ഡയറ്റ് ചെയ്യുന്നവർക്ക് സൂപ്പറാണ് ഈ പഴം; ഇത് കറുത്തുപോകാതെ ഫ്രെഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ
Mail This Article
പഴം മിക്കവർക്കും പ്രിയമാണ്. റോബസ്റ്റയും ഏത്തപ്പഴവും പൂവൻപഴവുമൊക്കെ കഴിക്കാറുണ്ട്, ഇതിൽ തന്നെ കാലറി കൂടിയതും കുറഞ്ഞതുമൊക്കെയുണ്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൂടുതലും റോബസ്റ്റ പഴമാണ് കഴിക്കാറ്. സ്മൂത്തിയ്ക്ക് മിക്കവരും ചേർക്കുന്നത് റോബസ്റ്റയാണ്. ഇനി ഈ പഴം മാത്രമല്ല ചെങ്കദളി പഴവും സൂപ്പറാണ്. ശരീരത്തിന് ഏറെ ആരോഗ്യഗുണമുള്ളതാണ്. ഡയറ്റ് ചെയ്യുന്നവർക്ക് ഇനി ഈ പഴവും ഉൾപ്പെടുത്താവുന്നതാണ്.
വാഴപ്പഴങ്ങളിൽ കേമനാണ് ചെങ്കദളിപ്പഴം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കാലറിയും കുറവാണ്. കൂടാതെ തടി കുറയ്ക്കാൻ ഏറെ സഹായകരവുമാണ് ചെങ്കദളി പഴം. കൂടാതെ വയറ് നിറഞ്ഞിരിക്കുന്ന പോലെ തോന്നും. ഇതുമൂലം അമിത ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.
പോഷകങ്ങളാൽ സമ്പന്നമാണ്
പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് ഈ ചുവന്ന വാഴപ്പഴം. ചുവന്ന വാഴപ്പഴത്തിൽ ബീറ്റാ കരോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ദഹനത്തിനും നല്ലതാണ്. ഇവയിലെ നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
വാഴപ്പഴം കറുത്തുപോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
എത്ര ശ്രദ്ധിച്ച് വാങ്ങിയാലും രണ്ടു ദിവസം കഴിയുമ്പോഴേക്കും വാഴപ്പഴത്തിന്റെ തൊലി കറുത്ത് വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത് തടയാൻ എന്തു ചെയ്യാൻ പറ്റും? കൂടുതൽ കാര്യങ്ങൾ മനസിലാക്കാം.
വാങ്ങുമ്പോൾ ശ്രദ്ധിക്കുക: നമ്മുടെ ആവശ്യം മനസ്സിൽ വച്ചാണ് വാഴപ്പഴം വാങ്ങേണ്ടത്. ഉടനടി കഴിക്കാൻ വേണ്ടിയാണെങ്കിൽ, തിളങ്ങുന്ന മഞ്ഞ നിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക. അതല്ല, വരും ദിവസങ്ങളിൽ കഴിക്കാനാണെങ്കിൽ, ചെറുതായി പച്ചനിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക.
ശരിയായ രീതിയിൽ സൂക്ഷിക്കുക: പഴം മറ്റ് പഴങ്ങൾക്കൊപ്പം സൂക്ഷിക്കുമ്പോൾ വേഗത്തിൽ പാകമാകും. അതിനാൽ, മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി വാഴപ്പഴം സൂക്ഷിക്കുന്നതാണ് നല്ലത്. നല്ല വായുസഞ്ചാരമുള്ള ഒരു ഫ്രൂട്ട് ബൗളിൽ അവ വെവ്വേറെ സൂക്ഷിക്കുക.
ഫ്രീസ് ചെയ്യുക: പഴുത്ത വാഴപ്പഴം കുറേ ഉണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കാം. ഇതിനായി വാഴപ്പഴം തൊലി കളഞ്ഞ് അടച്ച പാത്രത്തിലോ ഫ്രീസർ ബാഗിലോ വയ്ക്കുക. ഇവ പിന്നീട് സ്മൂത്തികൾ, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പഴം ചീഞ്ഞു പോകാതെ സൂക്ഷിക്കാം.
പഴുത്ത പഴം കുലയിൽ നിന്നും വേർപെടുത്തുക: ഒരേ കുലയിൽത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങൾ കാണും. പഴുത്ത പഴങ്ങൾ കുലയിൽ നിന്നും വേർപെടുത്തി വയ്ക്കണം, ഇല്ലെങ്കിൽ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും.
ശരിയായി പൊതിയുക: വാഴപ്പഴത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗം, കുലയുടെ തണ്ടിന്റെ അറ്റം, പ്ലാസ്റ്റിക് റാപ്പോ അലുമിനിയം ഫോയിലോ കൊണ്ട് പൊതിയുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, വാഴപ്പഴം പഴുക്കാൻ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയുന്നു.