എല്ലാവരും വെറൈറ്റി സാലഡ് ഉണ്ടാക്കുന്നു; ഈ നാട്ടിൽ കുക്കുംമ്പറിന് ക്ഷാമം
Mail This Article
കുറച്ചു നാളായി വിപണിയില്‍ ആവശ്യമായ കക്കിരിക്ക അല്ലെങ്കിൽ കുക്കുംമ്പര്‍ എത്തിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് ഐസ്‌ലന്‍ഡിലെ കര്‍ഷകര്‍. വിളനാശമോ ഉല്‍പ്പാദനക്കുറവോ ഒന്നുമല്ല, ടിക്ടോക്കില്‍ ഒരു യുവാവ് പങ്കുവച്ച കുക്കുംമ്പര്‍ കൊണ്ടുള്ള സാലഡ് റെസിപ്പി വൈറലായതാണ് എല്ലാത്തിനും കാരണം!
ലോഗന്‍ മോഫിറ്റ് എന്നാണ് ഈ യുവാവിന്‍റെ പേര്. കുക്കുംമ്പര്‍ കൊണ്ടുള്ള റെസിപ്പികള്‍ സ്ഥിരം പോസ്റ്റ് ചെയ്യാറുള്ളതിനാല്‍ 'കുക്കുംബര്‍ ഗൈ' എന്നാണ് ഇദ്ദേഹത്തെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്നത്. വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന ഈ വിഭവങ്ങള്‍ കക്കിരിക്ക ഇഷ്ടമല്ലാത്ത ആളുകള്‍ക്ക് പോലും പെട്ടെന്ന് പ്രിയപ്പെട്ടതാകും. ടിക്ക്ടോക്കില്‍ 4.8 ഫോളോവേഴ്സ് ഉള്ള ലോഗന്‍റെ ഓരോ വിഡിയോയ്ക്കും ആറു മില്ല്യന്‍ കാഴ്ചകള്‍ വരെ കിട്ടാറുണ്ട്.
ലോഗന്‍റെ ഏറ്റവും പുതിയ കുക്കുംമ്പര്‍ സാലഡ് വൈറലായതോടെ, രാജ്യത്തെ വിപണികളില്‍ കുക്കുംമ്പറിന്റെ ഡിമാന്‍ഡ് ഇരട്ടിയായതാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ് എന്ന് മാത്രമല്ല, ഈ റെസിപ്പി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മറ്റു ഇന്‍ഫ്ലുവന്‍സര്‍മാരുടെ വിഡിയോകളും വൈറലാണ്.
ഒരു ടപ്പർവെയർ കണ്ടെയ്‌നറിനു മുകളിൽ ഗ്രേറ്റര്‍ വച്ചാണ് ലോഗന്‍ കക്കിരിക്ക അരിയുന്നത്. ഇതിലേക്ക് സോയ സോസ്, ചില്ലി ഫ്ലേക്സ്, വെളുത്തുള്ളി, എള്ള്, റൈസ് വിനാഗിരി, എള്ളെണ്ണ, ഫിഷ് സോസ് തുടങ്ങിയവ ചേര്‍ക്കുന്നു. ശേഷം, അടപ്പിട്ട് കണ്ടെയ്നറിനുള്ളിലെ ചേരുവകള്‍ എല്ലാം കൂടി നന്നായി കുലുക്കി മിക്സ് ചെയ്യുന്നു. തുടര്‍ന്ന് ഒരു ചോപ്സ്റ്റിക്ക് ഉപയോഗിച്ച് കക്കിരിക്ക ഓരോന്നായി കഴിക്കുന്നു. കൂടെ കിംചിയും കഴിക്കുന്നത് കാണാം.
കുക്കുംമ്പര്‍ മാത്രമല്ല, ഇതില്‍ ഉപയോഗിക്കുന്ന മറ്റു ചേരുവകൾക്കായുള്ള ഓണ്‍ലൈന്‍ തിരയലിലും 200 ശതമാനം വർധനയുണ്ടായതായതായാണ് റിപ്പോര്‍ട്ട്.
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം, കൃഷി പൊതുവേ കുറവാണ് ഐസ്‌ലാന്‍റില്‍. വിദൂര വടക്കൻ അർദ്ധഗോളത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന ഈ ദ്വീപ് രാഷ്ട്രത്തിലെ പ്രധാന പച്ചക്കറി ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ജിയോതെർമൽ പവർ ഹരിതഗൃഹങ്ങളിലാണ് വളരുന്നത്. ഏകദേശം നാലു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള ഐസ്‌ലന്‍ഡിലെ കർഷകർ സാധാരണയായി പ്രതിവർഷം ഏകദേശം ആറ് ദശലക്ഷം കക്കിരിക്കയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വര്‍ഷത്തിലെ ഈ സമയത്ത് കക്കിരിക്കയ്ക്ക് പൊതുവേ ക്ഷാമം അനുഭവപ്പെടാറുണ്ട്. ഒപ്പം, ഈ റെസിപ്പി കൂടി വൈറലായതോടെ കുക്കുംമ്പര്‍ തീരെ കിട്ടാനില്ലാതായി.