ഒരുപാട് മെലിയുന്നത് ഇഷ്ടമല്ല, തടി കൂടുകയും വേണ്ട, ഭക്ഷണത്തിൽ ഇങ്ങനെ ശ്രദ്ധിക്കണം; നിത്യാദാസ്
Mail This Article
മണ്ണിലും കാറ്റിലും മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. “ഒരു കോഴിക്കോടുകാരിയായതിൽ ഞാനേറ്റവും അഭിമാനം കൊള്ളുന്ന കാര്യം വൈവിധ്യമാർന്ന ഭക്ഷണസംസ്കാരമാണ്. ഒരു നാട് തന്നെ രുചിപ്പെരുമയുടേതാകുമ്പോൾ ആ നാട്ടുകാരി എന്നതിലും ഏറെ സന്തോഷമുണ്ടെന്നും മലയാളികളുടെ പ്രിയതാരം നിത്യാദാസ് പറയുന്നു. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും, അതിരുകളില്ലാത്ത ലോകം എന്നു തന്നെ വിശേഷിപ്പിക്കാം.
രുചിനിറച്ച വിഭവങ്ങളാണ് കോഴിക്കോടിനെ കൂടുതൽ മൊഞ്ചത്തിയാക്കുന്നത്. ഇന്നാട്ടിലെ വിഭവങ്ങളുടെ രുചിയറിഞ്ഞ ഭക്ഷണപ്രേമികളുടെ നാവിൽ വെള്ളമൂറും. ''എവിടെപ്പോയാലും ഏത് നാട്ടിലെ സ്പെഷ്യൽ ഫുഡ് കഴിച്ചെന്നുപറഞ്ഞാലും എനിക്കെന്നും ഇഷ്ടം എന്റെ നാടിന്റെ രുചികൾ തന്നെയാണ്. ബിരിയാണിയാണ് എന്റെ ഫേവറേറ്റ്. അന്നും ഇന്നും എന്നും. കോഴിക്കോടിനെ കുറിച്ച് പറയുമ്പോൾ വാചാലയാകും താരം. ഇഷ്ടപ്പെട്ട ഭക്ഷണത്തക്കുറിച്ചും നാടിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുകയാണ് നിത്യാദാസ്.
ഈ പറക്കുംതളിക എന്ന ഒരേയൊരു ചിത്രം മതി നിത്യദാസ് എന്ന താരത്തെ ഓർത്തെടുക്കാൻ. മലയാളത്തിന്റെ മകൾ പഞ്ചാബിന്റെ മരുമകൾ ആയപ്പോഴും കൈവിടാതെ കാത്തുപാലിച്ചുപോരുന്നതും താരത്തിന്റെ ശാലീനസൗന്ദര്യവും നാടിന്റെ രുചിയിഷ്ടങ്ങളുമാണ്. സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഒരുനേരം നമ്മുടെ ഭക്ഷണം കഴിക്കണം
നിത്യ പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. കോഴിക്കോടുകാരിയായ നിത്യ കശ്മീരുകാരനെ വിവാഹം കഴിച്ചപ്പോൾ സ്വാഭാവികമായും ജീവിതത്തിൽ പല കാര്യങ്ങളും മാറിമറിഞ്ഞു. അതില്‍ പ്രധാനം തന്റെ നാടിന്റെ രുചി തന്നെയായിരുന്നുവെന്ന് നിത്യ പറയുന്നു. വിവാഹത്തോടെ സിനിമ പൂർണമായും വിട്ട് നിത്യ കുടുംബത്തിനൊപ്പം ചേർന്നു. “ദിവസവും നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ നമ്മുടെ രുചികളെ മിസ് ചെയ്യുന്നതുകൊണ്ടോ ഒന്നുമല്ല, പക്ഷേ എനിക്കേറ്റവും ഇഷ്ടം നമ്മുടെ നാടൻ വിഭവങ്ങൾ തന്നെയാണ്. വീട്ടിൽ ഏറ്റവും കൂടുതൽ പാകം ചെയ്യുന്നത് നോർത്ത് ഇന്ത്യൻ ഫുഡ് തന്നെയാണെങ്കിലും ഒരു നേരമെങ്കിലും ഞാൻ കേരള വിഭവങ്ങൾ ഉണ്ടാക്കുമെന്നും നിത്യ പറയുന്നു.
കുട്ടികൾ ഈ ഭക്ഷണരീതികളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നും ദാലും സബ്ജിയും ചപ്പാത്തിയും പൊറോട്ടയുമൊക്കെയാണ്. എന്നിരുന്നാലും രാവിലെ ബ്രേക്ക് ഫാസ്റ്റിന് പുട്ടും അപ്പവും ഇടിയപ്പവുമെല്ലാം ഞാൻ ഉൾപ്പെടുത്താറുണ്ട്. എങ്കിലും നമ്മുടെ ഒരു പ്രധാന ഭക്ഷണമെന്ന് പറയുന്നത് ഉച്ചയ്ക്ക് കഴിയ്ക്കുന്നതാണല്ലോ. അത് മിക്കവാറും നോർത്തിന്ത്യൻ വിഭവങ്ങളാണ് പാകം ചെയ്യാറ്.
പ്രണയമാണ് ആ നാടിനോട്
സ്വന്തം നാടായ കോഴിക്കോടിനോട് നിത്യയ്ക്ക് വല്ലാത്തൊരു അടുപ്പമാണ്. കുടുംബം കോഴിക്കോടാണ് താമസം. വിവാഹശേഷം ഭർത്താവിന്റെ നാട്ടിലെകാര്യങ്ങളും മറ്റുമായി പൊരുത്തപ്പെടാൻ തയാറായിയെങ്കിലും സ്വന്തം നാടായ കോഴിക്കോട് വിട്ടുപോരാൻ തന്നോട് ആവശ്യപ്പെടരുതെന്നാണ് താൻ അവരോട് പറഞ്ഞതെന്ന് നിത്യ ദാസ് പറയുന്നു.
സിനിമയിൽ വന്ന കാലത്ത് പലരും കൊച്ചിയിൽ സെറ്റിലായാൽ അവസരം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ അന്നും ഇന്നും തനിക്ക് കോഴിക്കോട് വിട്ട് പോരാൻ കഴിയില്ലെന്നാണ് നിത്യ പറയുന്നത്. നാടിനോടുള്ള സ്നേഹം മാത്രമല്ല, അത് ആ നാടിന്റെ രുചിപ്പെരുമകൊണ്ടുകൂടിയാണെന്നാണ് താരത്തിന്റെ അഭിപ്രായം.
ബിരിയാണിയോളം മറ്റൊന്നുമില്ല
കോഴിക്കോടുകാരിയായതിനാലാകാം തനിക്കേറ്റവും ഇഷ്ടം ബിരിയാണിയാണെന്ന് നിത്യ ദാസ്. ചിക്കന്, ബീഫ് അങ്ങനെ ഒന്നും കഴിക്കില്ല. സീഫുഡ് മാത്രമേ നിത്യ കഴിക്കൂ. അതുകൊണ്ട് ചെമ്മീൻ ബിരിയാണി, കടുക്ക ബിരിയാണി എല്ലാം താരത്തിന്റെ ഫേവറേറ്റാണ്. നിത്യ സ്വന്തമായി ഉണ്ടാക്കുന്ന ചെമ്മീൻ ബിരിയാണിയാണ് ഏറെ ഇഷ്ടം. അത്യാവശ്യം നന്നായിട്ടുതന്നെ ഞാൻ ബിരിയാണി ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായവും. പിന്നെ പാചക പരിക്ഷണങ്ങൾക്കൊന്നും അങ്ങനെ നിൽക്കാറില്ല. ഇന്ന് എന്നേക്കാൾ കൂടുതൽ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തുന്നത് മകൾ നൈനയാണ്. അവളുണ്ടാക്കുന്ന പാസ്തയും മറ്റുമൊക്കെ നല്ല രുചിയേറിയതാണ്.
