ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്‌. 2019 ൽ ഓരോ അമേരിക്കക്കാരനും ഏകദേശം 25 കിലോയ്ക്കടുത്ത് ഉരുളക്കിഴങ്ങ് കഴിച്ചതായി കണക്കാക്കപ്പെടുന്നു, ഇതില്‍ തന്നെ കൂടുതലും ഫ്രഞ്ച് ഫ്രൈസായാണ് കഴിച്ചിട്ടുള്ളത് എന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ പത്ത് ആളുകളില്‍ ഒരാള്‍ക്ക് വീതം പ്രമേഹമുണ്ട്. ഉരുളക്കിഴങ്ങും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ എന്നൊരു വലിയ ചോദ്യം ഇത് ഉയര്‍ത്തുന്നുണ്ട്.

ഉരുളക്കിഴങ്ങ് എന്ന പോഷകാഹാരം

എല്ലായ്പ്പോഴും ലഭ്യമായതും വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ പച്ചക്കറി എന്ന നിലയില്‍ വളരെ ജനപ്രിയമാണ് ഉരുളക്കിഴങ്ങ്. തൊലിയുള്ള ഒരു ഇടത്തരം  ഉരുളക്കിഴങ്ങിൽ ഏകദേശം 168 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. കൂടാതെ, 4 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 39 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബർ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയും ഉണ്ട്. 

ഉയര്‍ന്ന ഗ്ലൈസീമിക്‌ സൂചിക

പ്രമേഹരോഗികള്‍ക്കടക്കം, എല്ലാവര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഉയര്‍ന്ന അളവില്‍ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമായതു കൊണ്ടുതന്നെ, ഉരുളക്കിഴങ്ങിനെ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമായി കണക്കാക്കുന്നു, അതായത് ഇതിലേ കാർബോഹൈഡ്രേറ്റ് ശരീരം വേഗത്തിൽ ആഗിരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്ന് കൂടാന്‍ കാരണമാവുകയും ചെയ്യും.

പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?

സാധാരണ ആളുകളെ പോലെ തന്നെ പ്രമേഹമുള്ളവര്‍ക്കും ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഇത് എങ്ങനെ തയാറാക്കുന്നു എന്നതും, കഴിക്കുന്ന അളവും പ്രധാനമാണ്. മറ്റ് ഭക്ഷണങ്ങളുമായി ചേര്‍ത്ത് വേണം ഉരുളക്കിഴങ്ങ് കഴിക്കാന്‍. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നില്ല എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാംസം, മത്സ്യം അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ പോലുള്ള പ്രോട്ടീൻ ഉറവിടവും അവോക്കാഡോ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പും ഉരുളക്കിഴങ്ങിനൊപ്പം കഴിക്കാം.

Image Source: Avocado_studio | Shutterstock
Image Source: Avocado_studio | Shutterstock

ഉരുളക്കിഴങ്ങിനു പകരം മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ, വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ, സിങ്ക്, മഗ്നീഷ്യം എന്നിങ്ങനെ ധാരാളം വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും, അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടില്ല. ഇതിനു ഗ്ലൈസീമിക്‌ ഇന്‍ഡക്സ്‌ കുറവാണ്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾക്ക് മധുരക്കിഴങ്ങ് പ്രയോജനകരമാണ്. എന്നാല്‍ ഇത് മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

potato-fry

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ആലു മട്ടര്‍

ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ വിഭവമാണ് ആലു മട്ടര്‍. ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.

ചേരുവകള്‍

ഉരുളക്കിഴങ്ങ്-  അര കിലോ

ഗ്രീന്‍ പീസ്- 1/2 കപ്പ് വേവിച്ചത്

നെയ്യ് - 2 ടേബിള്‍സ്പൂണ്‍

ജീരകം - 2 ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

കസൂരിമേത്തി - 1 ടേബിള്‍സ്പൂണ്‍

ചന മസാലപ്പൊടി - 1 1/ 4 ടീസ്പൂണ്‍

തക്കാളി - 1/2 കപ്പ്

ഉപ്പ് - ആവശ്യത്തിന്

മല്ലിയില

അരപ്പിന്

ഭുജിയാ - 2 ടേബിള്‍സ്പൂണ്‍

ജീരകം - 1 ടീസ്പൂണ്‍

കറുത്ത ഏലക്ക - 2 എണ്ണം

ജാതിപത്രി - 2 എണ്ണം

കറുവ പട്ട - 2 ചെറുത്

ഗ്രാമ്പു - 2 എണ്ണം

കുരുമുളക് - 1 ടീസ്പൂണ്‍

മല്ലി - 2 ടീസ്പൂണ്‍

പെരുംജീരകം - 2 ടീസ്പൂണ്‍

ഇഞ്ചി - 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് - 4 എണ്ണം

വെള്ളം കളഞ്ഞ തൈര് - 1/2 കപ്പ്

കശ്മീരി മുളകുപൊടി - 1 1/2 ടീസ്പൂണ്‍

മല്ലിപൊടി - 1 ടീസ്പൂണ്‍

ഗരംമസാല - 1/4 ടീസ്പൂണ്‍

പഞ്ചസാര - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

- ഉരുളക്കിഴങ്ങ് ചതുര കഷ്ണങ്ങള്‍ ആയി മുറിച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ ഫ്രൈ ചെയ്ത് മാറ്റി വെക്കുക. 

- അരപ്പിനുള്ള ചേരുവകള്‍ വെള്ളം ചേര്‍ക്കാതെ പേസ്റ്റ് രൂപത്തില്‍ അരച്ച് മാറ്റി വയ്ക്കുക. 

- ഒരു പാനില്‍ നെയ്യ് ചൂടാക്കി ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചന മസാലപ്പൊടി, കസൂരി മേത്തി എന്നിവ ചേര്‍ത്ത് 30 സെക്കന്‍ഡ് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. 

- ഇതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഗ്രീന്‍പീസും ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങും ചേര്‍ത്ത് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് മുകളില്‍ മല്ലിയില വിതറി വിളമ്പാം.

English Summary:

Potatoes and Diabetes: A Surprising Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com