ADVERTISEMENT

നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇതിലുള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

അതിന്റെ പ്രധാന കാരണം വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയുടെ മികച്ച ഉറവിടമാണിത് എന്നതുകൊണ്ട് തന്നെ. നല്ല കാഴ്ച, അസ്ഥികളുടെ ബലം, പ്രതിരോധശേഷി എന്നിവ നിലനിർത്തുന്നതിൽ നിർണായക പങ്കാണ് നെയ്യ് വഹിക്കുന്നത്. അതുപോലെ നെയ്യിൽ ബ്യൂട്ടറേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പാളിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നെയ് കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. 

വണ്ണം കുറയ്ക്കാൻ നെയ് ബെസ്റ്റാണ്

നെയ് പോലെയുള്ള കൊഴുപ്പ് കൂടിയ പദാർത്ഥങ്ങൾ കഴിച്ചാൽ ശരീരഭാരം കൂടുമെന്ന പൊതുവായ തെറ്റിദ്ധാരണയ്ക്ക് വിരുദ്ധമായി,നല്ല നാടൻ പശുവിൻ നെയ്യ് യഥാർഥത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും നെയ്ക്ക് നല്ല പങ്കുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ഗുണം ചെയ്യും. 

ചർമത്തിന്റെ ആരോഗ്യം

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല നിങ്ങളുടെ ചർമത്തിൽ അദ്ഭുതങ്ങൾ പ്രവർത്തിപ്പിക്കാനും ഇതിന് കഴിയും. ആൻ്റിഓക്‌സിഡൻ്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമായ, പശുവിന്റെ നെയ്യ് ചർമത്തിലെ ഈർപ്പവും സോഫ്റ്റ്നസും നിലനിർത്താൻ സഹായിക്കുന്നു. ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി 

കഴിവ് പൊള്ളൽ പോലെയുള്ള പ്രശ്നങ്ങളെ നേരിടാനും സഹായകരമാണ്. 

രോഗപ്രതിരോധ ശേഷി

നെയ്യ്ക്ക് രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.ശുദ്ധമായ പശുവിൻ നെയ്യ് പതിവായി കഴിക്കുന്നതിലൂടെ ശക്തമായ രോഗപ്രതിരോധശേഷി കൈവരിക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.അണുബാധ പോലെയുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും ഒരു പരിധിവരെ നെയ്യ്  ഉപയോഗം നല്ലതാണ്. 

തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു 

നെയ്യ് ശരീരത്തിന് മാത്രമല്ല,  തലച്ചോറിനും ഗുണകരമാണ്. നെയ്യിലെ ഒമേഗ-3, ഒമേഗ-9 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഓർമ്മശക്തി കൂട്ടാൻ നെയ്യ് ചേർത്തുള്ള ആഹാരങ്ങൾ കഴിക്കാം. അതുകൊണ്ടാണ് ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് അവരുടെ ആഹാരത്തിൽ പതിവായി നെയ്യ് ചേർത്തു നൽകുന്നത്. അവരുടെ ശരീരത്തിനും തലച്ചോറിനും നല്ല വളർച്ചയും ശേഷിയും ലഭിക്കാനാണ് ഇത് നൽകുന്നത്.  

പത്തു മിനിറ്റില്‍ നെയ്യ് വീട്ടില്‍ ഉണ്ടാക്കാം

വീട്ടില്‍ പാല്‍ വാങ്ങുന്നവര്‍ക്ക് നെയ്യ് കടയില്‍ നിന്നു വാങ്ങേണ്ട ആവശ്യമില്ല. വെറും പത്തു മിനിറ്റില്‍ നെയ്യ് വീട്ടില്‍ ഉണ്ടാക്കി എടുക്കാം, അതും പ്രെഷര്‍ കുക്കറില്‍! ഷിപ്ര കേസര്‍വാനി എന്ന വീട്ടമ്മ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ടുകഴിഞ്ഞു. ദിവസവും കിട്ടുന്ന പാല്‍പ്പാട എടുത്തുവയ്ക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഈ ക്രീം ഒരു പാത്രത്തിലാക്കി ദിവസവും ഫ്രിഡ്ജില്‍ എടുത്തു വയ്ക്കാം. ഇത് ഒരു കുക്കറിലേക്ക് മാറ്റുന്നു. കുറച്ചു വെള്ളമൊഴിച്ച് കുക്കര്‍ അടുപ്പത്ത് വയ്ക്കുന്നു. ഒരു വിസില്‍ വരുമ്പോള്‍ ഇത് അടുപ്പത്ത് നിന്നും മാറ്റാം. ആവി പോയ ശേഷം, കുറച്ചു ബേക്കിംഗ് സോഡ ഇതിലേക്ക് ഇടുന്നു. ഇത് അടുപ്പില്‍ വച്ച ശേഷം നന്നായി ഇളക്കുന്നു. അപ്പോള്‍ നെയ്യ് വേര്‍തിരിഞ്ഞു വരുന്നത് കാണാം. ഒടുവില്‍ ഈ നെയ്യ് ഒരു അരിപ്പയില്‍ വച്ച് നന്നായി അരിച്ചെടുക്കുന്നതും കാണാം.

English Summary:

Daily Ghee Weight Loss Immunity Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com