ബോളിവുഡ് താരത്തിന്റെ രഹസ്യം; വണ്ണം കുറയ്ക്കാനും സൗന്ദര്യം കൂട്ടാനും ഇത് സൂപ്പർ
Mail This Article
പൂജ ഹെഗ്ഡെ എന്ന നടിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അല്ലു അര്‍ജുന്‍റെ നായികയായി 'പുട്ട ബൊമ്മ'യായി പ്രേക്ഷരുടെ ഹൃദയത്തിലേക്ക് ചുവടു വച്ച് കയറിയതാണീ മുംബൈക്കാരി. അഭിനയരംഗത്തേക്ക് വരും മുന്‍പേ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിലും വിജയിയായ പൂജയുടെ സൗന്ദര്യസംരക്ഷണ രഹസ്യങ്ങളും ഡയറ്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്.
ഈയിടെ ഒരു അഭിമുഖത്തിൽ തന്‍റെ പ്രിയപ്പെട്ട പാനീയമായ ' സോള്‍കധി'യെ കുറിച്ച് പൂജ പറഞ്ഞിരുന്നു. കുടംപുളിയുടെ കുടുംബത്തില്‍ പെട്ട 'കോകം' കൊണ്ട് ഉണ്ടാക്കുന്നതാണ് ഈ പാനീയം. മലയാളികള്‍ക്ക് അധികം പരിചിതമല്ലാത്ത കോകം, കൊങ്കണ്‍ പ്രദേശത്ത് ധാരാളമായി കാണുന്നതും ഉപയോഗിക്കപ്പെടുന്നതുമായ ഒരു ഇനമാണ്.
നിത്യഹരിതവനങ്ങളിലെ നിറസാന്നിധ്യം
പശ്ചിമഘട്ടത്തിലെ, 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലാണ് കോകം ധാരാളമായി വളരുന്നത്. കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കേരളത്തിലെ മണ്ണിനും ചൂടുള്ള കാലാവസ്ഥയ്ക്കും വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിള, ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് കൊങ്കൺ മേഖലയിലാണ്. കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുള്ള ഈ വൃക്ഷം സാധാരണയായി 10 മീറ്റർ വരെ ഉയരം വയ്ക്കുന്നു.
ഒരു കോകംമരം പൂക്കാന്‍ അഞ്ചു കൊല്ലത്തിലധികം എടുക്കും. പഴുക്കാത്ത കായ്കൾക്ക് പച്ചനിറവും, പഴുത്ത കായ്കൾക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാർച്ച് മാസം മുതൽ പഴങ്ങൾ വിളവെടുക്കാറാകും. പഴങ്ങൾ പെട്ടെന്ന് കേടാകുന്നതിനാൽ സംസ്ക്കരണം പെട്ടെന്ന് തന്നെ നടത്തണം. ധാരാളം സൂര്യപ്രകാശം ആവശ്യമായതിനാൽ ഇടവിളയായി കൃഷി ചെയ്യാന്‍ പറ്റിയതല്ല.
- കറിയില്‍ ഇടാമോ?
കോകം ഉണങ്ങിയാല്‍ കുടംപുളി തന്നെയെന്നേ തോന്നൂ. കുടമ്പുളിക്കും വാളൻപുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. മൂത്തു പഴുത്ത കോകങ്ങളുടെ തൊലി പഴച്ചാറിൽ പല തവണ മുക്കി വെയിലത്തു വച്ചുണക്കിയെടുക്കുന്നു. കറികൾക്ക് രുചിയേകാന്‍ ഇത് ഉപയോഗിക്കുന്നു.
കോകം വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ വെള്ളത്തിന്‍റെ നിറം കടും റോസ് നിറമാകും. ചവർപ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം. വേനലിൽ ശരീര താപനില കുറയ്ക്കാനും ഇത് നല്ലതാണ്. കൂടാതെ, ഔഷധങ്ങൾ, മധുരപലഹാരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിച്ചു വരുന്നു.
വണ്ണം കുറയ്ക്കാനും പറ്റും
കോകത്തിന് ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. കോകം സംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവ ശമിപ്പിക്കുന്നതിന് കോകത്തിന് കഴിവുണ്ട്. കൂടാതെ രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നതിനാല്‍, തടി കുറയ്ക്കാനുള്ള മരുന്നുകളും ഇതുപയോഗിച്ച് ഉണ്ടാക്കുന്നു.
സൗന്ദര്യം കൂട്ടാന്‍
കോകത്തിന്‍റെ വിത്തിലുള്ള പരിപ്പിൽ നിന്നു വേർതിരിച്ചെടുക്കുന്ന കോകം ബട്ടര്‍ വളരെയധികം വ്യാവസായിക പ്രാധാന്യമുള്ള ഒരു ഉല്‍പ്പന്നമാണ്. പാചകത്തിനും ഔഷധനിർമ്മാണത്തിനും സൗന്ദര്യംവർധകക്കൂട്ടുകളിലും ഇതുപയോഗിക്കുന്നു. കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും ഇത് മരുന്നാണ്. വിത്തുകൾ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കോകം ബട്ടര്‍ വേര്‍തിരിച്ചെടുക്കുന്നു.
സോള്‍കധി ഉണ്ടാക്കാം
കോകം ഉപയോഗിച്ച് സോള്‍കധി പാനീയം ഉണ്ടാക്കാം. ഇതിനു വേണ്ട സാധനങ്ങള്‍ ചുവടെ പറയുന്നു.
ചേരുവകൾ
18-20 കോകം 2 മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്തത്
1 കപ്പ് തേങ്ങ, ചുരണ്ടിയത്
1 പച്ചമുളക്, ചെറുതായി അരിഞ്ഞത്
4-5 വെളുത്തുള്ളി അല്ലി
ഉപ്പ് പാകത്തിന്
മല്ലിയില
ഉണ്ടാക്കുന്ന രീതി
1. കോകം വെള്ളം ചേർത്ത് മിക്സിയില്‍ അടിക്കുക. ഒരു മസ്‌ലിൻ തുണികൊണ്ട് ഇത് അരിച്ചെടുത്ത് മാറ്റിവെയ്ക്കുക.
2. തേങ്ങ, പച്ചമുളക്, വെളുത്തുള്ളി അല്ലി, ഉപ്പ് എന്നിവ 2 കപ്പ് വെള്ളത്തോടൊപ്പം മിക്സിയില്‍ അടിക്കുക.
3. ഈ മിശ്രിതം അരിച്ചെടുക്കുക. നേരത്തെ കോകം സത്ത് അരിച്ചു വെച്ച അതേ പാത്രത്തിലേക്ക് ഇതുകൂടി ചേര്‍ത്ത് നന്നായി ഇളക്കുക.
4. ഗ്ലാസുകളിൽ ഒഴിക്കുക, മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.