ഞാൻ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കുട്ടികൾക്ക് ഇഷ്ടമാണ്. ഇന്ന് ആളുകൾ കൂടുതൽ ഹെൽത്ത് കോൺഷ്യസ് ആണ്. ഭക്ഷണം ശരിക്കും ശ്രദ്ധിക്കാറുണ്ട്.ഇന്ന് ജിമ്മിലും യോഗ ചെയ്യുന്നതിലുമെല്ലാം ആളുകൾ കൂടുതൽ സമയം കണ്ടെത്തുന്നുണ്ട്, ഭക്ഷണക്രമീകരണങ്ങളും അങ്ങനെ തന്നെയാണ്. തടിവയ്ക്കാതെ ഫിറ്റായിരിക്കുക എന്നതാണല്ലോ ലക്ഷ്യം. എന്റെ അമ്മയ്ക്ക് ഞാൻ മെലിയുന്നത് ഇഷ്ടമല്ല. അപ്പോൾ വഴക്കുപറയാൻ തുടങ്ങും. ഭർത്താവിന് മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം. അങ്ങനെ വളരെ ബാലൻസ്ഡ് ആയൊരു ഭക്ഷണക്രമത്തിലാണ് ഞാൻ എന്നുപറയാം.
എന്തുകഴിച്ചാലും അത് ആരോഗ്യത്തോടെ കഴിക്കണെന്നാണ് എന്റെ അഭിപ്രായം. ഇഷ്ടമുള്ള ഭക്ഷണമാണെങ്കിൽപ്പോലും അളവിൽകവിഞ്ഞ് കഴിയ്ക്കരുത്. എനിക്ക്എന്റേതായ ഒരു ഭക്ഷണ രീതിയുണ്ട്. അതനുസരിച്ച് മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. എല്ലാവർക്കും അങ്ങനെ സ്വന്തമായൊരു ഭക്ഷണരീതിവേണം. അതിനിടെ ചീറ്റ് ഡേയ്സുമൊക്കെ എടുക്കണം. നിത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്മീൻ ബിരിയാണിയുടെ റെസിപ്പി അറിയാം.
ചെമ്മിൻ ബിരിയാണി റെസിപ്പി
ചേരുവകൾ
ചെമ്മീന്‍ 500 ഗ്രാം
ബസുമതി അരി(ബിരിയാണി അരി) 3 കപ്പ്
നെയ്യ് 5 ടീസ്പൂണ്‍
സവാള 1 വലുത്
തക്കാളി 1 വലുത്
പച്ചമുളക് അഞ്ചെണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 4അല്ലി
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ് 10എണ്ണം
തേങ്ങാപ്പാല്‍ 1 കപ്പ്
മല്ലിയില ആവശ്യത്തിന്
പുതിനയില ആവശ്യത്തിന്
വെള്ളം 5 കപ്പ്
ഏലയ്ക്ക 2എണ്ണം
കറുവപ്പട്ട രണ്ടു കഷണം
ഗ്രാമ്പൂ 3 എണ്ണം
തയാറാക്കുന്ന വിധം
ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് വൃത്തിയായി കഴുകി വെള്ളം തോരാൻ വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം പോകാന്‍ വയ്ക്കണം. ചെമ്മീന്‍ അൽപം മുളക് പൊടിയും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവാകുന്നത് വരെ വറുക്കാം.
ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക. ഇതിലേക്ക് ഏലയ്ക്ക , ഗ്രാമ്പൂ, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ശേഷം അരിഞ്ഞുവച്ച സവാളയിട്ട് വീണ്ടും നന്നായി ഇളക്കിക്കൊടുക്കുക.
സവാള നന്നായി വഴന്നു ബ്രൗണ്‍ നിറമായാല്‍ അതിലേക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി വഴന്നുകഴിഞ്ഞാല്‍ വറുത്തു വച്ച ചെമ്മീനും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കാം.
പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് രണ്ട് വിസിലുവരെ വേവിക്കാം. ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പാം. രുചിയൂറും ചെമ്മീൻ ബിരിയാണി റെഡി.