പെട്ടെന്ന് തടി കുറയ്ക്കണോ? ഇനി ഗ്രീൻ ടീയ്ക്ക് പകരം വൈറ്റ് ടീ മതി
Mail This Article
ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ ജനപ്രിയമായ ഔഷധച്ചായകളുടെ ഒരു നിര തന്നെയുണ്ട്. ഇക്കൂട്ടത്തില്‍ അധികമാരും അറിയാന്‍ ഇടയില്ലാത്ത ഒരു ഇനമാണ് വൈറ്റ് ടീ. വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ഇനം ചൈനയിലാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. അടുത്തിടെയായി കിഴക്കൻ നേപ്പാൾ, തായ്‌വാൻ, തായ്‍ലൻഡ്, തെക്കൻ ശ്രീലങ്ക, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലും ഇത് ഉൽപാദിപ്പിക്കുന്നുണ്ട്.
ഇളം മഞ്ഞ നിറമുള്ള ചായയാണ് വൈറ്റ് ടീ. തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ ശ്രദ്ധാപൂർവം നുള്ളി, നേരിട്ട് വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് ഇത്. തേയിലയുടെ കടുപ്പം കൂട്ടാന്‍ കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല, ഇതിന്‍റെ നിര്‍മാണത്തില്‍ പ്രോസസിങ്ങും വളരെ കുറവാണ്. അതുകൊണ്ടുതന്നെ, ഗ്രീൻ ടീയേക്കാൾ ആന്‍റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളം അധികമുണ്ട് വൈറ്റ് ടീയില്‍.
ചായപ്പൊടി, ഗ്രീൻ ടീ എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ കഫീന്‍ അടങ്ങിയിട്ടുള്ളൂ. മറ്റു ചായകള്‍ക്കുള്ളതു പോലെയുള്ള ചവര്‍പ്പില്ല എന്ന് മാത്രല്ല, നേരിയ മധുരവുമുണ്ട്.
വൈറ്റ് ടീയിൽ, കാറ്റെച്ചിൻസ്(catechins) എന്ന് വിളിക്കപ്പെടുന്ന ഒരു തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളിൽ ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോൾ. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
കൊഴുപ്പ് കത്തിക്കുന്ന കാര്യത്തിൽ മുന്നിലാണ് വൈറ്റ് ടീ. കൂടാതെ, ഇത് ദഹനം 4-5% കൂട്ടുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കാറ്റെച്ചിനുകള്‍ പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടഞ്ഞ്, പോടുകള്‍ ഉണ്ടാകുന്നത് തടയും. വൈറ്റ് ടീ എക്സ്ട്രാക്റ്റിലെ ആൻ്റിഓക്‌സിഡൻ്റുകൾ, വൻകുടലിലെ കാൻസർ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ പോളിഫെനോൾ പോലെയുള്ള തന്മാത്രകള്‍ക്ക് കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേപോലെ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മപ്രശ്നങ്ങള്‍, പാർക്കിൻസൺസ്, അൽഷിമേഴ്സ് മുതലായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും വൈറ്റ് ടീയില്‍ അടങ്ങിയിട്ടുള്ള വിവിധ സംയുക്തങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.