പഞ്ചസാരയ്ക്ക് പകരം ചായയില്‍ ശര്‍ക്കര ഇടുന്നത് കൂടുതല്‍ നല്ലതാണോ? ഡയറ്റീഷ്യന്റെ ഉത്തരം!
Mail This Article
ഇന്നത്തെ കാലത്ത് ഹെല്‍ത്തി ഫുഡ് തേടി പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. നമുക്ക് പ്രിയപ്പെട്ട ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കാതെ എങ്ങനെ ഹെല്‍ത്തി ആയി ഉപയോഗിക്കാം എന്നുള്ള കണ്ടുപിടിത്തങ്ങളും കുറേയുണ്ട്. ദൈനംദിന ജീവിതത്തില്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചായ. ഒരുപാട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍, പഞ്ചസാര ഒഴിവാക്കി പകരം ശര്‍ക്കര ഇട്ട ചായ കുടിക്കുന്നത് നല്ലതാണോ? ഇതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചൽ.
ശ്വേത പറയുന്നു, ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ചില കാര്യങ്ങള്‍ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്:
1. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം കുറയ്ക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ചായയിൽ ശർക്കര ചേർത്താലും ഇല്ലെങ്കിലും, നിങ്ങളുടെ ശരീരത്തിന് അത് ഗുണം ചെയ്യില്ല.
2. നിങ്ങളുടെ ശരീരത്തിന് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നു എന്നത് പ്രശ്നമല്ല, അത് ശർക്കരയോ പഞ്ചസാരയോ ആകട്ടെ. ഗ്ലൂക്കോസിനോട് ശരീരത്തിൻ്റെ പ്രതികരണം എപ്പോഴും ഒരേപോലെ ആയതിനാല്‍ ഇൻസുലിൻ സ്പൈക്ക് ഉണ്ടാകും. പഞ്ചസാരയ്ക്ക് പകരം ശർക്കര തിരഞ്ഞെടുക്കാം, പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനാല്‍ ഇൻസുലിൻ സ്പൈക്ക് ഒഴിവാക്കാൻ കഴിയില്ല.
അതിനാല്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ എന്തുതന്നെ ഉപയോഗിച്ചാലും, ചായയുടെ പോഷകമൂല്യം വർധിപ്പിക്കാൻ കഴിയില്ല.
ചായയും കാപ്പിയും എങ്ങനെ, എപ്പോള്‍? ഐ സി എം ആറിന്‍റെ നിര്‍ദ്ദേശം
ചായയുടെയും കാപ്പിയുടെയും ഉപഭോഗത്തിൽ മിതത്വം പാലിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ്റെ (NIN) പങ്കാളിത്തത്തോടെ ഐ സി എം ആര്‍ അടുത്തിടെ അവതരിപ്പിച്ച 17 ഭക്ഷണ മാർഗനിർദ്ദേശങ്ങളില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്.
ചായയും കാപ്പിയും അമിതമായി കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ശരീരം കഫീനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
150 മില്ലി കപ്പ് ബ്രൂഡ് കോഫിയിൽ 80 - 120 മില്ലിഗ്രാം, ഇന്‍സ്റ്റന്‍റ് കോഫിയിൽ 50 - 65 മില്ലിഗ്രാം, ചായയിൽ 30 - 65 മില്ലിഗ്രാം എന്നിങ്ങനെ കഫീന്‍ അടങ്ങിയിരിക്കുന്നു. പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീൻ മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നാണ് ഐസിഎംആർ നിർദേശിക്കുന്നത്.
ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ഇതില്‍ നിർദ്ദേശിക്കുന്നു, കാരണം ചായയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണം കുറയ്ക്കും. ടാനിനുകൾ ആമാശയത്തിലെ ഇരുമ്പുമായി ചേരുന്നു, ഇത് ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് ശരീരത്തിന് ബുദ്ധിമുട്ടാക്കുന്നു. ഇത് ഇരുമ്പിൻ്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം, ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധമായ ക്രമക്കേടുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നിരുന്നാലും, പാലില്ലാതെ ചായ കുടിക്കുമ്പോള്‍ മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആർട്ടറി ഡിസീസ്, വയറ്റിലെ കാൻസർ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുക എന്നിങ്ങനെ വിവിധ ഗുണങ്ങളുണ്ടെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.
ഹെൽത്തിയായി ഇനി ചായ തയാറാക്കാം
ഇഞ്ചി ചായ
ശരീരത്തിലെത്തുന്ന അധിക കലോറിയെ ദഹിപ്പിച്ചു കളയാനുള്ള ശേഷി ഇഞ്ചിയ്ക്കുണ്ട്. മാത്രമല്ല, ദഹന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഇഞ്ചി ചെറുതായി ഗ്രേറ്റ് ചെയ്തോ അല്ലെങ്കിൽ കഷ്ണങ്ങളായി മുറിച്ചോ വെള്ളത്തിലിട്ടു തിളപ്പിച്ച് ചായ തയാറാക്കാം.
മഞ്ഞൾ ചായ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനിൽ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനിതു സഹായിക്കുന്നു. മാത്രമല്ല, ആരോഗ്യത്തിനു പൊതുവെയിതു അത്യുത്തമവുമാണ്.മഞ്ഞൾ, കുരുമുളക് ഇവ പാലിനൊപ്പം ചേർത്ത് തിളപ്പിച്ച് ഗോൾഡൻ മിൽക്ക് എന്ന പേരിൽ അറിയപ്പെടുന്ന ചായ തയാറാക്കിയെടുക്കാം.
കുരുമുളക് ചായ
ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒരു സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. വിശപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.തിളച്ച വെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടി ചേർത്ത് ചായ തയാറാക്കാം. മധുരത്തിനും ഗന്ധത്തിനുമായി തേനും ചെറുനാരങ്ങ നീരും ചേർക്കാവുന്നതാണ്
പെരുംജീരകം ചായ
അമിതമായി ഭക്ഷണം കഴിക്കുന്നതു നിയന്ത്രിക്കാനുള്ള കഴിവ് ഈ ചായ്ക്കുണ്ട്. മാത്രമല്ല, ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.വെള്ളത്തിൽ ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് തിളപ്പിച്ച് ചായ തയാറാക്കിയെടുക്കാവുന്നതാണ്.ജീരകംശരീര ഭാരം കുറയുന്നതിന് പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഒരു ചായയാണിത്. ദിവസവും ജീരകം കഴിക്കുന്നത് ശരീരത്തിലെത്തുന്ന അധിക കലോറികളെ ഇല്ലാതെയാക്കാൻ സഹായിക്കും. കൂടാതെ, ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ജീരകം ചേർത്ത് വെള്ളം തിളപ്പിച്ചാണ് ചായ തയാറാക്കിയെടുക്കുന്നത്.