അടിക്കാനാണ്‌ താല്പര്യം!

ചായ ഏതായാലും അതിന്‍റെ പരമാവധി ഗുണങ്ങള്‍ ശരീരത്തിന് കിട്ടാന്‍ എങ്ങനെ കുടിക്കണം എന്നറിയാമോ? ഇതേക്കുറിച്ച് 'പാലാക്കാരൻ അച്ചായൻ' എന്ന ഫേസ്ബുക്ക് പേജില്‍ വന്ന രസകരമായ ഒരു പോസ്റ്റ്‌ ഈയിടെ വൈറലായിരുന്നു.

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ? എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്‌ തുടങ്ങുന്നത്. ഈ ചോദ്യത്തിനുള്ള ശാസ്ത്രീയമായ ഉത്തരം എന്ന് പറഞ്ഞു കൊണ്ടാണ് ബാക്കി വിശദീകരണം.

കേരളത്തിലെ ഒരു തേയില എസ്റ്റേറ്റ് സന്ദർശിക്കാൻ പോയപ്പോള്‍ അവിടുത്തെ സ്റ്റാഫ് പകര്‍ന്നുകൊടുത്തതാണ് ഈ അറിവ്. 

1405865764
Image Credit: fotostorm/Istock

"സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. പക്ഷേ, അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ഇത് രണ്ടും തെറ്റായ രീതിയാണെന്ന്.

വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം.  

ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.

അതിന് അദ്ദേഹം കാരണമായി പറഞ്ഞത് തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും."

പോസ്റ്റില്‍ പറയുന്നു.

ചായയുടെ രുചിവ്യത്യാസം അറിയാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

"ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തണം. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി കംപെയര്‍ ചെയ്യും" അതിനാല്‍ കുറച്ചു തവണ കുടിച്ചു നോക്കിയ ശേഷം മാത്രമേ ഇങ്ങനെ ഉണ്ടാക്കിയ ചായയുടെ രുചി ശരിക്കും ആസ്വദിക്കാനാവൂ.

ഇതേ രീതിയില്‍ ചായ ഉണ്ടാക്കിയ കുറേപ്പേര്‍ താഴെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വളരെ നല്ലതായിരുന്നു എന്നാണ് കൂടുതല്‍ ആളുകളും പറഞ്ഞത്. എന്നാല്‍ നന്നായി തിളപ്പിക്കുമ്പോള്‍ ചായയിലെ കീടനാശിനികള്‍ കൂടി ആവിയായി പോകുമെന്നും അതിനാല്‍ നന്നായി തിളപ്പിച്ചിട്ട് കുടിക്കുന്നതാണ് നല്ലതെന്നും കമന്‍റുകളുണ്ട്.

English Summary:

Scientific way to Make Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com