ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം; വര്‍ക്കൗട്ടിന് ശേഷം ജാന്‍വി കപൂര്‍ കഴിക്കുന്നത്!
Mail This Article
ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കുന്ന ആളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. സ്ഥിരമായി വര്‍ക്കൌട്ട് ചെയ്യുന്ന നടി, തന്‍റെ പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്.
മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിയില്‍, മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളായ ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യത്തിന്‍റെയും പൊട്ടാസ്യത്തിന്‍റെയും ഇരുമ്പിന്‍റെയും കലവറയാണ് ഈ ചെറുധാന്യം. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്‍റി ഓക്സിഡന്റ്, ആന്‍റി ഡയബറ്റിക്, ആന്‍റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
അതേപോലെ, മധുരക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി, ബി6, ഇ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയ മധുരക്കിഴങ്ങ് ദിവസേന കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വളരെ ഗുണകരമാണ്.
റാഗിയും മധുരക്കിഴങ്ങും ഉപയോഗിച്ച് പറാത്ത ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
- മധുരക്കിഴങ്ങ് പുഴുങ്ങിയ ശേഷം, തൊലി കളയുക
- ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ചെടുക്കുക.
- ഒരു പാനില്‍ ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് നെയ്യ്, എള്ള്, ഒരു കപ്പ് റാഗി പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി കുഴച്ചെടുക്കുക. ഇതു കുറച്ചു സമയം അടച്ചു മൂടി വെക്കുക.
- മധുരക്കിഴങ്ങ് നന്നായി ഉടയ്ക്കുക. ഇതിലേക്ക്, മല്ലിപ്പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ക്കുക. ഇത് നന്നായി കുഴയ്കുക.
- റാഗി മാവ് ചെറിയ ഉരുളകളാക്കി, കൈകൊണ്ട് ചെറിയ വട്ടത്തില്‍ പരത്തി എടുക്കുക. ഇതിനുള്ളില്‍ മധുരക്കിഴങ്ങ് മിക്സ് നിറച്ച് വീണ്ടും ഉരുട്ടുക. ശേഷം, ചപ്പാത്തി പലകയില്‍ വച്ച് പരത്തി എടുക്കുക.
- ശേഷം, ഇരുവശത്തും നെയ്യ് പുരട്ടി ചുട്ടെടുക്കാം.
മധുരക്കിഴങ്ങിലും മായം ഉണ്ട്, ഇങ്ങനെ കണ്ടെത്താം
വളരെ ശുദ്ധമെന്ന് നാം കരുതുന്ന പല നാടന്‍ വിഭവങ്ങളില്‍പ്പോലും മായം കലരുന്ന കാലമാണിത്. കടയില്‍ നിന്നും വാങ്ങുന്ന മധുരക്കിഴങ്ങില്‍പ്പോലും മായം കലര്‍ത്താറുണ്ട്. ഇതറിയാതെ പോയി വാങ്ങിക്കഴിച്ചാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.
സാധാരണയായി പിങ്ക് കലര്‍ന്ന ചുവപ്പ് നിറമാണ് മധുരക്കിഴങ്ങിന്റേത്. ഈ നിറത്തില്‍പ്പോലും കള്ളത്തരം കാണിക്കാറുണ്ട്. മധുരക്കിഴങ്ങിൽ മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള എളുപ്പവഴി ഈയിടെ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിച്ച്, മധുരക്കിഴങ്ങിന്‍റെ നിറം കൂട്ടുന്നു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് ഇത്. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്. മധുരക്കിഴങ്ങില്‍ മാത്രമല്ല, റാഗിയിലും മായം ചേർക്കാൻ ഈ രാസവസ്തു ഉപയോഗിക്കുന്നു.
മധുരക്കിഴങ്ങിൽ റോഡാമൈൻ ബി കലർന്നിട്ടുണ്ടോയെന്ന് വളരെ എളുപ്പത്തില്‍ പരിശോധിക്കാം. ഇതിനായി ആദ്യം, കുറച്ചു പഞ്ഞി എടുത്ത് കുറച്ച് വെള്ളത്തിലോ സസ്യ എണ്ണയിലോ മുക്കുക. എന്നിട്ട് മധുരക്കിഴങ്ങിന്‍റെ പുറംഭാഗം ഇതുകൊണ്ട് തടവുക. പഞ്ഞിക്ക് നിറംമാറ്റം ഒന്നുമില്ലെങ്കില്‍ അതിനർത്ഥം മധുരക്കിഴങ്ങ് കഴിക്കാൻ സുരക്ഷിതമാണ് എന്നാണ്. എന്നാല്‍, പഞ്ഞി ചുവപ്പ് കലർന്ന വയലറ്റായി മാറുകയാണെങ്കിൽ, അതിനർത്ഥം റോഡാമൈൻ ബി ചേർത്തിട്ടുണ്ടെന്നാണ്.
കുരുമുളക്, മുളകുപൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള വഴികളും ഈ പേജില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ നടത്താവുന്ന പരിശോധനകളാണ് ഇവയെല്ലാം.