കേടായ പാല് കളയരുതേ, വീണ്ടും ഉപയോഗിക്കാം ഇങ്ങനെ!
Mail This Article
ചായ വയ്ക്കാനായി തിളപ്പിക്കാൻ തുടങ്ങുമ്പോഴായിരിക്കും പാല് കേടായി എന്ന സത്യം പലരും തിരിച്ചറിയുന്നത്. നേരെ അതെടുത്തു സിങ്കിലേക്ക് തട്ടും. പിന്നെ കേടായ പാലുകൊണ്ട് എന്ത് ചെയ്യാനാണ് എന്നല്ലേ നിങ്ങൾ ചോദിക്കാൻ പോകുന്നത്! എങ്കിൽ കേടായ പാൽ ഇനി കളയരുത്. പല വഴികളുണ്ട് അത് വീണ്ടും ഉപയോഗിക്കാൻ.
കട്ട തൈര് ഉണ്ടാക്കാം
കേടായ പാലിൽ നിന്നും നല്ല ഒന്നാന്തരം കട്ട തൈര് ഉണ്ടാക്കിയെടുക്കാം എന്ന് നിങ്ങൾക്ക് അറിയാമോ. ശരിക്കും പറഞ്ഞാൽ ഈ പാലു കേടായി തന്നെയാണല്ലോ തൈര് ആയി മാറുന്നത്.അപ്പോൾ പിന്നെ കേടായ പാൽ ഉപയോഗിച്ച് എന്തുകൊണ്ട് നമുക്ക് തൈര് ഉണ്ടാക്കിക്കൂടാ. അതിനായി കേടായ പാലിൽ നിന്നും വെള്ളം നീക്കം ചെയ്ത് ഒരു പാത്രത്തിൽ എടുത്ത് ഫ്രിജിൽ വയ്ക്കണം. പിറ്റേദിവസം ആ പാൽ എടുത്ത് മിക്സിയിലിട്ട് നല്ലതുപോലെ അടിച്ചെടുത്തതിനുശേഷം അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ഒഴിക്കുക. ഒരു ദിവസം പുറത്തു വച്ചതിനുശേഷം പിറ്റേന്ന് എടുത്തു നോക്കൂ.. നല്ല കട്ട തൈര് റെഡി.
ബട്ടർമിൽക്ക്
കടയിൽ പോയി വാങ്ങുമ്പോൾ ബട്ടർ മിൽക്ക് എന്ന് പറയുന്നതിന് നല്ല വില വരും. എന്നാൽ ഒരു ചെലവുമില്ലാതെ ഈ പറഞ്ഞ കേടായ പാലുകൊണ്ട് ബട്ടർ മിൽക്ക് തയാറാക്കാം. പാലിനെ സ്വാഭാവിക രീതിയിൽ പുളിപ്പിക്കുന്നത് തന്നെയാണ് ശരിക്കും പറഞ്ഞാൽ ബട്ടർമിൽക്ക്. കേടായ പാൽ എടുത്ത് ഫ്രിജിൽ സൂക്ഷിച്ചു വയ്ക്കുക. ബട്ടർമിൽക്ക് ഉപയോഗിച്ച് തയാറാക്കാവുന്ന റെസിപ്പികൾ വരുമ്പോൾ ഈ പാലിൽ നിന്നും കുറേശ്ശെ എടുത്ത് ഉപയോഗിച്ചാൽ മതി.
പനീർ
പനീർ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത്? പാല് തിളപ്പിക്കുന്നു തിളച്ചു പൊങ്ങുന്ന പാലിലേക്ക് നാരങ്ങയോ വിനാഗിരിയോ ഒഴിച്ച് ആ പാലിനെ പിരിയിച്ചെടുക്കുന്നു. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് കട്ട പിടിപ്പിച്ചെടുക്കുന്ന വസ്തു ആണല്ലോ സത്യത്തിൽ പനീർ. അപ്പോൾ പിന്നെ കേടായ പാലുകൊണ്ട് പനീർ ഉണ്ടാക്കാൻ വല്ല പ്രയാസവുമുണ്ടോ. അപ്പോൾ ഇനി പാൽ പിരിഞ്ഞു പോയി എന്നു കരുതി സങ്കടപ്പെടേണ്ട, അത് ഉപയോഗിച്ച് നല്ല പനീർ ഉണ്ടാക്കി പനീർ ബട്ടർ മസാല അടക്കമുള്ള കറികൾ തയ്യാറാക്കു.
മാരിനേറ്റ് ചെയ്യാം
ചിക്കനും മറ്റും മാരിനേറ്റ് ചെയ്യാൻ നമ്മൾ സാധാരണ തൈര് ഉപയോഗിക്കാറുണ്ടല്ലോ. ഇനി കേടായ പാൽ വീട്ടിൽ ഉണ്ടെങ്കിൽ അത് കളയാതെ ഇതുപോലെ മാംസം മാരിനേറ്റ് ചെയ്യാൻ ഉപയോഗിക്കാം.
സാലഡ് ഡ്രെസ്സിങ്ങുകൾ
നിങ്ങൾ ക്രീം സാലഡ് ഡ്രെസ്സിങ്ങുകളുടെ ആരാധകരാണെങ്കിൽ, ഇനി സാലഡ് ഉണ്ടാക്കുമ്പോൾ കേടായ പാൽ കൂടി ചേർത്തു നോക്കൂ. ഈ ക്രീം എന്നു പറയുന്നതും സത്യത്തിൽ പാലിന് പുളിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്നതാണ്. രുചി കൂട്ടാനായി ഇതിലേക്ക് ഒരു സ്പൂൺ തേനും കൂടി ചേർത്ത് കഴിക്കാം.