തേങ്ങാപ്പാല്‍ ഫ്രിജിൽ സൂക്ഷിക്കാറുണ്ടോ? ഇത് നിസ്സാരമായി കാണല്ലേ; വയറും ഹൃദയവും കാക്കും
Mail This Article
കറികളില്‍ മുതല്‍ സ്മൂത്തികളില്‍ വരെ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. പൊടി രൂപത്തിലുള്ള തേങ്ങാപ്പാലും ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്. തേങ്ങാപ്പാലില്‍ ഒട്ടേറെ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. കേരളത്തില്‍ തേങ്ങ സുലഭമായി കിട്ടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും തേങ്ങാപ്പാല്‍ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം. തേങ്ങാപ്പാലിന്‍റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
ലാക്ടോസ് ഇല്ല
പാലിലെ പ്രധാന തരം കാർബോഹൈഡ്രേറ്റാണ് ലാക്ടോസ്. ഇത് രണ്ട് പഞ്ചസാരകളാൽ നിർമിതമാണ്. ഇത് ദഹിപ്പിക്കാൻ ശരീരത്തിന് ലാക്റ്റേസ് എന്ന എൻസൈം ആവശ്യമാണ്. ലാക്ടോസ് അസഹിഷ്ണുത ഉള്ളവരിൽ ഈ എൻസൈം കുറവാണ്. തേങ്ങാപ്പാൽ സ്വാഭാവികമായും ലാക്ടോസ് രഹിതമായതിനാല്‍ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ഇത് പാലിന് പകരമായി ഉപയോഗിക്കാം.
വീഗന്‍മാര്‍ക്ക് ഉപയോഗിക്കാം
സസ്യാധിഷ്ഠിതമായതിനാല്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് തേങ്ങാപ്പാല്‍ കണ്ണുമടച്ച് ഉപയോഗിക്കാം. സ്മൂത്തികൾക്കും മിൽക്ക് ഷേക്കുകൾക്കും കേക്കുകള്‍ക്കുമെല്ലാം നല്ല രുചി പകരാന്‍ തേങ്ങാപ്പാലിന് കഴിയും. എന്നിരുന്നാലും, കുറഞ്ഞ പ്രോട്ടീനും വളരെ ഉയർന്ന പൂരിത കൊഴുപ്പും ഉള്ള തേങ്ങാപ്പാൽ പശുവിൻ പാലുമായി പോഷകപരമായി താരതമ്യപ്പെടുത്താനാവില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഹൃദയാരോഗ്യം കാക്കുന്നു
ചില സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് തേങ്ങയിൽ നിന്നുള്ള കൊഴുപ്പുകൾ രക്തത്തിലെ ലിപിഡുകൾ , കൊളസ്ട്രോൾ ബാലൻസ് , ഹൃദയാരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കില്ല എന്നാണ്. മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ കരളിൽ ഊർജ്ജമായി അതിവേഗം മാറ്റപ്പെടുന്നു. ഇക്കാരണത്താൽ, മറ്റ് പൂരിത കൊഴുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇവ ശരീരം വേഗത്തിൽ ഉപയോഗിക്കുകയും അതുവഴി കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ തേങ്ങാപ്പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് വൈദ്യനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.
വയറ്റിലെ അൾസർ തടയുന്നു
തേങ്ങാപ്പാൽ വയറിലെ അൾസറിന്റെ അളവ് കുറയ്ക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തേങ്ങയില്‍ അടങ്ങിയ സംയുക്തങ്ങൾ ആമാശയ പാളിയ്ക്ക് സംരക്ഷണമേകുന്നതായി ചില പഠനങ്ങള്‍ പറയുന്നു.
തേങ്ങാപ്പാൽ ഫ്രിജിൽ സൂക്ഷിക്കാമോ?
അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് പച്ചക്കറികളും മറ്റും അരിഞ്ഞ് ഫ്രിജിൽ വയ്ക്കുന്നവരുണ്ട്. കണ്ടെയ്നറുകളിൽ അടച്ച് വയ്ക്കും. അവ പിറ്റേ ദിവസം എടുത്താലും ഫ്രെഷായി തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തേങ്ങ തിരുമ്മി എടുക്കുകയെന്നത് വലിയ ടാസ്കാണ്. തലേന്ന് ചുരണ്ടി ഫ്രിജിൽ വയ്ക്കാറുണ്ട്. ഫ്രെഷായി തന്നെയിരിക്കും. ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും.
തേങ്ങപിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിജിൽ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്. അതേപോലെ ചുരണ്ടിയ തേങ്ങ വറുത്തിട്ട്, ചൂടാറിയ ശേഷം ഫ്രിജിൽ വച്ചാലും നല്ലതായിരിക്കും.തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാതിരിക്കും.
തേങ്ങ നോക്കി വാങ്ങാം
പൊതിക്കാത്ത തേങ്ങയാണ് വാങ്ങുന്നതെങ്കിൽ പുറമെയുള്ള ഭാഗം നോക്കാം. നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ധാരാളം വെള്ളവും, മാംസളമായ ഉൾക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കിൽ ചിലപ്പോൾ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കാം.
രൂപം നോക്കാം: ഒരു തേങ്ങ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ രൂപം തന്നെയാണ്. നല്ലതു പോലെ ഉരുണ്ട തേങ്ങയിൽ വെള്ളം കൂടുതലായിരിക്കും. എന്നാൽ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകൾ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയിൽ വെള്ളവും കുറവായിരിക്കും. കറികളിൽ അരയ്ക്കാൻ ഈ തേങ്ങയാണ് ഏറ്റവും നല്ലത്.
തേങ്ങ കുലുക്കി നോക്കാം: തേങ്ങ കുലുക്കി നോക്കാതെ വാങ്ങുകയേ ചെയ്യരുത്. കരിക്കാണോ മൂത്തതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ ഇങ്ങനെ ചെയ്തു നോക്കിയാൽ മനസിലാകും. ചെവിയ്ക്കു സമീപം പിടിച്ചു കുലുക്കി നോക്കുമ്പോൾ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാൽ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. എന്നാൽ കരിക്കിൽ നിറയെ വെള്ളം ഉള്ളത് കൊണ്ടുതന്നെ ഇത്തരത്തിൽ കുലുക്കുമ്പോൾ ശബ്‍ദം കേൾക്കാൻ സാധ്യതയില്ലെന്ന് മാത്രമല്ല, ഭാരവും കൂടുതലായിരിക്കും. നല്ലതുപോലെ വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കിൽ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.
ഭാരം കൂടുതലോ കുറവോ: തേങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതിന്റെ ഭാരമാണ്. അധികം, മൂപ്പെത്താത്തതാണെങ്കിൽ അവയ്ക്ക് ഭാരം കൂടുതലായിരിക്കും. ധാരാളം വെള്ളവും ഇതിനകത്തുണ്ടാകും. അതേ സമയം ഭാരം ഒട്ടുമില്ലാത്തതും വാങ്ങരുത്. അവ ചിലപ്പോൾ നല്ലതാകാൻ വഴിയില്ല. കുറച്ചു ഭാരമുള്ള, കുലുക്കി നോക്കുമ്പോൾ വെള്ളത്തിന്റെ ശബ്‍ദം കേൾക്കുന്നവ വാങ്ങാം.
അടയാളങ്ങളോ പാടുകളോ ഉണ്ടോ: തേങ്ങയുടെ മുകളിലും താഴെയും കറുത്ത കുത്തുകളോ പാടുകളോ ഉണ്ടോയെന്നു നോക്കാൻ മറക്കണ്ട. അത്തരത്തിൽ പാടുകൾ ഉണ്ടെങ്കിൽ അത് നല്ലതാകാൻ സാധ്യതയില്ല. അതുപോലെ തന്നെ മണത്തു നോക്കുമ്പോൾ ചീത്ത മണമാണെങ്കിൽ അങ്ങനെയുള്ളവയും വാങ്ങാതിരിക്കുന്നതാണ് നല്ലത്.