ഇനി തേങ്ങ ചിരകി കഷ്ടപ്പെടേണ്ട; വീട്ടമ്മമാർക്ക് ആശ്വാസമായി കെ എൽ എഫ് കോകോനാട്
Mail This Article
പ്രഭാതങ്ങൾ അടുക്കളയിൽ എപ്പോഴും ഒരു യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിക്കാറുണ്ട്. കുട്ടികൾക്ക് സ്കൂളിൽ പോകണം, മാതാപിതാക്കൾക്ക് ജോലിക്ക് പോകണം, അതിനുമുമ്പ് പ്രാതലും ഉച്ചഭക്ഷണവും തയാറാക്കണം. ഇതിനിടയിൽ പലപ്പോഴും വില്ലനായെത്തുന്ന ഒരാളാണ് തേങ്ങ. ഒരു ചമ്മന്തി അരയ്ക്കണമെങ്കിൽ തേങ്ങ ചിരകണം. ഒരു തോരൻ വയ്ക്കണമെങ്കിലും ചിരകിയ തേങ്ങ തന്നെ വേണം. രാവിലെയുള്ള നൂറുകൂട്ടം പണികൾക്കിടയിൽ തേങ്ങാ ചിരകൽ എന്നത് ഒരു ഹിമാലയൻ ടാസ്ക് തന്നെയാണ്. ഒരിക്കലെങ്കിലും വീട്ടമ്മമാർ ചിന്തിച്ചുണ്ടാകും തേങ്ങാപാലിന്റെ പൗഡർ വിപണിയിൽ കിട്ടുന്നപോലെ ചിരകിയ തേങ്ങാ പീര വാങ്ങാൻ കിട്ടിയിരുന്നെങ്കിലെന്ന്. തേങ്ങ ചിരകാനുള്ള മടികാരണം ഒറ്റയടിക്ക് ചിരവി ഫ്രിജിൽ സൂക്ഷിക്കുന്നവരുമുണ്ട്.
എന്നാൽ, ചിരകിയ തേങ്ങ കൈയകലം ദൂരെയുണ്ടെങ്കിൽ അടുക്കളയിലെ പണികൾ സ്വിച്ചിട്ട പോലെ തീരും. അത്തരത്തിൽ പെട്ടെന്ന് പണി തീർക്കാൻ വീട്ടമ്മമാർ തയാറായിക്കോളൂ. ചിരകിയ തേങ്ങ ഇനി കൈയെത്തും ദൂരത്തുണ്ട്. വിദേശരാജ്യങ്ങളിലും മറ്റും ചിരകിയ തേങ്ങ കടകളിൽ വാങ്ങാൻ ലഭിക്കും. ഇത്തരത്തിൽ ചിരകിയ തേങ്ങ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കോകോനാട് എന്ന ബ്രാൻഡ്. കോകോനാടിന്റെ വെളിച്ചെണ്ണ വീട്ടമ്മമാര്‍ക്ക് പരിചിതമാണ്. ഇനി വെളിച്ചെണ്ണ മാത്രമല്ല, തേങ്ങ ചിരകിയതും കോകോനാട് തയാറാക്കും.
അടുക്കള പണി ഇനി എളുപ്പം തീരും
ഇത് വീട്ടമ്മമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തോരൻ പോലെയുള്ളവ പാചകം ചെയ്യുമ്പോൾ നേരിട്ട് തന്നെ ഈ തേങ്ങ ഉപയോഗിക്കാവുന്നതാണ്. അൽപനേരം കുതിർത്ത് ഉപയോഗിച്ചാൽ പുതുതായി ചിരകിയെടുത്ത തേങ്ങ പോലെ തന്നെ തോന്നും. കെ എൽ എഫ് കോകോനാട് വിപണിയിൽ എത്തിക്കുന്നത് കൊഴുപ്പ് കുറഞ്ഞ ചിരകിയ തേങ്ങയാണ്. തീയൽ പോലെ വറുത്തരച്ച വിഭവങ്ങൾക്കും ഈ തേങ്ങാപീര ഉപയോഗിക്കാം.
ഉയർന്ന കൊഴുപ്പ് ഇല്ലാതെ തന്നെ തേങ്ങയുടെ രുചിയും ഘടനയും ആസ്വദിക്കാൻ ഭക്ഷണപ്രിയർക്ക് ഇതിലൂടെ സാധിക്കുന്നു. 37 ശതമാനമാണ് കെ എൽ എഫ് കോകോനാട് വിപണിയിൽ എത്തിക്കുന്ന ചിരകിയ തേങ്ങയിലെ ഫാറ്റ് കണ്ടന്റ് അഥവാ കൊഴുപ്പ്. ഈ തേങ്ങ പാചകത്തിന് ഉപയോഗിക്കുന്നതിനു മുമ്പ് വെള്ളത്തിൽ കുതിർത്താൽ പുതുതായി ചിരകിയ തേങ്ങയുടെ സ്വാദും ഘടനയും നമുക്ക് ലഭിക്കും. ഇനി തോരൻ വെയ്ക്കാനും അവിയൽ തയാറാക്കാനും ചമ്മന്തി അരയ്ക്കാനും നെട്ടോട്ടം ഓടണ്ട, ചിരകിയ തേങ്ങ എത്തിയല്ലോ.