'മഞ്ഞപ്പൊടി'യല്ല, അസ്സല് മഞ്ഞള്‍പ്പൊടി ഇങ്ങനെയാണ്; മായം കലര്‍ന്നത് ഇങ്ങനെ തിരിച്ചറിയാം
Mail This Article
കറികളില്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മഞ്ഞള്‍. ഇതിന്‍റെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിനു കഴിവുണ്ട്.
ഇന്ന് കടകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്നത് മഞ്ഞള്‍ അല്ല, വെറും 'മഞ്ഞ' പൊടി മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ പൊടിയുടെ നിറവും മണവും രുചിയും അളവും കൂട്ടാന്‍, കൃത്രിമ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ജനപ്രിയ ബ്രാന്‍ഡുകളില്‍ പോലും മായം കലര്‍ന്നതായി വാര്‍ത്തകള്‍ വരാറുണ്ട്. ഇതിനുള്ള പരിഹാരം, സ്വന്തമായി മഞ്ഞള്‍ ഉണ്ടാക്കിയെടുക്കുകയോ അല്ലെങ്കില്‍ പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുകയോ ചെയ്യുക എന്നതാണ്. പച്ച മഞ്ഞള്‍ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചെടുക്കാം.
കേരളത്തിലെ കാലാവസ്ഥയില്‍ മഞ്ഞള്‍ കൃഷി ചെയ്യാന്‍ വളരെ എളുപ്പമാണ്. പറമ്പിലെ ചെറിയ സ്ഥലത്ത് നട്ടാല്‍ പോലും ഒരു വര്‍ഷത്തേക്കുള്ള മഞ്ഞള്‍ വിളവെടുക്കാം. അല്ലാത്തവര്‍ക്ക് പാക്കറ്റുകളിലും മഞ്ഞള്‍ വളര്‍ത്താം.
മഞ്ഞള്‍പ്പൊടി എങ്ങനെ സൂക്ഷിക്കാം
പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മഞ്ഞള്‍പ്പൊടി കട്ട പിടിച്ചു പോകുന്നു എന്നുള്ളത്. ഇത് തടയാന്‍ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ വേണം പൊടി സൂക്ഷിക്കാന്‍. എപ്പോഴും മുറുക്കി അടച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക.
മഞ്ഞള്‍പ്പൊടി മിക്ക രോഗാണുക്കളെയും കീടങ്ങളെയും കൊല്ലുമെങ്കിലും, ചില സമയങ്ങളില്‍ മഞ്ഞള്‍പ്പൊടിയുടെ ഉള്ളില്‍ പ്രാണികള്‍ ഉണ്ടാകുന്നതായി കാണാറുണ്ട്. ഇത് തടയാന്‍ പാത്രത്തിനുള്ളില്‍ ബേ ലീഫ് ഇട്ടുവയ്ക്കാം.
മായം കലര്‍ന്ന മഞ്ഞള്‍പ്പൊടി തിരിച്ചറിയാം
മഞ്ഞള്‍പ്പൊടിയില്‍ പലപ്പോഴും കൃത്രിമ നിറങ്ങൾ, മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, ചോക്ക് പൊടി, കാട്ടു മഞ്ഞൾ മുതലായവയാണ് മായമായി ചേര്‍ക്കുന്നത്. വീട്ടില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ മായം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ വിവിധ തരം ടെസ്റ്റുകള്‍ ഉണ്ട്.
1. ലെഡ് ക്രോമേറ്റ് ടെസ്റ്റ്
മഞ്ഞൾപ്പൊടിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ, ഒരു ടീസ്പൂൺ പൊടി എടുത്ത് വെള്ളത്തിൽ കലർത്തുക. പൊടി അടിയിൽ ഊറിക്കൂടുകയും വെള്ളം ഇളം മഞ്ഞയായി മാറുകയും ചെയ്താൽ, മായമില്ലാത്തതാണെന്ന് മനസ്സിലാക്കാം. അതേസമയം, മായം കലർന്ന മഞ്ഞള്‍ പൊടി വെള്ളത്തിൽ ഇട്ടാൽ കടും മഞ്ഞനിറമാകും.
2. മെറ്റാനിൽ ടെസ്റ്റ്
മഞ്ഞളിന്‍റെ നിറം കൂട്ടാന്‍ മെറ്റാനിൽ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ. ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക, ഇതിലേക്ക് നേര്‍പ്പിക്കാത്ത ഹൈഡ്രോക്ലോറിക് ആസിഡ് കുറച്ച് തുള്ളി ചേർക്കുക. നന്നായി കുലുക്കുക. ലായനി പിങ്ക് നിറമാകുകയാണെങ്കിൽ, മെറ്റാനിലിൻ്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് ഭക്ഷ്യവിഷബാധ, വയറുവേദന, ഓക്കാനം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും
3. അന്നജ പരിശോധന
ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടി വെള്ളത്തിൽ തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് തുള്ളി അയഡിൻ ലായനി ചേർക്കുക. ലായനി നീലയായി മാറുകയാണെങ്കിൽ, അത് അന്നജത്തിൻ്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു
ജലദോഷവും ചുമയും മാറ്റാൻ സ്വർണ പാൽ
മഞ്ഞളും പാലും ഒരുമിച്ചു ചേര്‍ത്ത് 'ഗോള്‍ഡന്‍ മില്‍ക്ക്' എന്ന പാനീയം ഉണ്ടാക്കാറുണ്ട്. ഇത് ജലദോഷം, ചുമ എന്നിവയ്ക്കുള്ള ആയുര്‍വേദ പ്രതിവിധിയായി കണക്കാക്കുന്നു. ഫുള്‍ ഫാറ്റ് പാല്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ചെറു ചൂടുള്ള പാലില്‍, അല്‍പ്പം മഞ്ഞളും കുരുമുളകും ചേര്‍ക്കുന്നു. ഇത് സാധാരണയായി ഉറങ്ങുന്നതിനു അല്‍പ്പം മുന്‍പ് കുടിക്കുന്നു. ചിലപ്പോള്‍, ഇഞ്ചി, കറുവപ്പട്ട പൊടി മുതലായ സുഗന്ധവ്യഞ്ജനങ്ങളും ഇതില്‍ ചേര്‍ക്കുന്നു.