പച്ചമുളക് ഇനി ചീഞ്ഞ് പോകില്ല; കേടാകാതെ ഇങ്ങനെ ഫ്രിജില്‍ സൂക്ഷിക്കാം
Mail This Article
ചുവന്ന മുളകും കുരുമുളകും എല്ലാമുണ്ടെങ്കിലും, പച്ച മുളകില്ലാതെ അടുക്കള പൂര്‍ണമാകില്ല. വീടുകളില്‍ എളുപ്പത്തില്‍ കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ് പച്ചമുളക്. കിട്ടുമ്പോള്‍ ഒരുമിച്ച് ധാരാളം കിട്ടും. ഒന്നോ രണ്ടോ എണ്ണം മാത്രമേ കറികളിലും മറ്റും നമ്മള്‍ ഉപയോഗിക്കാറുള്ളൂ. ബാക്കിയുള്ള പച്ചമുളക് സൂക്ഷിച്ചു വയ്ക്കുന്നത് ഒരു ടാസ്ക് തന്നെയാണ്. പുറത്തു വച്ചാല്‍ വാടിപ്പോകും, ഫ്രിജില്‍ വച്ചാലോ കുറച്ച് ദിവസങ്ങൾ കൊണ്ട് ചീഞ്ഞ പച്ചമുളക് ആയിരിക്കും കിട്ടുന്നത്.
പച്ചമുളക് അതിന്‍റെ പുതുമ നിലനിര്‍ത്തിക്കൊണ്ട് ദിവസങ്ങളോളം എങ്ങനെ സൂക്ഷിക്കാം? അതിനുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സുമന്‍ രംഗനാഥ് എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍.
ഇതിനായി ആദ്യം തന്നെ പച്ചമുളക് എടുത്ത് അതിന്‍റെ തണ്ട് കളയുക. കീടനാശിനികളും മറ്റും കളയാന്‍ മഞ്ഞള്‍ വെള്ളത്തില്‍ ഇട്ടു കഴുകി എടുക്കുക. എന്നിട്ട് ഒരു കോട്ടന്‍ ടവ്വല്‍ ഉപയോഗിച്ച് വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക.
ഒരു സിപ് ലോക്ക് കവര്‍ എടുത്ത് അതിലേക്ക് പച്ചമുളക് ഇടുക. തൊലി കളഞ്ഞ രണ്ട് അല്ലി വെളുത്തുള്ളി കൂടി ഇതിലേക്ക് ഇട്ട് കവര്‍ ലോക്ക് ചെയ്യുക. ബാക്ടീരിയ വളര്‍ച്ച തടയാന്‍ വെളുത്തുള്ളി സഹായിക്കുമെന്ന വിവരം കൂടി ഇവര്‍ പങ്കുവെച്ചു.
ഇങ്ങനെ തയാറാക്കിയ പച്ചമുളക് കവര്‍ ഫ്രിജിനുള്ളിലോ ഫ്രീസറിലോ സൂക്ഷിക്കാം. ഫ്രിജില്‍ ആണ് സൂക്ഷിക്കുന്നതെങ്കില്‍ സിപ് ലോക്ക് കവറിനുള്ളിലെ വായു മുഴുവന്‍ പുറത്തേക്ക് കളയാന്‍ സൂക്ഷിക്കണം. ഇതിനടിയില്‍ വേറെയും വിദ്യകള്‍ ആളുകള്‍ പങ്കുവെച്ചു. മുളകിന്‍റെ തണ്ട് കളഞ്ഞ ശേഷം, ഒരു എയര്‍ ടൈറ്റ് കണ്ടയ്നറിനുള്ളില്‍ ടിഷ്യു പേപ്പര്‍ വെച്ച്, അതിനുള്ളിലാക്കി സൂക്ഷിക്കാം എന്ന് ഒരാള്‍ പറഞ്ഞു.
കടയില്‍ നിന്നു വാങ്ങിക്കുമ്പോള്‍ നല്ല ഫ്രഷ് ആയ പച്ചമുളക് തിരഞ്ഞെടുത്താല്‍ അവ കൂടുതല്‍ കാലം പുതുമയോടെ നിലനില്‍ക്കും. നല്ല പച്ച നിറമുള്ള, പഴുക്കാത്ത പച്ചമുളക് വേണം തിരഞ്ഞെടുക്കാന്‍. ഇവ കഴുകി വൃത്തിയാക്കി ബ്രൌണ്‍ പേപ്പര്‍ ബാഗിനുള്ളിലാക്കിയും ഫ്രിജില്‍ സൂക്ഷിക്കാം.