ഉരുളക്കിഴങ്ങ് വാഷിങ് മെഷീനില്‍ കഴുകിയെടുക്കുന്നുവോ? ഇതെങ്ങനെ!
Mail This Article
അടുക്കളപ്പണി എളുപ്പമാക്കാന്‍, പുതിയ പുതിയ വിദ്യകള്‍ കണ്ടെത്തുന്ന ആളുകളുണ്ട്. സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ ഇവ ആളുകളിലേക്ക് എത്തിക്കാനും എളുപ്പമാണ്. എന്നാല്‍, എളുപ്പപ്പണി നോക്കി പോയി എട്ടിന്‍റെ പണി വാങ്ങിച്ചുവയ്ക്കുന്ന അനുഭവങ്ങളും നിരവധിയുണ്ട്. സമയവും പണിയും ലാഭിക്കാന്‍ വേണ്ടി കണ്ടെത്തുന്ന ഈ സൂത്രപ്പണികള്‍ക്ക് ശുചിത്വവും സുരക്ഷിതത്വവും ഉണ്ടോ എന്നുകൂടി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വാഷിങ് മെഷീനില്‍ ഇട്ട് ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്ന രീതിയാണിത്.
അലോന ലോവന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഷിംഗ് മെഷീനിന്‍റെ ഉള്ളിലേക്ക്, ഒരു ബാഗ് നിറയെ ഉരുളക്കിഴങ്ങ് ഇടുന്നു. ഇതിലേക്ക് മെറ്റൽ സ്‌പോഞ്ച് സ്‌ക്രബ്ബറുകൾ / സ്‌കോറിംഗ് പാഡുകൾ ചേർത്ത് അടയ്ക്കുന്നു. ശേഷം മെഷീന്‍ റിന്‍സ് സൈക്കിളില്‍ ഇടുന്നു.
ഉരുളക്കിഴങ്ങ് വാഷിങ് മെഷീനുള്ളില്‍ കഴുകുന്നത് വ്യക്തമായി കാണാം. മെഷീന്‍ നിന്ന ശേഷം ഇത് പുറത്തെടുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ശരിക്കും വൃത്തിയായാണ് കിട്ടുന്നത്. ഇതിനിടെ ഉരുളക്കിഴങ്ങ് കൊണ്ടുള്ള റെസിപ്പി തപ്പുകയാണ് പോസ്റ്റ് ഇട്ട ആള്‍.
ഒട്ടേറെ ആളുകള്‍ ഈ വീഡിയോക്കടിയില്‍ കമന്റു ചെയ്തിട്ടുണ്ട്. 'കുറച്ചു ഉരുളക്കിഴങ്ങ് കഴുകാന്‍ എണ്‍പത് ലിറ്റര്‍ വെള്ളം വേസ്റ്റ് ചെയ്തു' എന്ന് ഒരാള്‍ കമന്‍റില്‍ പറഞ്ഞു. പച്ചക്കറി ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കഴുകാമോ എന്ന് മറ്റൊരാള്‍ ചോദിച്ചു. വാഷിങ് മെഷീനുള്ളില്‍ ഉരുളക്കിഴങ്ങിന്‍റെ സ്റ്റാര്‍ച്ചും തൊലിയും പറ്റിപ്പിടിക്കും എന്ന് മാത്രമല്ല, ഇവ ഡിറ്റര്‍ജന്‍റ് ആഗിരണം ചെയ്യുന്നത് വഴി കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മറ്റൊരാള്‍ എഴുതുന്നു. ഈ കമന്റിന് ആയിരക്കണക്കിന് ലൈക്കുകള്‍ ലഭിച്ചു.