തനിക്ക് വേണ്ടെന്ന് അമൃത! തായ്‌ലൻഡിലെ ആ വിഭവം കഴിച്ച് അഭിരാമി
Mail This Article
ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ് തായ്‌ലൻഡ്. ആഘോഷപൂര്‍ണമായ രാവുകളും മനംകുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗിയും കടലും കാറ്റും കഥപറയുന്ന മനോഹരബീച്ചുകളും തായ്‌ലൻഡിന്‍റെ മുഖമുദ്രകളാണ്. പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍ പോയി വരാം എന്നത് മറ്റൊരു കാര്യം.
തായ്‌ലൻഡിലെ രുചിവൈവിധ്യമാകട്ടെ, പറഞ്ഞാല്‍ തീരില്ല. പുഴുവും പാറ്റയും പാമ്പും പഴുതാരയുമെല്ലാം ഇവിടെ ഭക്ഷണമാണ്. ഇതൊക്കെ രുചിച്ചു നോക്കാന്‍ ധൈര്യപ്പെടുന്നവര്‍ വളരെ കുറച്ചേയുള്ളൂ. ഇപ്പോഴിതാ തായ് നാട്ടിലെ വിചിത്രഭക്ഷണങ്ങള്‍ രുചിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായികയും അഭിനേത്രിയും അവതാരകയുമെല്ലാമായ അഭിരാമി സുരേഷ്.
യാത്ര പോകാൻ ഏറെ ഇഷ്ടമാണ് അഭിരാമിയ്ക്ക്. സ്വന്തമായി റെസ്റ്റ്റന്റ് നടത്തുന്നതിന്റെ തിരക്കിന്റെ ഇടയിൽ കുറച്ച് നാളായി എവിടേയ്ക്കും പോകാൻ സമയം കിട്ടാറില്ലെന്നാണ് അഭിരാമിയുടെ പരാതി. വീണുകിട്ടിയ അവസരത്തിലാണ് എല്ലാവരും ഒത്തൊരുമിച്ച് തായ്‍ലൻഡ് ട്രിപ് പോയത്. അടിപൊളി യാത്രയായിരുന്നു.
ഈ മാസം പകുതിയോടെയാണ് അഭിരാമിയും അമ്മയും പിന്നെ ചേച്ചിയും ഗായികയുമായ അമൃത സുരേഷും മകളുമെല്ലാമടങ്ങുന്ന സംഘം തായ്‌ലൻഡില്‍ എത്തിയത്. തായ്‌ലൻഡിലെ പ്രശസ്തമായ ദൂരിയന്‍ എന്ന പഴം കുടുംബാംഗങ്ങളെല്ലാം കഴിക്കുന്ന വിഡിയോ ആണ് ആദ്യം. തായ്‌ലൻഡിൽ ഇതിന്‍റെ 300 ലധികം വെറൈറ്റികള്‍ ലഭ്യമാണ്.
ചക്ക പോലെ, പുറമേ നിറയെ മുള്ളുകള്‍ ഉള്ള ഈ പഴം ചില പ്രദേശങ്ങളിൽ "പഴങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു. ഇതിന് സാധാരണയായി 1 മുതൽ 3 കിലോഗ്രാം വരെ ഭാരം വരും. ഇതിന്‍റെ പ്രത്യേകഗന്ധമാണ് ഏറ്റവും പ്രധാനം. ചിലര്‍ക്കിത് ദുര്‍ഗന്ധമായി തോന്നുമ്പോള്‍ മറ്റു ചിലര്‍ ഈ ഗന്ധം ആസ്വദിച്ച് കഴിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ പാചകരീതികളിൽ പലതരം മധുര പലഹാരങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കടുത്ത ഗന്ധം കാരണം സിംഗപ്പൂരിലെ ചില ഹോട്ടലുകള്‍, സബ്‌വേകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ നിരോധിച്ച പഴമാണ് ഇത്.
പുല്‍ച്ചാടിയുടെ ഫ്രൈ ട്രൈ ചെയ്ത അനുഭവമാണ് മറ്റൊരു വിഡിയോയില്‍ അഭിരാമി കാണിക്കുന്നത്. അമൃതയും മകളും കഴിച്ചില്ലെങ്കിലും, അഭിരാമി അടക്കം സംഘത്തിലെ മറ്റെല്ലാവരും ഇത് കഴിച്ചു. തനിക്ക് ഇത് വളരെ ഇഷ്ടമായി എന്ന് അഭിരാമി പറയുന്നതും കേള്‍ക്കാം.
ഇതേക്കുറിച്ച് വിശദമായ ഒരു കുറിപ്പും അഭിരാമി എഴുതിയിട്ടുണ്ട്.
"ഒടുവിൽ ഞങ്ങൾ അത് ചെയ്തു. കുപ്രസിദ്ധമായ പുൽച്ചാടി ഫ്രൈ ഞങ്ങൾ പരീക്ഷിച്ചു. പിന്നെ ഞാൻ പറയട്ടെ, അതൊരു വല്ലാത്ത അനുഭവമായിരുന്നു." അഭിരാമി എഴുതി.
പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റിലെ ഒരു സ്റ്റാളിൽ നിന്നായിരുന്നു പരീക്ഷണം. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകള്‍ കാണുമ്പോള്‍, കുറെ കാലമായി ഇത്തരം ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. വറുത്ത മീനിനോട് സാമ്യമുള്ള പുൽച്ചാടി ഫ്രൈ ഇന്ത്യക്കാര്‍ക്ക് പൊതുവേ ഇഷ്ടമാണെന്ന് സ്റ്റാളിലെ ആള്‍ പറഞ്ഞതായി അഭിരാമി പറയുന്നു. തീർച്ചയായും ശ്രമിച്ചുനോക്കേണ്ടതാണ് ഈ വിഭവം എങ്കിലും താന്‍ വീണ്ടും ഇത് കഴിക്കുമോ എന്ന് ഉറപ്പില്ലെന്നും അഭിരാമി പറഞ്ഞു.