കുതിര്‍ത്ത ബദാം ആണോ അതോ വാല്‍നട്ട് ആണോ കൂടുതല്‍ നല്ലത്? ഇത് അറിയാതെ പോകരുത്!
Mail This Article
ഫിറ്റ്‌നെസ് പ്രേമികളുടെ പ്രിയപ്പെട്ട സ്നാക്സ് ആണ് ബദാമും വാല്‍നട്ടും. അധികം അധ്വാനിക്കാതെയും പാചകം ചെയ്യാതെയും ഇടനേരത്ത് കഴിക്കാവുന്ന ഒരു ഭക്ഷണം എന്ന് മാത്രമല്ല, അവശ്യപോഷകങ്ങളുടെ കലവറ കൂടിയാണ് ഇവ രണ്ടും. ഇവയില്‍ ഏതാണ് ഏറ്റവും മികച്ചത്?
കുതിര്‍ത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ബദാം പോലുള്ള നട്സ് കുതിര്‍ത്ത് വേണം കഴിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ദഹനം എളുപ്പമാകും. ഇങ്ങനെ ചെയ്യുന്നത്, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ബദാം കുതിർക്കുമ്പോൾ, ലിപേസ് പോലുള്ള എൻസൈമുകൾ പുറത്തുവിടുന്നു, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിരമായി കുതിര്‍ത്ത ബദാം കഴിക്കുന്നത്, രക്തത്തിലെ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ബദാം കഴിക്കുന്നത് ഗുണം ചെയ്യും.
കുതിർത്ത വാൽനട്ടിന്റെ ആരോഗ്യ ഗുണങ്ങൾ
വാൽനട്ടിൽ ബദാമില്‍ ഉള്ളതു പോലെ ഫൈറ്റിക് ആസിഡ് ഇല്ല. എന്നിരുന്നാലും ഇതും കുതിര്‍ത്തു കഴിക്കുന്നതാണ് നല്ലത്. കുതിര്‍ക്കുമ്പോള്‍ വാല്‍നട്ടിന്‍റെ കയ്പുരുചി കുറയും. കൂടാതെ, കുതിര്‍ക്കുന്നത് വാൽനട്ടിൻ്റെ ദഹനക്ഷമത മെച്ചപ്പെടുത്തും, ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കും.
ബദാം വിറ്റാമിൻ ഇ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ്, അതേസമയം വാൽനട്ടിൽ ഒമേഗ - 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. സ്മൂത്തികള്‍ക്ക് കുതിർത്ത ബദാമാണ് നല്ലതെങ്കിലും സാലഡുകളില്‍ ടോപ്പിങ് ആയി ചേര്‍ക്കാന്‍ മികച്ചത് വാല്‍നട്ടാണ്. ബദാമായാലും വാല്‍നട്ട് ആയാലും മിതമായ അളവില്‍ കഴിച്ചാല്‍ പ്രത്യേക ആരോഗ്യഗുണങ്ങള്‍ നല്‍കും. അതിനാല്‍ ഇവ രണ്ടും സന്തുലിതമായി കഴിക്കുന്നതാണ് ഉചിതം.
ബദാമിന്‍റെ തൊലി എളുപ്പത്തിൽ കളയാം
തിളപ്പിക്കുക
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ബദാം ഇടുക. ഒരു മിനിറ്റ് തിളപ്പിച്ച ശേഷം, ഉടന്‍ തന്നെ ബദാം ഐസ് വെള്ളത്തിലേക്ക് ഇടുക. ഇത് പുറത്തേക്കെടുത്ത് ഒന്നു ഞെക്കിയാല്‍ തൊലി ഇളകി വരും.
കുതിര്‍ക്കുക
തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് പല വീടുകളിലെയും ശീലമാണ്. രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്നു ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും. രാത്രിയില്‍ വെള്ളത്തില്‍ ഇടാന്‍ മറന്നുപോയാല്‍, രാവിലെ ഒരു അരമണിക്കൂറെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.
റോളിംഗ്
ബദാം ഒരു വൃത്തിയുള്ള ഒരു തുണിയില്‍ നിരത്തുക. ഇത് ഒരു റോള്‍ പോലെ ഉരുട്ടിയെടുക്കുക. ഇത് കിച്ചന്‍ ടേബിളില്‍ വച്ച് അമര്‍ത്തി ഉരുട്ടുക. ഘർഷണവും സമ്മർദ്ദവും മൂലം തൊലി ബദാമില്‍ നിന്ന് വേര്‍പെടും. ഇങ്ങനെ ചെയ്യുമ്പോള്‍ ബദാം പൊടിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മൈക്രോവേവ്
ഒരു മൈക്രോവേവ് സേഫ് പ്ലേറ്റിൽ നനഞ്ഞ പേപ്പർ ടവൽ വയ്ക്കുക. ഇതിനു മുകളിലായി ബദാം നിരത്തുക. മറ്റൊരു നനഞ്ഞ പേപ്പർ ടവൽ കൊണ്ട് മൂടുക. ഇത് ഒരു 10-15 സെക്കൻഡ് മൈക്രോവേവ് ചെയ്യുക.പേപ്പര്‍ ടവ്വലില്‍ നിന്നുള്ള ഈര്‍പ്പം, ബദാം തൊലിയിലേക്ക് ഇറങ്ങി, അവ മൃദുവാകുകയും, തൊലി അനായാസമായി നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്ന രുചികരമായ ബദാം പുട്ട് കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
ബദാം - 1 കപ്പ്
വറുത്ത അരിപ്പൊടി - 3/4 കപ്പ്
തേങ്ങ - 1/3 കപ്പ്
ഉപ്പ് - 1/3 ടീസ്പൂൺ
വെള്ളം - 1/3 കപ്പ്
തയാറാക്കുന്ന വിധം
ഒരു ഗ്രൈൻഡറിൽ ബദാം ഇട്ട് പൊടിച്ച് അരിച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന്ന് ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. നന്നായി മിക്സ് ചെയ്തതിന് ശേഷം, കുറേശ്ശേ വെള്ളം ഒഴിച്ച് കുഴയ്ക്കണം. കുറച്ച് തേങ്ങാ മാറ്റി വച്ചിട്ട് ബാക്കി മാവിലേക്ക് ഇട്ട് യോജിപ്പിക്കണം. പുട്ട് കുടത്തിൽ ആവശ്യത്തിന്ന് വെള്ളം ഒഴിച്ച് ആവി വരുന്നത് വരെ ചൂടാക്കാൻ വയ്ക്കണം. അതിന് ശേഷം പുട്ട് കുറ്റിയിൽ ചില്ല് ഇട്ട് കുറച്ച് തേങ്ങാ ഇടണം. പുട്ട്കുറ്റിയുടെ പകുതി വരെ മാവ് നിറച്ച് തേങ്ങാ ഇട്ട് കൊടുക്കണം. ബാക്കി മാവ് നിറച്ച് തേങ്ങാ ഇടണം. കുറ്റി അടച്ചിട്ട് 5 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം.