ഇങ്ങനെ ബീഫ് വച്ചിട്ടുണ്ടോ? സൂപ്പറാണ്; റിമി ടോമിയുടെ സ്പെഷൽ വിഭവം
Mail This Article
ഗായിക മാത്രമല്ല കുക്കിങ്ങും ഏറെ ഇഷ്ടപ്പെടുന്നയാളാണ് റിമി ടോമി. യാത്രയുടെ വിശേഷങ്ങളടക്കം പാചകം ചെയ്യുന്ന വിഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്. പങ്കുവയ്ക്കുന്ന ഓരോ വിഡിയോകളും ആരാധകർക്കും പ്രിയമണ്. ഇപ്പോഴിതാ ഭക്ഷണപ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന വിഡിയോയാണ് റിമി യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.
ആരാധകരുടെ ആവശ്യപ്രകാരമാണ് ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നതെന്നും വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ ഇഷ്ടപ്പെട്ട വിഭം തയാറാക്കുമ്പോൾ അതിനോടുള്ള താൽപര്യവും വിഭവം തയാറാക്കുന്ന ഓരോ ഘട്ടവും ആസ്വദിച്ചാണ് ചെയ്യുന്നതെന്നും റിമി പറയുന്നുണ്ട്. സൂപ്പർ ടേസ്റ്റി ബീഫ് വിഭവം എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ആദ്യം കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്കൊടുക്കാം. അതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ ബീഫ് കഷണങ്ങൾ ചേർക്കാം, അതിലേക്ക് ചെറിയയുള്ളിയും ഒരു ടീസ്പൂണ്‍ മഞ്ഞപൊടിയും എരിവിന് അനുസരിച്ച് മുളക്പൊടിയും രണ്ട് ടീസ്പൂൺ കുരുമുളക്പൊടിയും, മല്ലിപൊടിയും ഗരം മസാലയും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും നാല് ടേബിൾസ്പൂൺ ജിഞ്ചർഗാർലിക് പേസ്റ്റും രണ്ട് തക്കാളി അരിഞ്ഞതും പച്ചമുളക് കീറിയതും ചേർത്ത് ബീഫുമായി നന്നായി യോജിപ്പിക്കാം. ശേഷം കുക്കർ ഗ്യാസിൽ വയ്ക്കാം. ബീഫ് വേവുന്ന സമയം മറ്റേ അടുപ്പിൽ മസാലകൂട്ട് തയാറാക്കാം.
പാൻ ചൂടാകുമ്പോൾ നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം, അതിലേക്ക് അരിഞ്ഞുവച്ച സവാള ചേർക്കാം. ഒരു കിലോ ബീഫിനുള്ള ചേരുവയാണ് ഈ റെസിപ്പിയ്ക്ക് ചേർത്തിരിക്കുന്നത്. നാല് സവാളയാണ് ചേർക്കുന്നത്. കുറച്ച് കറിവേപ്പിലയും ചേർക്കാം. നന്നായി വഴറ്റാം. അതിലേക്ക് തേങ്ങാകൊത്തും ചേർക്കണം. തീ കുറച്ച് വച്ച് 20മിനിറ്റ് നേരം വഴറ്റണം. നല്ലതുപോലെ തവിട്ട് നിറം ആകുന്നിടം വരെ വഴറ്റണം. ശേഷം ഒരു തക്കാളികൂടി ചേർക്കാം. ഒരു മിനിറ്റ് അടച്ച് വച്ച് വേവിക്കാം. വഴന്ന സവാളയിലേക്ക് വേവിച്ച ബീഫും ചേർത്ത് നന്നായി വഴറ്റാം. ഒരു ടീസ്പൂൺ ജീരകവും ഗരം മസാലയും കൂടി ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം. അവസാനമായി ഒരു ടീസ്പൂൺ പെരുംജീരകവും രണ്ടേമുക്കാൽ ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി ഇളക്കിയെടുക്കാം, സൂപ്പർ ടേസ്റ്റി ബീഫ് റോസ്റ്റ് റെഡി. പത്തിരിയ്ക്കും ചപ്പാത്തിയ്ക്കും അപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ് ഈ ബീഫ് റോസ്റ്റ്.